പാലക്കാട് : നാലാമത് സഹകരണ ലൈബ്രറി കോണ്‍ഗ്രസിനോടനുബന്ധിച്ച സമ്മേളനം പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആത്മാഭിമാനത്തിന്റെയും സംസ്ക്കാരത്തിന്റെയും പ്രതീകമായ ഭാഷ തകര്‍ന്നാല്‍ അടിമജീവിതത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരങ്ങളിലൂടെ അറിവ് നേടിയ മലയാളി ഇന്ന് അല്‍ഷിമേഴ്സിന് അടിമപ്പെട്ടുവോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടകരമായ സാഹചര്യമാണ് ഉണ്ടാവുക അദ്ദേഹം മുന്നറിയിപ്പു നല്കി.
ജില്ലാ സഹകരണബാങ്ക് ചെയര്മാന് ഡോ:ആര്.ചിന്നക്കുട്ടന്‍ അധ്യക്ഷനായി. സഹകരണവകുപ്പ് സ്പെഷല്‍ സെക്രട്ടറി പി.വേണുഗോപാല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധപ്പെടുത്തുന്ന ഏഴ് കൃതികളുടെ പുസ്തകപ്രകാശനം നിര്‍വഹിച്ചു. ‘ സഹകരണ ലൈബ്രറി പ്രസ്ഥാനവും ഗ്രന്ഥശാലാ പ്രസ്ഥാനവും : ചരിത്രം, വര്‍ത്തമാനം,ഭാവി പരിപ്രേക്ഷ്യം’ വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കെറ്റ് അംഗം അഡ്വ.പി.കെ.ഹരികുമാര്‍ സെമിനാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും നടന്നു. സഹകരണ സംഘം അഡീഷനല്‍ രജിസ്ട്രാര്‍ ജോസ് ഫിലിപ്പ് , സഹകരണ ക്ഷേമനിധി വൈസ് ചെയര്മാന് പി.മമ്മിക്കുട്ടി, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം.കെ.ബാബു , ജില്ലാ സഹകരണ ബാങ്ക് മാനെജര്‍ എ.സുനില്‍കുമാര്‍, കവി വള്ളത്തോള്‍ നാരായണ മേനോന്റെ മകള്‍ വാസന്തി മേനോന് എന്നിവര്‍ പങ്കെടുത്തു.
സഹകരണ വകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് നടത്തിയ നാലാമാത് സഹകരണ ലൈബ്രറി കോണ്‍ഗ്രസിന് ഇന്ന് സമാപനമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: