പാലക്കാട്: വരള്‍ച്ചാക്കെടുതി നേരില്‍ കണ്ടു വിലയിരുത്താന്‍ കേന്ദ്രസംഘം 19 നു ജില്ലയിലെത്തും. അതേ സമയം വേനല്‍ മഴ ലഭിച്ചുണ്ടായ പച്ചപ്പുകള്‍ വരള്‍ച്ച വിലയിരുത്തുന്നതില്‍ തിരിച്ചടിയാകുമോ എന്ന ഭയവും അധികൃതര്‍ക്കുണ്ട്.
ജില്ലയില്‍ ഇതുവരെ 27.85 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായാണു കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അടുത്ത ആഴ്ച നാശനഷ്ടത്തിന്റെ വിശദ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്കി.
19,211 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. ഇതില്‍ 19,042 ഹെക്ടറും നെല്‍കൃഷിയാണ്. ഒരു ദിവസം മാത്രമേ സംഘം ജില്ലയില്‍ ഉണ്ടാകൂ. ചിറ്റൂര്‍ താലൂക്ക് കേന്ദ്രീകരിച്ചായിരിക്കും പ്രധാന പരിശോധന. ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നതുള്‍പ്പെടെ സംഘത്തെ ബോധ്യപ്പെടുത്തും. വരള്‍ച്ച കാരണം ഭൂരിഭാഗം സ്ഥലത്തും രണ്ടാം വിള ഇറക്കാന്‍ കഴിയാത്ത സാഹചര്യവും ബോധ്യപ്പെടുത്തും. കൃഷിയ്ക്കു പുറമെ ക്ഷീര മേഖലയിലും കനത്ത നാശം ഉണ്ട്.
കേരളത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതിനാല്‍ അതിന്റെ കൂടി ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കൃഷിക്കാര്‍. സംസ്ഥാനത്ത് പാലക്കാട്ടാണ് വരള്‍ച്ച അതിരൂക്ഷം. കൃഷി നാശത്തിനുള്ള നഷ്ടപരിഹാര വിതരണവും ആരംഭിച്ചിട്ടില്ല.
പേരിനു മാത്രം ലഭിച്ച വേനല്‍മഴയും ജില്ലയുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലും പാലക്കാട്ടെ വരള്‍ച്ച വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയിരുന്നെങ്കിലും അന്നും വേനല്‍മഴ വില്ലനായി. പാലക്കാട്ടെ വരള്‍ച്ചയായിരിക്കും സംസ്ഥാനത്തിന്റെ സാഹചര്യവും വ്യക്തമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: