തര്‍ക്കോവ്സ്ക്കിയുടെ സിനിമകള്‍ ആത്മീയതയുടെ നിഷ്ക്കളങ്ക ഗൗരവംകൊണ്ടുള്ള അന്വേഷണമായിരുന്നു. ദൈവത്തിലേക്ക് എത്താനുള്ള ഒരു സമര്‍പ്പണമായും കലയെ അദ്ദേഹം ഉപയോഗിച്ചിരുന്നു. നിന്നിലെത്താനുള്ള തടസങ്ങള്‍ എന്റെ പാപങ്ങളാണെന്നു ദൈവത്തിന്റെ മുന്നിലേക്കെന്നപോലെ തര്‍ക്കോവ്സ്ക്കി എഴുതി. ദുര്‍ബലതയും കീഴടങ്ങലും ഇത്തരം കാഴ്ചവെപ്പിനുള്ള വഴികളാണെന്നും അദ്ദേഹം പറഞ്ഞു. മാലാഖയെ കണ്ടെത്തിയ മനുഷ്യന് എന്നാണ് തര്‍ക്കോവ്സ്ക്കിയുടെ ശവമാടത്തില്‍ എഴുതിയിരുന്നത്.
ആത്മാവിന്റെ ശക്തിയായ തര്‍ക്കോവ്സ്ക്കിയുടെ തൂവല്‍ക്കനമുള്ള ഹൃദയ നൈര്‍മല്യമാണ് മാലാഖക്കാഴ്ചയിലേക്ക് അദ്ദേഹത്തെ നയിച്ചത്. യേശു വിചാരത്തിന്റെ നന്മയായിരുന്നു അത്. ലാളിത്യത്തിലൂടെ നേടുന്ന വിനയത്തിന്റെ മഹോന്നതമായ വിജയമാണ കാലിത്തൊഴുത്തിന്റെ സന്ദേശം. ദൈവ പുത്രന് മനുഷ്യനായി പിറന്നതാണ് ചെറുതിലൂടെ വലുതാകലിന്റെ ഉത്തമ മാതൃക. ദുരിതവും ദുരന്തവും കഷ്ടപ്പാടുകളുമൊക്ക മലപോലെ വളര്‍ന്നതിന്റെയും പരിണതിയാണ് യേശുവിന്റെ തിരുജന്മം. അയല്‍ക്കാരനെ സ്നേഹിക്കാനും സ്നേഹിച്ചുകൊണ്ട് ശത്രുവിനെ ജയിക്കാനും യേശു പഠിപ്പിക്കുന്നു. ക്ഷമിക്കുന്ന സ്നേഹമാണ് ഇതിനു വേണ്ടതെന്ന് അദ്ദേഹം കാട്ടിത്തന്നു. മരണംവരെ ഇതിന്റെ ഉയര്‍ച്ചയിലേക്കാണ് യേശു കയറിപ്പോയത്. ക്രിസ്തുമസ് ആഘോഷം ഇത്തരം ക്ഷമയുടേയും ചെറുതാകലിന്റെയും ആഹ്ളാദമാണ്.
ആശങ്കാകുലമായ ഇന്നത്തെ ലോകത്ത് പൊറുത്തും മറന്നും സഹകരിച്ചും സ്നേഹിച്ചും കടന്നുപോകാന്‍ ക്രിസ്തുമസ് നമ്മോടു പറയുന്നു. നിങ്ങള്‍ കുഞ്ഞുങ്ങളെപ്പോലെ ആകുവിന്‍ എന്നാണ് യേശു പറഞ്ഞത്. അത്തരം നിഷ്ക്കളങ്കമായ സ്നേഹം ഉണ്ടാകുമ്പോള്‍ സന്തോഷം താനെ വരുന്നു. നിങ്ങള്‍ സന്തോഷിപ്പിന് എന്ന് ബൈബിള്‍ വാക്യം. ദൈവത്തെ അന്വേഷിക്കുക മാത്രമല്ല, ദൈവമായിത്തീരാനുള്ള ലാളിത്യ വഴികളാണ് യേശുവിന്റെ ജനനവും ജീവിതവും. അതിന്റെ നേര്‍വഴിയുടെ വെളിച്ചമാണ് നക്ഷത്രത്തിളക്കം. പൂര്‍ണ്ണതയില്ലാതെ തീര്‍ന്നുപോകുന്ന മനുഷ്യന്റെ അല്‍പ്പായുസ് നന്മയുടെ വഴികളാല്‍ സമ്പന്നവും സംതൃപ്തവുമാക്കാം. ചിലര്‍ ഇത്തരം സംതൃപ്തി അറിയാതെ മരണത്തിലൂടെ ഇല്ലാതാവുന്നു. ചിലര്‍ ഇതറിഞ്ഞ് മരണശേഷവും ജീവിക്കുന്നു. ക്രിസ്തുമസിന് വീണ്ടുവിചാരത്തിന്റെ നക്ഷത്രം മനസിലും കൂടി തെളിച്ചു വെക്കാന്‍ കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: