കല്യാണം ആലോചിക്കുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് പെണ്ണ് സ്ലിമ്മാണോ എന്നാണ്. കാരണം, മെലിഞ്ഞവര്‍ക്ക് അഴകേറെയാണ്. സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തിലും ഇത് വളരെ ശരി. തൂക്കം കൂടിയ തടിച്ചിരിക്കുന്ന ഫോണുകള്‍ ആര്‍ക്കും വേണ്ട.
സ്ലിമ്മിനെ സ്നേഹിക്കുന്നവര്‍ക്കിടയിലേക്കാണ് ചൈനയുടെ ജനകീയ ബ്രാന്‍ഡായ ഷവോമി റെഡ്മി 4എയുടെ വരവ്. 131.5 ഗ്രാം തൂക്കം മാത്രമുള്ള ഈ ഫോണ്‍ ശരിക്കും സ്ലിം ബ്യൂട്ടിയാണ്.
ചൈനയില്‍ വന്‍ വിജയം നേടിയ റെഡ്മി 4എ ഇന്ഡ്യയിലെത്തിയിട്ട് അധികനാളായില്ല. ഓണ്‍ലൈനായി മാത്രമേ കച്ചവടമുള്ളൂവെങ്കിലും ഷവോമിയുടെ 4എ സ്വന്തമാക്കിയവര്‍ ഏറെ. ആഴ്ചയില്‍ മാത്രമുള്ള ഓണ്‍ലൈന്‍ ചന്തയില്‍ കണ്ണുംനട്ടിരുന്നില്ലെങ്കില് ചിലപ്പോള്‍ ഫോണ്‍ കിട്ടില്ല. കാരണം, രണ്ടുമിനിറ്റ് മാത്രമായിരിക്കും വില്പന. റെഡ്മി 4 എയ്ക്ക് ഇത്രയേറെ ആരാധകരുണ്ടാകാന്‍ സ്ലിമ്മായതുമാത്രമാണോ കാരണം? അല്ലേയല്ല, സൗന്ദര്യത്തിനൊപ്പം അതിന്റെ ഫീച്ചറുകളും ആളുകളെ ആകര്‍ഷിച്ചതു തന്നെ.
എംഐയുഐ 8 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ ഈ ഫോണില്‍ ഒരേ ആപ്പുകള്‍ തന്നെ രണ്ടെണ്ണം ഉപയോഗിക്കാം. രണ്ട് വാട്സ് ആപ്പ് അക്കൗണ്ടുകളിലും രണ്ട് എഫ്ബി അക്കൗണ്ടിലും ഒരേ സമയം തന്നെ കയറാമെന്ന് ചുരുക്കം. ഒരേ ആപ്പുകള്‍ രണ്ടുവീതം ഹോംസ്ക്രീനില്‍ ഡൗണ്‍ലോഡ് ചെയ്തിടാന്‍ ഇതില്‍ ഓപ്ഷനുണ്ട്. അതുമാത്രമല്ല, 5,999 രൂപയ്ക്ക് ആഡംബര ഫോണുകള്‍ മാത്രം നല്കുന്ന ഫീച്ചറുകളും 4എ നല്കുന്നു.
സ്ാനാപ്ഡ്രാഗണ് 425 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസറായതിനാല് എന്തിനും ഏതിനും നല്ല സ്പീഡാണ്. 2 ജിബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ഒപ്പം 128 ജിബി സപ്പോര്‍ട്ട് ചെയ്യുന്ന എക്സ്റ്റേണല്‍ മെമ്മറി കാര്‍ഡും ഉപയോഗിക്കാം. അതിനാല്‍, സ്റ്റോറേജ് ശേഷി തീരുമെന്ന പേടിവേണ്ട. 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ്. കണ്ണിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള ഡിസ്പ്ലേയാണ് ഷവോമി 4എയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. 3120 എംഎഎച്ച് ബാറ്ററി ഒരു ദിവസത്തിലധികം ഫോണ്‍ ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കും. വേഗത്തില്‍ ചാര്‍ജ് ചെയ്യാമെന്നതും പ്രത്യേകതയാണ്. 13 എംപി ക്യാമറ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. സെല്‍ഫിയെടുക്കാനായി 5 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. ഡ്യൂയല്‍ സിം 4 ജി സപ്പോര്‍ട്ട് ചെയ്യും. മെമ്മറി കാര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ഒരു സിം മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്ന ഒരു പോരായ്മയുണ്ട്.
ആമസോണ്‍, ഷവോമിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സൈറ്റായ എംഐ.കോം എന്നിവ വഴിയാണ് ഫോണ്‍ വില്പന. സൈറ്റില്‍ കയറി നോട്ടിഫൈ മീ കൊടുത്താല്‍ മൊബൈല്‍ വില്‍ക്കുന്ന സമയവും തീയതിയും ഇ-മെയില്‍ വഴി കിട്ടും. ആ ലിങ്ക് വഴി ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ചാല്‍ ഫോണ്‍ വേഗത്തില്‍ കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: