വെള്ളത്തിന്റെ കാര്യം പറഞ്ഞു പറഞ്ഞ് അതെല്ലാം വെള്ളത്തിലായപോലുണ്ട്. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് എസിയാണ്. പണ്ട് ആഡംബരമായി വലിയ വീടുകളിലും ഹാളുകളിലും തിയറ്ററുകളിലും മാത്രം കണ്ടുവന്നിരുന്ന എസി ഇപ്പോള്‍ ചെറുവീടുകളിലെ മുഴുവന്‍ മുറികളില്‍പ്പോലും തണുപ്പിന് സ്ഥാപിക്കുകയാണ്.
പണ്ട് കൊച്ചിയിലെ പല പ്രദേശങ്ങളിലും വെള്ളം വരാത്ത പൈപ്പിനു ചുവട്ടില്‍ കണ്ണെത്താതെ നീണ്ട കുടം നിരകള്‍ക്കരികില്‍ പകലന്തിയോളം കാത്തുനിന്നും വഴക്കടിച്ചും കുടിവെള്ളത്തിനു നോമ്പുനോറ്റിരുന്ന പെണ്ണുങ്ങളും രാത്രിയില്‍ കിലോ മീറ്ററുകളോളം വെള്ളത്തിനായി സഞ്ചരിച്ച ആണുങ്ങളും കണ്ണുകെടുന്ന കാഴ്ചയായിരുന്നു. അതു പക്ഷേ വെള്ളത്തിന്റെ അഭാവമായിരുന്നില്ല, ജലവിതരണത്തിലെ അപാകതകളായിരുന്നു. കുടിവെള്ളം തന്നെ ഇല്ലാത്ത അവസ്ഥയാണിന്ന്.
കുടിവെളളത്തിന് നെട്ടോട്ടമോടുമ്പോഴും ജലസ്രോതസുകള്‍ എങ്ങനെയെങ്കിലും വറ്റിക്കുന്ന മത്സരത്തിലാണ് ഇപ്പഴും നാം. ഇന്നുമാത്രം ജീവിച്ചാല്‍ മതിയെന്നും അതുനമ്മള്മാത്രം മതിയെന്നുമുള്ള വല്ലാത്ത സ്വാര്ഥതയിലാണു ഓരോരുത്തരും.. നാളയേയും വരും തലമുറയേയും നാം എന്നേ മറന്നു കഴിഞ്ഞു. ഒരുതുള്ളി വെള്ളം പലതായി വെട്ടിമുറിച്ച് അമ്മ കുഞ്ഞുമക്കള്‍ക്കു കൊടുക്കുന്ന കാര്‍ട്ടൂണ്‍ കഴിഞ്ഞ ദിവസം ഒരുപത്രത്തില്‍ കണ്ടത് നെഞ്ചിടിപ്പുണ്ടാക്കി.ഇതിലും വലുതായി വെള്ളത്തിന്റെ വില എങ്ങനെ പറയും.
വറ്റി വരണ്ട, മലിനമായ കുളങ്ങള്‍ പുനരുജീവിപ്പിക്കുന്ന പരിപാടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സത്വരമായി നടക്കുകയാണ്. പണ്ട് ഒന്നോ അതിലധികമോ കുളങ്ങളുണ്ടായിരുന്നു എല്ലാ പറമ്പിലും. കുടിവെള്ളം തന്നെ കുളംവെള്ളം തന്നെയായിരുന്നു. കുളത്തിന്റെ പ്രയോജനം തന്നെയായിരുന്നു കിണറുകള്‍ക്കും. തിന്നുന്നതിനും കുടിക്കുന്നതിനും പകരം സംവിധാനം ആധുനിക യുഗത്തിലും മനുഷ്യന് കണ്ടെത്തിയില്ലെങ്കിലും സ്ഥലം അപഹരിക്കുന്നുവെന്ന അര്‍ഥത്തില്‍ തന്നെ കുളങ്ങളും കിണറുകളും മണ്ണിട്ടു മൂടി വീടും കെട്ടിടവും വെക്കുകയാണു നമ്മള്. മരംവെട്ടിയും പച്ചപ്പു നശിപ്പിച്ചും എസി വാങ്ങുന്നു. പക്ഷേ വെള്ളമെവിടെ. വെള്ളം വെള്ളം സര്‍വത്രവെള്ളം…ഒരു തുള്ളി കുടിക്കാനില്ലത്രെ, എന്നായി ഇന്നവസ്ഥ. ജീവജലമാണ് വെള്ളം. ജലത്തില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. ഒടുക്കവും അതുകൊണ്ടു തന്നെയാവാം. എന്നിട്ടും കുടിവെള്ളം കിട്ടാക്കനിയായാലോ.
നാല്‍പ്പത്തിനാലു നദികള്‍ എന്നൊക്കെയുള്ള വമ്പു പറച്ചിലുകള്‍ പണ്ടേ കാറ്റെടുത്തുപോയി. വറ്റിയ നദികളുടെ മടിത്തട്ടില്‍ ക്രിക്കറ്റും ഫുട്ബോളും കളിക്കുകയാണ് പുതുതലമുറ. മഴവെള്ള സംഭരണിയും മഴക്കുഴികളുമൊക്കെ വെറും പേരുപറയുന്ന ആഡംബരങ്ങള്‍ മാത്രമായി തീരുകയാണ്. അതിനിടയിലാണ് വന്‍കിട ജലചൂഷണങ്ങള്‍. ചെറിയവരും വലിയവരും ഇക്കാര്യത്തില്‍ ഒന്നു തന്നെ. മറ്റുള്ളവര്‍ക്കു ഓരോന്നു സംഭവിക്കുമ്പോഴും അതുനമുക്കല്ലല്ലോയെന്ന് ആശ്വസിക്കുകയാണു നമ്മള്. അഴിമതിയും കെടുകാര്യസ്ഥതയും മെല്ലേപ്പോക്കും വിവാദങ്ങളുമൊക്കെ മാറ്റിവെച്ച് നാട്ടുകാരുടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനെങ്കിലും എന്നാണാവോ അധികാരികള്‍ക്കു മനസുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: