തലസ്ഥാന നഗരമായ അനന്തപുരിയുടെ തിരുമുറ്റത്ത് ഏതൊരാളുടെയും മനം കവര്‍ന്ന് പ്രൗഢിയോടെ ശിരസ്സുയര്‍ത്തി നില്ക്കുന്ന സെക്രട്ടറിയേറ്റ് മന്ദിരത്തിന് ഇന്ന് 147 വയസ് തികയുന്നു. റോമന്‍, ഡച്ച് ശില്പ മാതൃകകള്‍ സമന്വയിപ്പിച്ച് മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ദക്ഷിണേന്ത്യയിലെ തന്നെ അപൂര്‍വ്വമായ സമുച്ചയം കേരള സര്‍ക്കാരിന്റെ ഭരണസിരാകേന്ദ്രമാണ്.
തിരുവിതാംകൂര്‍ നാട്ടുരാജ്യമായിരുന്ന കാലത്ത് പബ്ലിക് ഓഫീസുകള്‍ക്കായി നിര്‍മ്മിച്ച സൗധം ഹജൂര്‍ കച്ചേരി, പുത്തന്‍ കച്ചേരി എന്നുമറിയപ്പെട്ടിരുന്നു. ആയില്യം തിരുനാള്‍ 1865 ഡിസംബര്‍ 7ന് തറക്കല്ലിട്ട് മഹാസൗധത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി 1869 ഒക്ടോബര്‍ 23ന് പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലും ദി ട്രാവന്‍കൂര്‍ ഡയറക്ടറി ഫോര്‍ 1930 എന്ന പുസ്തകത്തിന്റെ മെമ്മറബള് ഇവന്റ്സ് എന്ന അധ്യായത്തില്‍ പുതിയ പബ്ലിക് ഓഫീസ് ഒക്ടോബര്‍ 22ന് തുറന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹജൂര്‍ കച്ചേരി, ജില്ലാ കോടതി എന്നിവ ഇവിടേക്ക് മാറ്റി ഉദ്ഘാടനം നിര്‍വഹിച്ചത് ആയില്യം തിരുന്നാളാണ്. കൊല്ലവര്‍ഷം 1045 ചിങ്ങം എട്ടിനാണ് പുത്തന്‍ കച്ചേരി ഉദ്ഘാടനം ചെയ്തത്. എന്നതിനാല്‍ 1045 ലെ പഞ്ചാംഗ പ്രകാരം അത് 1869 ഒക്ടോബര്‍ 22 ആയിരുന്നു എന്നും 22 ഞായറാഴ്ചയാകയാല്‍ ഓഫീസ് 23ന് പ്രവര്‍ത്തനമാരംഭിച്ചു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭരണ കേന്ദ്രം കൊല്ലമായിരുന്നതിനാല് 1834ല്‍ സ്വാതി തിരുനാളിന്റെ കാലത്താണ് ഹജൂര്‍ കച്ചേരി തിരുവനന്തപുരത്തായി തീര്‍ന്നതെന്നും ആസ്ഥാനം കോട്ടയ്ക്കകത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തും ആയിരുന്നു. ഇതിന്റെ ചില ഭാഗങ്ങള്‍ ട്രഷറിയുടെ ഭാഗമായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
സ്വാതി തിരുനാളിനു ശേഷം (1847-1860) ഉത്രം തിരുനാള്‍ ഭരണമേറ്റതോടെ ഇവിടെനിന്നും നിലവില്‍ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നിടത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇവിടെ ആനക്കച്ചേരിയെന്നുമറിയപ്പെട്ടിരുന്നു. രണ്ടാനകളുടെ ഔദ്യോഗിക ചിഹ്നം സ്വീകരിക്കപ്പെട്ടത് അന്നാണ്. ഉത്രം തിരുനാളിന്റെ കാലശേഷം ഭരണ സാരഥ്യം വഹിച്ച ആയില്യം തിരുനാള്‍ ഭരണസംവിധാനത്തില്‍ അഴിച്ചുപണികള്‍ നടത്തുകയും ആധുനിക ഭരണ സമ്പ്രദായവും ബ്രിട്ടീഷ് മാതൃക ശക്തിയാര്‍ജ്ജിച്ചതും ഈ കാലഘട്ടത്തിലായിരുന്നു.
1860 മുതല്‍ 1880 വരെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭരണകാലത്താണ് മണി മന്ദിരത്തിന്റെ നിര്‍മ്മാണം. ആയില്യം തിരുനാളിന്റെ ഭരണകാര്യങ്ങളില്‍ കൂടെയുണ്ടായിരുന്നത് സര്.ടി മാധവറാവു എന്ന ദിവാനായിരുന്നു. പുരോഗമനപരമായ പല നടപടിക്രമങ്ങള്‍ക്കും മഹാരാജാവിന്റെ അനുഗ്രഹത്തോടെ ചുക്കാന്‍ പിടിച്ച ദിവാനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന ആദരവിന്റെ പ്രതിഫലനമാണ് പൊതുപ്പണപ്പിരിവിലൂടെ ജനങ്ങള്‍ തന്നെ മുന്‍കൈയെടുത്ത് സ്റ്റാച്യൂ ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള മാധവറാവുവിന്റെ പ്രതിമ.
1863 മുതല്‍ 1870 വരെ തിരുവിതാംകൂറിലെ ചീഫ് എഞ്ചിനീയറായിരുന്ന ബാര്‍ട്ടണ്‍ സായിപ്പാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി. 1,70,000രൂപ എസ്റ്റിമേറ്റില്‍ രണ്ട് വര്‍ഷവും എട്ട് മാസവുംകൊണ്ട് പണി പൂര്‍ത്തിയാക്കിയെങ്കിലും ഈ മന്ദിരത്തിന്റെ ആകെ നിര്‍മാണ ചെലവ് താമസക്കാര്‍ക്ക് നല്കിയ നഷ്ടപരിഹാരമടക്കം 9 ലക്ഷം രൂപയാണെന്നാണ് കണക്ക്. തിരുവനന്തപുരത്തെ പുത്തന്‍ ചന്തയിലെ വഞ്ചിയൂര്‍ വില്ലേജില്‍പെട്ട ഈ സ്ഥലത്ത് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉചിതമായ കേന്ദ്രസ്ഥാനമെന്ന നിലയില്‍ നഗരസമധ്യത്തില്‍ സെക്രട്ടേറിയറ്റ് മന്ദിരം പണിയുകയായിരുന്നു. ശ്രീമൂലം അസംബ്ലി മന്ദിരവും ഒരു ലൈബ്രറി മന്ദിരവും അസംബ്ലിയോടൊപ്പം പണി കഴിപ്പിച്ചു.
കേരളാ അസംബ്ലിയും പഴയ ശ്രീമൂലം മന്ദിരത്തിലായിരുന്നതും സ്റ്റാമ്പ് സ്റ്റേഷനറി, അച്ചടി ഓഫീസുകള്‍ സെക്രട്ടേറിയറ്റിന്റെ ശാഖയായിരുന്നതിനാല് സൂപ്രണ്ടിനായിരുന്നു ഇതിന്റെ ഭരണച്ചുമതല. ശ്രീമൂലം തിരുനാള്‍ നിയമസഭ കൗണ്‍സിലംഗങ്ങള്‍ 1888മാര്‍ച്ച് 30ന് സത്യപ്രതിജ്ഞ ചെയ്തതും ആദ്യമീറ്റിങ്ങ് ഒക്ടോബര്‍ 23ന് നടത്തിയതും പഴയ കെട്ടിടത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള ദിവാന്റെ ഓഫീസിലായിരുന്നുവെന്നും പിന്നീട് പല മുഖ്യമന്ത്രിമാരും ഇത് ഓഫീസാക്കി ഉപയോഗിച്ചു. കെട്ടിടത്തിന്റെ ഒത്ത നടുക്ക് ദര്‍ബാര്‍ ഹാളും അതിന് നേര്‍മുകളിലായി മനോഹരമായ രീതിയിലുള്ള നാഴികമണി ഘടിപ്പിച്ച ഗോപുരവും ദര്‍ബാര്‍ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള വലിയ ശംഖിന്റെ ഇരുവശത്തുമായി തുമ്പിക്കൈ ഉയര്‍ത്തി നില്ക്കുന്ന രണ്ടാനകളുടെ രൂപവും കാണാം.
ഏഴര പതിറ്റാണ്ട് മുമ്പ് സെക്രട്ടേറിയേറ്റിനോട് ചേര്‍ന്ന് നിര്‍മ്മിച്ച നിയമസഭാ മന്ദിരത്തിലാണ് കേരള നിയമസഭ പ്രവര്‍ത്തിച്ചിരുന്നത്. 1933 ഡിസംബര്‍ 12ന് തറക്കല്ലിട്ട ഈ മന്ദിരത്തിന്റെ ഉദ്ഘാടനം 1939 ഫെബ്രുവരി 8ന് അന്നത്തെ ദിവാന് സര്.സി.പി രാമസ്വാമി അയ്യരായിരുന്നു നിര്‍വഹിച്ചത്. സെക്രട്ടേറിയറ്റിന്റെ പുതിയ തെക്കെ ബ്ലോക്ക് പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1861 ഓഗസ്റ്റ് 18ന് പൂര്‍ത്തിയാവുകയും നോര്‍ത്ത് സൗത്ത് സാന്‍ഡ് വിച്ച് ബ്ലോക്കുകള്‍ 1974 ജനുവരി 6ന് അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോനും നര്‍വഹിച്ചു.
1979 ഏപ്രില്‍ 19ന് അന്നത്തെ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ തറക്കല്ലിട്ട് 1982 ഫെബ്രുവരി 11ന് മുഖ്യമന്ത്രി കെ കരുണാകരന് ഉദ്ഘാടനം ചെയ്ത വടക്കെ ബ്ലോക്ക് കെട്ടിടമാണ് ഏറ്റവും പുതിയത്. സെക്രട്ടേറിയറ്റ് മന്ദിരം സ്ഥാപിതമായതോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന് നൂതന ഭാവങ്ങള്‍ കൈവരുകയും അതുവരെ ഒരു ക്ഷേത്ര നഗരമെന്നു മാത്രമറിയപ്പെട്ടിരുന്ന നഗരം ഈ മണി മന്ദിരം വന്നതോടെ വിക്ടോറിയന്‍ ആശയത്തിലുള്ള ഭരണ കേന്ദ്രം ആധുനിക നഗരമെന്ന ബഹുമതിക്ക് അര്ഹമാവുകയുമായിരുന്നു.
ഇന്ന് പത്മനാഭ സ്വാമി ക്ഷേത്രമടക്കം നിരവധി ചരിത്ര സംഭവങ്ങളുള്ള മഹാനഗരം കേരളനാടിന്റെ തലസ്ഥാനമെന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് കൈവന്ന നേട്ടമോ ഒരു കാലഘട്ടത്തില്‍ കൈവന്ന പൈതൃക സമ്പത്തോ എന്നൊന്നും വിശേഷിപ്പിച്ചാലും മതിവരില്ലെന്നിരിക്കെ ഈ മണിമന്ദിരത്തിന് നൂറ്റമ്പത് വയസ്സു തികയാന്‍ മൂന്നു സംവത്സരം കൂടി കാത്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: