യുവതലമുറയ്ക്ക് അറിയാന്‍ വഴിയില്ലാത്ത, എന്നാല്‍ അറിയേണ്ട വ്യക്തിത്വത്തിന് ഉടമയാണ് രവിന്ദ്ര കൗഷിക്ക്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ 1952ലാണ് അദ്ദേഹത്തിന്റെ ജനനം. തീയറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന അദ്ദേഹം അഭിനയത്തിലും മറ്റും വളരെ മികവ് പുലര്‍ത്തിയിരുന്നു. രവീന്ദ്ര കൗഷിക്ക് തന്റെ അഭിനയജീവിതവുമായി മുമ്പോട്ട് പോകുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആ വഴിത്തിരിവ് സംഭവിച്ചത്. രവീന്ദ്രയെ ജീവിതത്തിന്റെ വ്യത്യസ്തമായ ലോകത്തേയ്ക്കാണ് ആ വഴിത്തിരിവ് നയിച്ചത്. അതായത് തീയറ്ററുകളിലെ അഭിനയത്തില്‍ മികവ് പുലര്‍ത്തിയിരുന്ന രവീന്ദ്രയ്ക്ക് തന്റെ യഥാര്‍ത്ഥ ജീവിതത്തിലും അഭിനയിക്കേണ്ടി വന്നെന്ന് സാരം. ചില്ലറ അഭിനയമല്ല കേട്ടോ… ഒരു ഒന്നൊന്നര അഭിനയം തന്നെയായിരുന്നു അത്.
1975ലാണ് രവീന്ദ്രയുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ തീര്‍ത്ത സംഭവങ്ങള്‍ അരങ്ങേറുന്നത്. ദേശീയ നാടകങ്ങള്‍ അവതരിപ്പിക്കുന്ന രവീന്ദ്രയെന്ന ചെറുപ്പക്കാരനില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധ പതിയുന്നു. അവിടെ നിന്നാണ് ആ ഞെട്ടിക്കുന്ന സംഭവ വികാസങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എങ്ങനെയാണ് രവീന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍ എത്തിപ്പെട്ടതെന്നോ, ആരാണ് അദ്ദേഹത്തെ അതിനായി സമീപിച്ചതെന്നോ ഇന്നും വ്യക്തമല്ല. കൗമാരകാലത്താണ് അദ്ദേഹം ചാരവൃത്തിയിലേയ്ക്ക് വ്യാപൃതനാകുന്നത്. കൂടാതെ രഹസ്യാന്വേഷണ വിഭാഗത്തിലും റോയിലും ഏജന്റായും ജോലി ചെയ്തു.
ചാരവൃത്തിക്കുള്ള പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ രവീന്ദ്രയ്ക്ക് വയസ് 23. പാക്കിസ്ഥാനിലേയ്ക്ക് പ്രവേശിക്കുക അവിടുത്തെ രഹസ്യവിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുക. ഇതായിരുന്നു രവീന്ദ്രയ്ക്ക് ലഭിച്ച ദൗത്യം. അതിനായി അദ്ദേഹത്തിന് മുസ്ലീം മത ഗ്രന്ഥങ്ങള്‍, സംസ്ക്കാരം, ഉറുദു ഭാഷ എന്നിവ സ്വായത്തമാക്കേണ്ടി വന്നു. അങ്ങനെ 1975ല്‍ പാക്കിസ്ഥാനിലേയ്ക്ക് അയക്കപ്പെട്ട രവീന്ദ്രയുടെ ഇന്ത്യയിലെ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ പൗരനായി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്താതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.
പാക്കിസ്ഥാനില്‍ നബി അഹമ്മദ് ഷക്കീര്‍ എന്ന പേരില്‍ പുതു ജീവിതത്തിന് നാന്നി കുറിച്ച രവീന്ദ്ര കറാച്ചി സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് എല്‍എല്‍ബി പഠനവും ആരംഭിച്ചു. പാക്ക് പട്ടാളത്തില്‍ ചേരുന്നതിന് മുമ്പായി അദ്ദേഹം പാക്കിസ്ഥാനിയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. താമസിയാതെ രവീന്ദ്ര പാക്ക് പട്ടാളത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും മേജറായി സ്ഥാനക്കയറ്റം നേടുകയും ചെയ്തു.
1979 മുതല്‍ 1983 വരെ രവീന്ദ്ര ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി. പാക്ക് പട്ടാളത്തിന് ഒരു സൂചന പോലും നല്‍കാതെയാണ് രവീന്ദ്ര ഈ കൃത്യം നിര്‍വ്വഹിച്ചത്. വീരോചിതമായ ഈ പ്രവര്‍ത്തിക്ക് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്വയം അദ്ദേഹത്തിന് ചാര്‍ത്തി നല്കിയ പേരാണ് ‘ദി ബ്ലാക്ക് ടൈഗര്‍’ (കറുത്ത കടുവ).
രവീന്ദ്രയുടെ ദൗത്യത്തിലൂടെ ഇന്ത്യയിലെ നിരവധി ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനെ സഹായിച്ചിരുന്നതായും നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നതായും അറിയാന്‍ കഴിഞ്ഞു. രാഷ്ട്രീയക്കാരും വിഘടനവാദികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നെന്നും അറിയാന്‍ കഴിഞ്ഞു.
പാക്കിസ്ഥാനിലെ തന്റെ ദൗത്യങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അമനറ്റ് എന്ന സ്ത്രീയെ അദ്ദേഹം കണ്ടുമുട്ടിയത്. അവര്‍ ഇരുവരും സ്നേഹിച്ചു, വിവാഹം കഴിച്ചു. ഇവര്‍ക്കൊരു മകന് ജനിക്കുകയും ചെയ്തു.
1983 വരെ കാര്യങ്ങള്‍ നല്ല രീതിയിലായിരുന്നു പോയി കൊണ്ടിരുന്നത്. തുടര്‍ന്ന് ഇന്ത്യ മറ്റൊരു ചാരനെ കൂടി പാക്കിസ്ഥാനിലേയ്ക്ക് അയച്ചു. റോയിലെ ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്ന ഇന്യാത് മഷിഹയെ ആയിരുന്നു രണ്ടാമതായി ചാരവൃത്തിക്ക് ഇന്ത്യ ഉപയോഗിച്ചത്. എന്നാല്‍ വൈകാതെ രണ്ട് പേരും പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. രവീന്ദ്രയെ പോലീസ് പിടികൂടുകയും ചെയ്തു. പിന്നീട് പറയേണ്ടതില്ലലോ… രണ്ട് വര്‍ഷത്തോളം രവീന്ദ്ര പാക്കിസ്ഥാന് ജയിലുകളില്‍ നരകയാതന അനുഭവിച്ചു. എന്നാല്‍ ഈ ദുരിതപൂര്‍ണ്ണമായ യാതനകള്‍ അനുഭവിക്കുമ്പോഴും ഇന്ത്യയെ പറ്റി ഒരു വാക്ക് പോലും വെളിപ്പെടുത്തിയില്ലെന്നത് അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.
തുടര്‍ന്ന് മിയാന്‍വാലിയിലും സിയാല്‍ക്കോട്ടിലുമായി നിരവധി ജയിലുകളില്‍ അദ്ദേഹം കഴിച്ചു കൂട്ടി. കൃത്യമായി വിവരങ്ങളില്ലെങ്കില്‍ പോലും 1985ല്‍ തടവില്‍ കഴിയവേ രവീന്ദ്ര മരിച്ചതായാണ് അറിയുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ ചാരനായ ദി ബ്ലാക്ക് ടൈഗറെന്ന രവീന്ദ്ര കൗഷിക്കിന് സല്ല്യൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: