പാലക്കാട് : വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുളള മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ച് തീര്‍പ്പാക്കാന്‍ അവസരമുള്ളതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ അറിയിച്ചു. വായ്പയുള്ളവരെ രണ്ട് വിഭാഗക്കാരായി തരംതിരിച്ചാണ് ആനുകൂല്യം ലഭ്യമാക്കുന്നത്.
കാറ്റഗറി ഒന്ന് : യൂണിറ്റുടമായായ യഥാര്‍ഥ വായ്പാകാരന്‍ മരണപ്പെടുകയും ഇതേ തുടര്‍ന്ന് സ്ഥാപനം പ്രവര്‍ത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായ്പാ തിരിച്ചടവിന് സാധ്യമല്ലാത്ത വിധം നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശ്ശിക തുക പൂര്‍ണ്ണമായും എഴുതി തളളും. ഇതിന് മരണപ്പെട്ട യൂനിറ്റുടമയായ വായ്പാകാരന്റെ അനന്തരവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നല്‍കണം. യൂണിറ്റുടമ മരണപ്പെട്ട കേസുകളില്‍ മാര്‍ജിന്‍ മണി വായ്പയുടെ കാലാവധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല.
കാറ്റഗറി രണ്ട് :- മറ്റുളള എല്ലാ മാര്‍ജിന്‍ മണി വായ്പകളിലും – റവന്യൂ റിക്കവറിനടപടികളിലുളളവ, യൂനിറ്റുകള്‍ പ്രവര്‍ത്തനരഹിതമായവ, മാര്‍ജിന്‍ മണി വായ്പ ഉപയോഗിച്ച് വാങ്ങിയ ആസ്തികള്‍ കൈമാറിയിട്ടുളളവ ഉള്‍പ്പെടെയുളള വായ്പയുള്ളവര്‍ വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേയ്ക്കുളള അപേക്ഷാ തീയതി വരെ ആറ് ശതമാനം നിരക്കിലുളള മുതലും പലിശയും ചേര്‍ന്ന തുക തിരിച്ചടയക്കണം. റവന്യു റിക്കവറി മുഖേനയോ അല്ലാതെയോ തിരിച്ചടവില്‍ ആ തുക കിഴിച്ചുളള തുകയാണ് അടയ്ക്കേണ്ടത്.തുക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50% ആദ്യഗഡുവായും അവശേഷിക്കുന്ന തുക ഒരു വര്‍ഷത്തിനകം രണ്ട് ഗഡുക്കളായോ അടയ്ക്കാം. റവന്യുറിക്കവറി പ്രകാരമുളള കളക്ഷന്‍ ചാര്‍ജ് പ്രത്യേകം അടയ്ക്കണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടത്തിപ്പിനിടെ ഏതെങ്കിലും ഘട്ടത്തില്‍ വായ്പാകാരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി റദ്ദാക്കും.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആനുകൂല്യത്തിനായി അപേക്ഷകര്‍ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാരെ സമീപിക്കണം. മുഴുവന്‍ സംരഭകരും വായ്പാതുക അടച്ച് തീര്‍ക്കാന്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ മാനെജര്‍ അറിയിച്ചു. വിശദവിവരത്തിന് . ഫോണ്‍ : 0491 2505385,2505408.
പ്രതികരിക്കാൻ ഇവിടെ എഴുതുക: