ജാതിക്കുരുവില്‍നിന്ന് വളര്‍ത്തിയെടുക്കുന്ന തൈകള്‍ വര്‍ഷങ്ങളോളം പരിപാലിച്ച് വളര്‍ത്തിയശേഷം കായ്ഫലമാകുമ്പോഴാണ് ആണ്‍മരമാണെന്ന് പലപ്പോഴും തിരിച്ചറിയുന്നത്.
ഒട്ടേറെ അധ്വാനവും കൃഷിയിടത്തിലെ സ്ഥലവും മെനക്കെടുത്തുന്നതാണ് ഈ പ്രശ്നം. ഈ പ്രശ്നത്തിന് പ്രകൃതിയുടെ തന്നെ പരിഹാരമാണ് കാഞ്ഞിരപ്പള്ളിയിലെ മടുക്കക്കുഴിവീട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികമായി പെണ്‍പൂക്കള്‍ക്കൊപ്പം ആണ്‍പൂക്കളും വിരിയുന്നുവെന്നതാണ് ഈ ജാതിയുടെ പ്രത്യേകത.
കുലകുലകളായി പൂക്കളുണ്ടാകുകയും കായ പിടിക്കുകയും ചെയ്യുന്നു. നാലും അഞ്ചും മുതല്‍ പത്തും പന്ത്രണ്ടുംവരെ കായ്കള്‍ ഓരോ കുലയിലും കാണുന്നു. കായ്കള്‍ക്ക് വലിപ്പം കുറവാണെങ്കിലും നാടന്‍ ഇനത്തേക്കാള്‍ ഇരട്ടി വിളവുകിട്ടുന്നുണ്ട്. ഒരു ജാതിക്കുള്ളില്‍ത്തന്നെ ഒന്നിലധികം കായ്കള്‍ കാണുന്നുവെന്നതും പ്രത്യേകതയാണ്.
വര്‍ഷങ്ങളായി മടുക്കക്കുഴി ജോര്‍ജ് ജോസഫിന്റെവീട്ടില്‍ വളര്‍ത്തി വന്നിരുന്ന ജാതിയുടെ പ്രത്യേകത തിരിച്ചറിഞ്ഞിട്ട് രണ്ടുവര്‍ഷമേ ആയുള്ളൂ. കാഞ്ഞിരപ്പള്ളി കൃഷിഭവനിലെ കൃഷി ഓഫീസറായിരുന്ന കോര ഈ കൃഷിയിടത്തില്‍ വന്നപ്പോള്‍ ജാതിച്ചുവട്ടില്‍ ആണ്‍പൂക്കള്‍ കിടക്കുന്നതു കണ്ടതോടെയാണ് ഈ ചെടിയുടെ പ്രത്യേകത തിരിച്ചറിഞ്ഞത്. ആണ്‍മരമാണല്ലോയെന്നു കരുതി നോക്കുമ്പോള്‍ മരംനിറയെ കുലകുലയായി കായ്കള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്ന് ജാതിയുടെ പ്രത്യേകത സാക്ഷ്യപ്പെടുത്തി.
ഇവയുടെ വിത്തുകള്‍ ശേഖരിച്ച് തൈകള്‍ ഉല്‍പ്പാദിപ്പിച്ച് ജോര്‍ജ് ജോസഫും ഭാര്യ ജോളിയും ചേര്‍ന്ന് കൃഷിയിടം നിറയെ ഈ വ്യത്യസ്ത ഇനം ജാതിമരങ്ങള്‍ കൃഷി ചെയ്തു. ഇപ്പോള്‍ മുപ്പതോളം മരങ്ങളുണ്ട്. മടുക്കക്കുഴി ജാതി തേടി കാഞ്ഞിരപ്പള്ളിയില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ തമ്പലക്കാട് വത്തിക്കാന്‍ സിറ്റിയിലെ ജോസഫിന്റെ വീട്ടില്‍ ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ആളുകളെത്തുന്നു.
നാലാംവര്‍ഷം തന്നെ കായ്ഫലം ലഭിച്ചു തുടങ്ങിയ തോട്ടത്തിലെ എല്ലാ ജാതിതൈകള്‍ക്കും മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളുമുള്ളതായി വീട്ടുകാര്‍ പറയുന്നു. ജൈവവളങ്ങളോടും ജലസേചനത്തോടും നന്നായി പ്രതികരിക്കുന്നുണ്ട് മടുക്കക്കുഴി ജാതി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ജോസഫ്-9495806188.
രാജേഷ് കാരപ്പള്ളില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: