പാലക്കാട് : നൂറണി സ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച ജില്ലയിലെ ആദ്യ സിന്തറ്റിക് ആര്‍ട്ടിഫിഷല്‍ ഫുട്ബോള്‍ മൈതാനം മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്തു. നൂറണി ഗ്രൗണ്ടിലെ സിന്തറ്റിക് ടര്‍ഫില്‍ ഗ്യാലറി നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.ബി രാജേഷ് എം.പി, വി.ടി. ബല്‍റാം എം.എല്‍എ, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ, ഐ.എം വിജയന്, സി.വി. പാപ്പച്ചന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി, എസ്.പി പ്രതീഷ് കുമാര്‍, എ.എസ്.പി പൂങ്കുഴലി, ജോബി വി. ചുങ്കത്ത് തുടങ്ങിയവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. പാലക്കാട് ഫുട്ബോള്‍ അക്കാഡമി സ്ഥാപിച്ചാല്‍ അതിന് നേതൃത്വം നല്കാന് തയ്യാറാണെന്ന് ചടങ്ങില്‍ സംബന്ധിച്ച മുന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന് ബൈച്ചുങ്ങ് ബൂട്ടിയ പറഞ്ഞു.
2.54 കോടി ചെലവഴിച്ചാണ് മൈതാനത്തിന്റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 3.19 ഏക്കര്‍ സ്ഥലത്ത് ഫിഫ നിയമപ്രകാരമുള്ള അളവ് അനുസരിച്ചാണ് മൈതാനം നിര്‍മിച്ചിരിക്കുന്നത്. ഇതുപ്രകാരം 90 മീറ്റര്‍ നീളവും 57 മീറ്റര്‍ വീതിയുമാണ് കളിസ്ഥലത്തിനുള്ളത്. ഫിന്ലാന്ഡില് നിന്നും ഇറക്കുമതി ചെയ്ത സാമഗ്രികള്‍ ഉപയോഗിച്ച് കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായുള്ള സണ്‍ടെക്ക് സ്പോര്‍ട്സ് കമ്പനിയാണ് മൈതാനം സജ്ജമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: