ന്യൂദല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഭക്ഷ്യ ധാന്യോല്‍പ്പാദനം 273 മില്ല്യണ്‍ (27.3 കോടി) ടണ്‍ ആയി ഉയര്‍ത്താന്‍ കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നു. ഈ വര്‍ഷം നല്ല രീതിയില്‍ കാലവര്ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യോല്പാദനം മെച്ചപ്പെടുമെന്ന് കണക്കുകൂട്ടുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളിലെ ഭക്ഷ്യധാന്യോല്പാദനം 271.98 മില്ല്യണ്‍ (27.198 കോടി) ടണ്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നതെന്നും കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി രാധ മോഹന്‍ സിങ് അറിയിച്ചു.
ഈ വര്‍ഷം സാധരണനിലയിലുള്ള മഴ രാജ്യത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമാവുകയാണെങ്കില്‍ ഭക്ഷ്യോല്‍പ്പാദനത്തിലും വളര്‍ച്ചയുണ്ടാവും. വിരിപ്പു കൃഷിക്കായുള്ള വിത്തുകളും മറ്റും വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. 83.46 ലക്ഷം ക്വിന്റല്‍ നെല്‍ വിത്തുകളും 3.75 ലക്ഷം ക്വിന്റല്‍ പരിപ്പ് വിത്തുകളും 289.9 ലക്ഷം ടണ്‍ വളങ്ങളുമാണ് കര്‍ഷകര്‍ക്ക് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനായി മികച്ച ഇനം വിത്തുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതുകൂടാതെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന തുടങ്ങിയ വിവിധ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കൃഷി ആരംഭിക്കാനുള്ള ധനസഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: