ബുള്ളറ്റില്‍ കയറി ഒരു ലോക സഞ്ചാരം. ഏതൊരു ചെറുപ്പക്കാരനും എന്നും കാണുന്ന സ്വപ്നം. ന്യൂജനറേഷന്റെ ഇത്തരം ചില സ്വപ്നങ്ങള്‍ സാധിച്ചുകൊടുക്കാന്‍ എന്നും റോയല്‍ എന്‍ഫീല്‍ഡ് ഒപ്പമുണ്ടായിരുന്നു. പുതുപുത്തന്‍ മോഡലുകളുമായി ഇന്നും എന്‍ഫീല്‍ഡ് യാത്ര തുടരുകയാണ്, നിരത്തുകളിലെ രാജാവായി.
ബൈക്കുകളായാല്‍ ചീറിപ്പായണം. ഈ സങ്കല്പ്പത്തിന് ഒരുമാറ്റം കൊണ്ടുവന്നത് എന്‍ഫീല്‍ഡാണ്. ചീറിപ്പായലിന് പകരം വേഗം കുറച്ച് എല്ലാ സൗന്ദര്യവും റോഡിലൂടെ ഒഴുക്കിയുള്ളതാണ് എന്‍ഫീല്‍ഡിന്റെ യാത്ര. എല്ലാവരുടെയും കണ്ണ് എന്‍ഫീല്‍ഡിന് കിട്ടാനും കാരണം പതുങ്ങിപ്പതുങ്ങിയുള്ള ഈ ആഡംബര യാത്ര തന്നെ.
യുവാക്കള്‍ക്കുപുറമെ ഇന്ത്യന്‍ പട്ടാളവും എന്‍ഫീല്‍ഡിന്റെ ആരാധകരായെന്നതും ചരിത്രം. എന്‍ഫീല്‍ഡിന്റെ കരുത്തും ചങ്കൂറ്റവും തന്നെയാണ് പട്ടാളത്തെയും ആകര്‍ഷിച്ചത്. 1952 ലാണ് എന്‍ഫീല്‍ഡ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത്. സ്ക്വാഡ്രണ്‍ ബ്ലൂ ക്ലാസിക് 500 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത് വ്യോമസേനയോടുള്ള ബന്ധം തുറന്നുകാട്ടുന്നു. ആകാശ നീലനിറം ഈ ബുള്ളറ്റിന് നല്‍കിയതിനും കാരണം മാറ്റൊന്നല്ല. ലോകമഹായുദ്ധ കാലത്ത് ഒന്‍പതു മോഡലുകളില്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഇറങ്ങി. ബ്രിട്ടണിലെ എന്‍ഫീല്‍ഡ് മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡാണ് ആദ്യം ബുള്ളറ്റുകള്‍ നിരത്തിലിറക്കിയത്. ലോക മഹായുദ്ധത്തിനുശേഷം ഒട്ടേറെ മോഡലുകള്‍ എന്‍ഫീല്‍ഡിന്റേതായി നിരത്തുകള്‍ കീഴടക്കി. 1955-ല്‍ എന്‍ഫീല്‍ഡ് ഇന്ത്യ ബുള്ളറ്റ് നിര്‍മ്മിച്ചു തുടങ്ങി.
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, ക്ലാസിക് 350, തണ്ടര്‍ബേര്‍ഡ് 350, ഹിമാലയന്‍, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500, ക്ലാസിക് 500, ക്ലാസിക് ഡെസേര്‍ട്ട് സ്റ്റോം, ക്ലാസിക് ക്രോം, തണ്ടര്‍ബേര്‍ഡ് 500, സ്ക്വാഡ്രണ്‍ ബ്ലു, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്, തുടങ്ങി ഒട്ടേറെ മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. ക്ലാസിക് 350 മോഡല്‍ പരിഷ്കരിച്ച് റെഡിറ്റ്ച്ച് സീരീസില്‍ മൂന്നുനിറങ്ങളില്‍ 2017 സീരിസും എന്‍ഫീല്‍ഡ് പുറത്തിറക്കി. റെഡിറ്റ്ച്ച് ഗ്രീന്‍, റെഡിറ്റ്ച്ച് ബ്ലൂ, റെഡിറ്റ്ച്ച് റെഡ് നിറങ്ങളിലാണ് ഇത് ലഭിക്കുക. പെട്രോള്‍ ടാങ്കിലാണ് നിറം മാറ്റം.
ഒന്നരലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ എന്‍ഫീല്‍ഡിന്റെ വിവിധ മോഡലുകള്‍ രാജകീയയാത്രയ്ക്കായി സ്വന്തമാക്കാം. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോഡലിന് 346 സി.സി. എന്‍ജിനാണ്. 19.8 ബി.എച്ച്.പി. കരുത്തും. ഭാരം 180 കിലോ. തണ്ടര്‍ബേര്‍ഡിന്റെ ഭാരം 192 കിലോ. 346 സി.സി. എന്‍ജിനും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് ഡെസേര്‍ട്ട് സ്റ്റോമിന്റെ എന്ജിന് 499 സി.സി.യാണ്. സാഹസിക സഞ്ചാരത്തിന് പേരുകേട്ടത് എന്‍ഫീല്‍ഡിന്റെ ഹിമാലയനാണ്.
53 കിലോമീറ്റര്‍ വരെ മൈലേജ് വിവിധ മോഡലുകള്‍ക്ക് ലഭിക്കും. കരുത്തിന്റെ പ്രതീകമായ എന്‍ഫീല്‍ഡില്‍ നിന്ന് വീണ്ടും ഒരു കരുത്തുറ്റ ബുള്ളറ്റ് ഉടനെത്തും.750 സി.സി.എന്ജിന് കരുത്തുമായാണ് നിരത്തിലെ പുതിയ കിംഗാവാനുള്ള എന്‍ഫീല്‍ഡിന്റെ വരവ്.
രാജ്യത്ത് ബിഎസ് 3 വാഹനങ്ങള്‍ക്ക് നിരോധനം വന്നതോടെ എന്‍ഫീല്‍ഡ് ബിഎസ് ഫോറിലേക്ക് അപ്ഡേറ്റു ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ രണ്ടുമാസത്തെ താമസം വരും വണ്ടി കൈയില്‍ കിട്ടാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: