ന്യൂദല്‍ഹി: സെല്‍ഫ്-ഡ്രൈവിംഗ് കാറുകളോട് ഏറെ താല്പര്യം ഇന്ത്യക്കാര്‍ക്കെന്ന് ഐബിഎം സര്‍വ്വേ. ‘ഓട്ടോ 2025’ എന്ന് പേരിട്ട സര്‍വ്വേ പതിനാറ് രാജ്യങ്ങളിലാണ് നടത്തിയത്. സെല്‍ഫ്-ഡ്രൈവിംഗ്, സെല്‍ഫ്-ഹീലിംഗ്, സെല്‍ഫ്-കോണ്ഫിഗറിംഗ്, സെല്‍ഫ്-ഇന്റഗ്രേറ്റിംഗ് തുടങ്ങിയ ഓട്ടോമേറ്റഡ് കാര്‍ ഫംഗ്ഷനുകളില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ വലിയ താല്‍പ്പര്യമുള്ളവരാണെന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 74 ശതമാനം ഇന്ത്യക്കാരും സെല്‍ഫ്-ഡ്രൈവിംഗ് കാറുകളാണ് ഇഷ്ടപ്പെടുന്നത്. സെല്‍ഫ്-ഇന്റഗ്രേറ്റിംഗ് 69 ശതമാനം പേരെയും ആകര്‍ഷിക്കുന്നു.
വിവിധ രാജ്യങ്ങളിലുള്ളവര്‍ സെല്‍ഫ്-ഹീലിംഗിനാണ് മുന്‍ഗണന നല്കിയതെങ്കില് ഏഷ്യന്‍ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സെല്‍ഫ്-ഡ്രൈവിംഗാണ് ഏറ്റവും പ്രധാനം. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചറിയുന്നതില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് ഐബിഎം ഗ്ലോബല്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ലീഡര്‍ വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് പാര്‍ട്ണറുമായ അലക്സാണ്ടര്‍ ഷായെറ്റ് പറഞ്ഞു. 97 ശതമാനം പേരും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
ഇന്ത്യയിലെ പത്ത് ശതമാനം ജനങ്ങള്‍, വളരെ വലിയ സംഖ്യ, പുതിയ മോഡലുകളോടും നൂതന ഗതാഗത സംവിധാനങ്ങളോടും തുറന്ന സമീപനമുള്ളവരാണ്. ഇത് വാഹന നിര്‍മ്മാതാക്കള്‍ക്ക് ഗുണകരമാണ്. വാഹന ലോകത്തെ വമ്പിച്ച മാറ്റങ്ങളിലൊന്നാണ് സെല്‍ഫ്-ഡ്രൈവിംഗ് കാറുകളെങ്കിലും സാര്‍വ്വത്രിക പ്രതിഭാസമാകുന്നതിന് സമയമെടുക്കുമെന്ന് അലക്സാണ്ടര്‍ ഷായെറ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: