പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണിയെതുടര്‍ന്ന് വീടുവയ്ക്കാനാവാതെ യുവതിയും കുടുംബവും.
വണ്ടാഴി കയറാംപാടത്ത് വാങ്ങിയ 9 സെന്റ് സ്ഥലത്ത് വീടുവയ്ക്കാനൊരുങ്ങിയപ്പോഴാണ് അയല്‍വാസിയുടെ താത്പര്യം സംരക്ഷിക്കുന്നതിന് യൂത്ത് കോണ്‍ഗ്രസ് നേതാവായ പാളയം പ്രദീപ് ഭീഷണിയുമായെത്തിയതെന്ന് പാലാരിവട്ടം നോര്‍ത്ത് ജനത തൈപ്പറമ്പില്‍ ഹൗസില്‍ അഞ്ചു മാത്യു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ മാര്‍ച്ച് 15നാണ് കറാംപാടത്ത് 9 സെന്റ് സ്ഥലം വാങ്ങി തന്റെയും പിതാവിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയായ അവറാച്ചന് എന്ന വ്യക്തിക്ക് തങ്ങളുടെ പേരിലുള്ള സ്ഥലം തുച്ഛമായ വിലക്ക് ലഭിക്കാതിരുന്നതിനാല്‍ ആ സ്ഥലത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ സമ്മതിക്കുന്നില്ലെന്നും അഞ്ചു ആരോപിക്കുന്നു.
തന്റെയും അനിയത്തിയുടെയുടെയും കുടുംബത്തിനും മാതാപിതാക്കള്‍ക്കും താമസിക്കാനാണ് സ്ഥലം വാങ്ങിയത്.അനിയത്തിക്കും തനിക്കുമായി അഞ്ചും നാലും എന്ന രീതിയില്‍ സ്ഥലം തിരിച്ചാണ് വാങ്ങിയിരിക്കുന്നത്. കൃഷി യോഗ്യമല്ലാത്ത സ്ഥലത്ത് ഒരു ഷെഡും കിണറും നിര്‍മ്മിക്കാന്‍ മുതിര്‍ന്ന തങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സ്റ്റോപ്പ് മെമ്മോ അയച്ചെന്നും പരാതിയില്‍ പറയുന്നു.
കെഎല്‍യു ലഭിക്കുന്നതിന് വണ്ടാഴി കൃഷിഭവനില്‍ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്ന് പറയുന്നു.
ഗുരുതരമായ ഓട്ടോ ഇന്ന്യൂണ് എസ്എല്‍ഇ ല്യൂപ്പസ് രോഗബാധിതയാണ് അഞ്ചു. മുഖ്യമന്ത്രിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടായെങ്കിലും ഇവരുടെ ഉന്നത പിടിപാടുകളാല്‍ വീട് നിര്‍മ്മാണം എവിടെയുമെത്താതെ നില്‍ക്കുകയാണ്.
നിലവില്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടതിനാല്‍ തന്റെയും അനിയത്തിയുടെയും അഞ്ച് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും കൊണ്ട് എങ്ങോട്ടു പോകണമെന്നറിയാതെയിരിക്കുകയാണ് അഞ്ചു മാത്യു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: