പാലക്കാട്: ജില്ലയിലെ ഉത്സവ സീസണില്‍ ആന എഴുന്നള്ളിപ്പിന് നാട്ടാന പരിപാലന ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാതല നിരീക്ഷണ സമിതി നിര്‍ദേശം നല്കി.
ആചാരത്തിന്റെ ഭാഗമായി അമ്പലങ്ങളിലും മറ്റ് ആഘോഷ പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷയ്ക്കും ആനയുടെ ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് സമിതി നിരീക്ഷിച്ചു.
ശാരീരിക അസ്വാസ്ഥ്യവും മദപ്പാടുമുള്ള ആനകളെ ഒരുതരത്തിലും ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. രജിസ്റ്റര്‍ ചെയ്ത ഉത്സവാഘോഷ കമ്മിറ്റികള്‍ക്ക് മാത്രമേ ആന എഴുന്നള്ളിപ്പിന് അനുമതി നല്കേണ്ടതുള്ളുവെന്നും ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന ഉത്സവാഘോഷ കമ്മിറ്റി പ്രതിനിധികളുടേയും ആന ഉടമസ്ഥരുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.
ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ ഉടമസ്ഥര്‍ ആനയുടെ ശാരീരിക ക്ഷമതാ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.
എഡിഎം എസ്.വിജയന് അധ്യക്ഷതവഹിച്ചു. ചിറ്റൂര്‍ തത്തമംഗലം നഗരസഭാ ചെയര്മാന് ടി.എസ് തിരുവെങ്കിടം, തത്തമംഗലംഅങ്ങാടി വേല ആഘോഷ കമ്മിറ്റി അംഗവും അസ്സമിലെ കച്ചര്‍ ജില്ലാ കലക്റ്ററുമായ എസ്.വിശ്വനാഥ്, ഡെപ്യുട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.പ്രേംകുമാര്‍, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി എസ്.സുബ്രഹ്മണ്യന്, എലിഫന്റ് ഓണേഴ്സ് ഓര്ഗനൈസേഷന്പ്രതിനിധി എം.എ.പരമേശ്വരന്, കേരളാ ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി പ്രതിനിധി സി.ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ്-പോലീസ്-അഗ്നിശമന സേന-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: