ഒഴിവുകള്‍ പിഎസ്സിക്ക് വിടാതെ ഇഷ്ടക്കാര്‍ക്ക് താത്ക്കാലിക നിയമനങ്ങള്‍ നല്കി പിന്നാക്ക ക്ഷേമ വകുപ്പ്. പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ മുതല്‍ പിഎസ്സി നിയമനം ത്വരിതഗതിയിലാക്കുമെന്ന വാഗ്ദാനങ്ങളെല്ലാം പാഴാകുന്നുവെന്നാണ് പിന്നാക്കക്ഷേമ വകുപ്പിലെ ഈ അനധികൃതനിയമനങ്ങള്‍ തെളിയിക്കുന്നത്.
ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ്, ഡ്രൈവര്‍ തസ്തികകളിലായി പത്തോളം ഒഴിവുകളാണ് വകുപ്പിന്റെ തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളിലുള്ളത്. സ്പെഷ്യല്‍ റൂള്‍ നിലവിലില്ല എന്ന ന്യായം പറഞ്ഞാണ് ഈ ഒഴിവുകളില്‍ നിയമനം നടത്താതെ സര്‍ക്കാരും പിഎസ്സിയും ഒത്തുകളിക്കുന്നത്.
2011ല്‍ രൂപീകൃതമായ പിന്നോക്ക ക്ഷേമ വകുപ്പിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി മൂന്ന് ഓഫീസുകളാണുള്ളത്. ഇതില്‍ എറണാകുളത്തെ ഓഫീസിലെ അഞ്ച് തസ്തികകളില്‍ മാത്രമാണ് സ്ഥിരം ജീവനക്കാരുള്ളത്. തിരുവനന്തപുരത്ത് ഒരു ഡപ്യൂട്ടി ഡയറക്ടര്‍, നാല് എല്‍ഡി ക്ലാര്‍ക്ക്, ഒരു ലാസ്റ്റ് ഗ്രേഡ്, കോഴിക്കോട്ട് ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, രണ്ട് ക്ലാര്‍ക്ക് എന്നിങ്ങനെ ആകെ ഒമ്പത് തസ്തികകളില്‍ സ്ഥിരം ജീവനക്കാരില്ല.
വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അടിയന്തരമായി ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്ന് കാണിച്ച് വകുപ്പ് ഡയറക്ടര്‍ ഈ വര്‍ഷം ജൂണിലും, സെപ്റ്റംബര്‍ മാസത്തിലും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. നിലവിലുള്ള പൊതു സ്പെഷ്യല്‍ റൂളുകള്‍ അനുസരിച്ച് നിയമനം നടത്താമെന്നും പ്രത്യേകം സ്പെഷ്യല്‍ റൂളുകളുടെ ആവശ്യമില്ലെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉപദേശവും നല്‍കിയിരുന്നു. എന്നിട്ടും ഒഴിവുകള്‍ പിഎസ്സിക്ക് വിടാതെ ഇഷ്ടക്കാരെ താത്ക്കാലിക ജീവനക്കാരായി നിയമിച്ചിരിക്കുന്നു.
റാങ്ക് ഹോള്‍ഡേഴ്സിന് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളില്‍ സ്പെഷ്യല്‍ റൂള്‍ നിലവിലില്ലാത്തത് വകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിന് തടസമേ അല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഭരണ പരിഷ്ക്കാര വകുപ്പിന്റെ ഉപദേശം ലഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും ഭരണ വകുപ്പിന്റെ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ പിഎസ്സി നിയമനം നടത്താമെന്നിരിക്കിലും സര്‍ക്കാര്‍ അതിന് മുതിരുന്നില്ല. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ജോലി കാത്ത് നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള അലംഭാവമെന്നത് ഉദ്യോഗാര്‍ത്ഥികളെ നിരാശരാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: