ചിറ്റൂര്‍: നാട്ടുകാരന് കല്ലെറിഞ്ഞു വീഴ്ത്തി അവശ നിലയിലായ പരുന്തിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി വനം വകുപ്പിനു കൈമാറി.
പെരുവെമ്പ് മന്ദത്തുകാവ് പരിസരത്തെ മുഴുവനും വറ്റാറായ കുളത്തില്‍ നിന്നും അവശേഷിക്കുന്ന മീനിനെ ഭക്ഷിക്കാനെത്തിയ ചുട്ടിപ്പരുന്തിനെ തദ്ദേശവാസിയായ ഒരു നാട്ടുകാരന് കല്ലെറിഞ്ഞു വീഴ്ത്തി അവശനിലയിലാക്കി. ഉടന്‍ ഓട്ടോ ജീവനക്കാര്‍ പരുന്തിന് യഥേഷ്ട്ം വെള്ളം കുടിക്കാന്‍ നല്‍കിയെങ്കിലും പരുന്ത് ചെറുതായി ഒന്ന് കൊത്തിയതോടെ ഭയന്ന അവര്‍ വന്യജീവി സംരക്ഷകരായ ശ്യാം കുമാര്‍, എസ്. ഗുരുവായൂരപ്പന് എന്നിവരെ അറിയിച്ചു.
അവര്‍ സ്ഥലത്ത് വന്നു പരിശോധിച്ചെങ്കിലും പക്ഷിയെ കണ്ടെത്താനായില്ല. വനം വകുപ്പിനെ അറിയിച്ചെങ്കിലും അവര്‍ക്കും വരാനായില്ല.നാലാം ദിവസം കുറച്ചകലെ മാറി വറ്റി വരണ്ട മറ്റൊരു കുളത്തിന്റെ തീരത്തുള്ള പൊന്തക്കാടില്‍ വലതു ചിറകില്‍ പരുക്കകളോടെ കണ്ടെത്തി. വനം ദ്രുതകര്‍മ സേനയിലെ ഉദ്യോഗസ്ഥരായ രഞ്ജിത് കുമാര്‍, സുനില്‍, എന്നിവരെ ഏല്പിച്ചു.
ഉറുമ്പരിച്ച് ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിഞ്ഞ പരുന്തിന് ഒരു മീനും ആവശ്യത്തിന് വെള്ളവും നല്കി. ഉടനെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. ഇപ്പോള്‍ മലമ്പുഴയില്‍ വനം വകുപ്പിന്റെ പരിചരണത്തില്‍ പരുന്ത് സുഖം പ്രാപിച്ചു വരുന്നു. പരിക്കുകള്‍ ഉണങ്ങിയാല്‍ പരുന്തിനെ തുറന്നുവിടും.
വന്യജീവി സംരക്ഷണ നിയമപ്രകാരം കല്ലെറിഞ്ഞ വ്യക്തിക്കെതിരെ നിയമ നടപടികള്‍ എടുക്കണമെന്ന് വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സെസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: