കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന് അറുപത് ആണ്ട് തികയുമ്പോള്‍ പരാതികളും പരിഭവങ്ങളുമേറെ. പാലക്കാടിനൊപ്പവും അതിന് ശേഷവും രൂപീകൃതമായ പല ജില്ലകളും പലരംഗത്തും പുരോഗതി പ്രാപിച്ചിട്ടും പാലക്കാടിന് ഇന്നും പരിഭവങ്ങളേറെ. വിഎസ് അച്യുതാനന്ദന്, ഇ.കെ. നായനാര്‍ എന്നീ മുഖ്യമന്ത്രിമാരെയും നിരവധി മന്ത്രിമാരേയും സൃഷ്ടിച്ച ജില്ലയാണ് പാലക്കാട്. എന്നാല്‍ അതിനുള്ള നേട്ടം പാലക്കാടിനുണ്ടായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നതാണ് ഉത്തരം.
ലോക പ്രശസ്തമായ സൈലന്റ് വാലിയും പറമ്പിക്കുളവും പാലക്കാടിന് അവകാശപ്പെട്ടതാണ്. മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത മണ്ഡലമാണ് മലമ്പുഴയെങ്കിലും ഇവിടെ യാതൊരു പുരോഗതിയും ഇന്നുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാടാണ് ഒരുകാലത്ത് കേരളത്തെ ഊട്ടി വളര്‍ത്തിയിരുന്നത്. എന്നാലിന്ന് കാര്‍ഷിക രംഗം തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുകയാണ്. നെല്പാടങ്ങള് നികത്തി മണിമാളികകള്‍ ഉയരുന്നു. പൈതൃകങ്ങല് നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു.
സാംസ്ക്കാരിക രാഷ്ട്രീയ സാഹിത്യ കലാ-വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രഗത്ഭരെ സൃഷ്ടിച്ച ജില്ലയാണ് പാലക്കാട്. കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവി അലങ്കരിച്ച ഏക മലയാളി സര്. പി. ശങ്കരന്‍നായര്‍, നയതന്ത്രരംഗത്ത് പ്രതിഭാശാലികളായ കെ.പി.എസ് മേനോന്, വി.പി. മേനോന് എന്നിവരും പാലക്കാട്ടുകാരാണ്. ഒ.വി. വിജയന്, എംപി വാസുദേനവന് നായര്‍, മഹാകവി അക്കിത്തം, ഒളപ്പമണ്ണ, ഋഗ്വേദത്തിന് ഭാഷ്യം രചിച്ച ഒഎംസി നമ്പൂതിരിപാട്, ചെമ്പൈ വൈദ്യനാദ ഭാഗവതര്‍ , പാലക്കാട് മണി അയ്യര്‍, കഥകളി ലോകത്തെ അവിസ്മരണീയരായ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, വാഴേങ്കട കുഞ്ചുനായര്‍ , കാലാമണ്ഡലം കൃഷ്ണന് നായര്‍ എന്നിവരും പാലക്കാട്ടുകാരണ്. ആദ്ധ്യാത്മിക രംഗത്ത് നിന്ന് സ്വാമി ബ്രഹ്മാനന്ദ സ്വാമി ശിവയോഗി, ചിന്മയാനന്ദന്റെ ഗുരു സ്വാമി തബോവനം എന്നിവരും ഈ ജില്ലയിലുള്ളവര്‍ തന്നെ. പത്രപ്രവര്‍ത്തനരംഗത്തെ പ്രഗത്ഭരായ പിപി രാമചന്ദ്രന് , ഇകെ മാധവന്‍കുട്ടി എന്നിവര്‍ക്കെല്ലാം ജന്മം നല്കിയ നാടാണിത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഗ്രഹാരങ്ങളുള്ള നാടും പാലക്കാടാണ്. പട്ടിക ജാതി വിഭാഗക്കാര്‍ കൂടുതലുള്ളതും ഇവിടെയാണ്. സംസ്ഥാനത്തെ ആദ്യ കമ്പ്യൂട്ടര്‍ വല്കൃത ജില്ലയും പാലക്കാടാണ്. കേരളത്തിലെ ആദ്യ ഐഐടി സ്ഥാപിച്ചതും ഇവിടെയാണ്. കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ ജില്ലയും പാലക്കാടാണ്. ഇതൊക്കെയാണെങ്കിലും പാലക്കാടിന് അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നതാണ് ഉത്തരം.
പാലക്കാട് രാജക്കന്മാര് കെട്ടിയ നഗരഹൃദയത്തിലുള്ള കോട്ട ദര്‍ശിക്കാനായി ഇന്നും നൂറ് കണക്കിനാളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ ഡാമായ മലമ്പുഴയും പാലക്കാട്ടാണ് സ്ഥിതി ചെയ്യുന്നത്. ജലസേചന ആവശ്യത്തിനായാണ് അത് നിര്‍മ്മിച്ചതെങ്കിലും ലക്ഷകണക്കിനാളുകളുടെ ദാഹം തീര്‍ക്കുന്നത് ഇന്നീ ഡാമാണ്. എട്ട് ഡാമുകള്‍ ജില്ലയിലുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. തമിഴ്നാടിന് കുടിവെള്ളം നല്കുന്ന ഷിരുവാണി ഡാമും ഇവിടെയാണ്.
പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേയ്ക്ക് കേരളത്തില്‍ നിന്നൊരു വഴി എന്നത് ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. കോച്ച് ഫാക്ടറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നാനാതുറകളില്‍ മികവുണ്ടാക്കിയതിനോടൊപ്പം തന്നെ കുറവും ഏറെയാണ്. ഇത് എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രത്യാശയിലാണ് പാലക്കാട് നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: