ഷൊര്‍ണൂര്‍: നാടുവാഴിത്തത്തിന്റെ ഓര്‍മ്മകള്‍ തളം കെട്ടി നില്ക്കുന്ന കവളപ്പാറ കൊട്ടാരത്തിന്റെ അവശേഷിപ്പായ മാളികച്ചുവടും വിസ്മൃതിയിലേക്ക്. പഴകി ദ്രവിച്ച് ജീര്‍ണ്ണാവസ്ഥയില്‍ നില്ക്കുന്ന കെട്ടിടത്തിന്റെ ഒരു വശം ഇന്നലെ തകര്‍ന്നു വീണു.കൊട്ടാരം അന്തപുരമായിരുന്ന ഈ കെട്ടിടം നാനൂറ്റ് വര്‍ഷം പഴക്കമുള്ളതാണ്.
കൊട്ടാരത്തിലെ സ്ത്രീജനങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മുപ്പത് വര്‍ഷം മുമ്പ് കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളായ പടിപ്പുര മാളിക, അഷ്ട കോണ്മന്ദിരം എന്നിവ ലേലം ചെയ്തു പൊളിച്ചു നീക്കിയിരുന്നു. ഇതില്‍ പടിപ്പുര മാളികയാണ് നാടുവാഴി യുടെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത്.വിദേശികളടക്കമുള്ള അതിഥികള്‍ താമസിച്ചിരുന്നത് അഷ്ട കോണ്‍ മന്ദിരത്തിലാണ്.
എയര്‍ ക്കണ്ടീഷണറുകള് അടക്കം ഈ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നു. ഒറ്റപ്പാലംകണ്ണിയം പുറംതോടു് മുതല്‍ ഓങ്ങല്ലൂരിലെ മാട് വരെ തൊണ്ണൂറ്റിയാറു് ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാട്ടുരാജ്യമായിരുന്നു കവളപ്പാറ മൂപ്പില്‍ നായര്‍ സ്വരൂപം.
ഇന്ന് റസീവര്‍ ഭരണത്തിന് കീഴിലുള്ള കൊട്ടാരവളപ്പില്‍ അവശേഷിപ്പായുള്ളത് മാളികച്ചുവടും കൊട്ടാരം ക്ഷേത്രമായ എറുപ്പെ ശിവക്ഷേത്രവും, ഗോശാലയും , ആരിയങ്കാവ് ക്ഷേത്രവുമാണു .അര നൂറ്റാണ്ടിന് ശേഷം എറുപ്പെ ശിവക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഉത്സവം നടക്കാനിരിക്കെയാണ് നിയോഗമെന്നപോലെ ക്ഷേത്രത്തിന് തൊട്ട് മുന്നിലുള്ള മാളികച്ചുവട് കൊട്ടാരത്തിന്റെ ഭാഗവും തകര്‍ന്നു വീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: