മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ 284 കുടുംബങ്ങള്‍ ഭൂമിക്ക് അര്‍ഹരാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതാണ്. ഇതില്‍ 24 കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്കി ആറ് മാസം കഴിഞ്ഞിട്ടും ഭൂമി കാണിച്ചുകൊടുത്തില്ലന്ന് സി.കെ. ജാനു.2001ല്‍ രൂപീകരിച്ചതു മുതല്‍ ആദിവാസി ഗോത്രമഹാസഭയുടെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന എം. ഗീതാനന്ദനെ തീര്‍ത്തും തള്ളി അധ്യക്ഷ സി.കെ. ജാനു.
ദലിത് വിഭാഗത്തില്‍നിന്നുള്ള ഗീതാനന്ദന് ഗോത്രമഹാസഭയില്‍ അംഗമല്ലെന്നും സംഘടനയുടെ പ്രസീഡിയം സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അദ്ദേഹത്തിനു അവകാശമില്ലെന്നും ജാനു തുറന്നടിച്ചു. മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് വയനാട്ടില്‍ വിളിച്ചുകൂട്ടുന്ന ഗോത്രമഹാസഭ രണ്ടാമത് പ്രസീഡിയം സമ്മേളനത്തില്‍ ജാനുവിനെ അധ്യക്ഷ പദവിയില്‍നിന്നു നീക്കാന്‍ ഗീതാനന്ദനും കൂട്ടരും പദ്ധതിയിടുന്നതിനിടെയാണ് ജാനുവിന്റെ പ്രതികരണം. സംഘ് പരിവാര്‍ ക്യാമ്പ് വിടണമെന്ന് പ്രസീഡിയം സമ്മേളനം ജാനുവിനോട് ആവശ്യപ്പെടുമെന്നും അവര്‍ ഇതിനു തയാറായില്ലെങ്കില്‍ ഗോത്രമഹാസഭയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുമെന്നും ഗീതാനന്ദന് ഈയിടെ പ്രസ്താവിച്ചിരുന്നു.
ആദിവാസികളുടെ വായ്പ കുടിശിക എഴുതിത്തള്ളിയതടക്കം പദ്ധതികളില്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി സ്വജനപക്ഷപാതം കാട്ടിയെന്ന ആരോപണം ഉന്നതതല അന്വേഷണത്തിനു വിധേയമാക്കണമെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആദിവാസികള്‍ക്കായി പ്രഖ്യാപിച്ച കടാശ്വാസ പദ്ധതി മന്ത്രിയുടെ ബന്ധുക്കള്‍ക്ക് നിഷിദ്ധമല്ല. എന്നാല്‍ മന്ത്രിബന്ധുക്കള്‍ക്ക് അര്‍ഹതയില്ലാത്ത പരിഗണന ലഭിച്ചോ എന്ന് പരിശോധിക്കണം.
ഗോത്രമഹാസഭയ്ക്ക് നിലവില്‍ കോ ഓര്‍ഡിനേറ്റര്‍ ഇല്ലെന്ന് ജാനു പറഞ്ഞു. രണ്ട് മാസം മുമ്പ് ബത്തേരിയില്‍ നടന്ന സമ്മേളനം കോ ഓര്‍ഡിനേറ്റര്‍ പദവി നീക്കം ചെയ്തതാണ്. താന്‍ അധ്യക്ഷയും ബിജു കാക്കത്തോട് ജനറല്‍ സെക്രട്ടറിയുമായ 51 അഗം കമ്മിറ്റിയാണ് ബത്തേരി സമ്മേളനത്തില്‍ രൂപീകരിച്ചത്. ആദിവാസിയല്ലാത്ത ഗീതാനന്ദന് ഗോത്രമഹാസഭയില്‍ അംഗമല്ല. ഇങ്ങനെയുള്ള ഒരാളെ സംഘടനാതീരുമാനങ്ങള്‍ അറിയിക്കേണ്ട കാര്യവുമില്ല. രാഷ്ട്രീയത്തിനു അതീതമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഗോത്രമഹാസഭ.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയിലുണ്ട്. എന്നിരിക്കെ താന്‍ പ്രസിഡന്റായ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എയുടെ ഭാഗമായതോര്‍ത്ത് ഗീതാനന്ദന് ഉള്‍പ്പെടെ ആരും ആശങ്കപ്പെടേണ്ട. ഗോത്രമഹാസഭയുടെ പേരില്‍ പ്രസ്താവനകള്‍ ഇറക്കുന്നതും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതും ഗീതാനന്ദനും അദ്ദേഹത്തിനൊപ്പമുള്ളവരും അവസാനിപ്പിക്കണം. ആദിവാസി വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങളില്‍ പട്ടികവര്ഗത്തില്പ്പെടാത്തവരുടെ പിന്തുണയും ഗോത്രമഹാസഭയ്ക്ക് ആവശ്യമുണ്ട്. പുറമേനിന്ന് ഗീതാനന്ദന് പിന്തുണ നല്കിയാലും സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: