തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവവമായ പൊങ്കലിനോട് അനുബന്ധിച്ച് കാളക്കൂറ്റന്മാരെ ഉപയോഗിച്ച് നടത്തുന്ന ഒരു പരമ്പതാഗത കായിക മത്സരമാണ് ജെല്ലിക്കെട്ട്. മനുഷ്യരുടെ പതിന്മടങ്ങ് ശക്തിയുള്ള കാളകളെയാണ് ഈ കായിക വിനോദത്തിൽ മത്സരാർത്ഥികൾക്ക് കീഴടക്കേണ്ടി വരുന്നത്. ജീവന്‍പണയം വച്ചുള്ള ഈ വിനോദത്തെ തമിഴ്നാട്ടുകാര്‍ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായാണ് കാണുന്നത്.
മഞ്ജുവിരട്ട്, എരുത്തഴുകൂത്തൽ എന്ന പേരില്‍ അറിയപ്പെടുന്ന ജെല്ലിക്കെട്ട് ധൈര്യശാലികളും വീരന്മാരുമായ യുവാക്കളെ കണ്ടെത്താന്‍ ഉള്ള വിനോദമായി പരിണമിച്ചെങ്കിലും ആദ്യകാലങ്ങളില്‍ തനിക്കിഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ഒരു വീരവിളയാട്ടമായിട്ടാണ് അറിയപ്പെട്ടിരുന്നത്.
എന്നാൽ മനുഷ്യര്‍ കാളകളെ മെരുക്കുന്ന ഈ പരമ്പരാഗത കായിക വിനോദം വിവാദത്തില്‍പ്പെട്ട് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കാളകളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു എന്ന വാദമുഖവുമായി ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചതാണ് വിവാദത്തിന്റെ തുടക്കം. 1991 ല്‍ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ കുരങ്ങുകളെയും, പട്ടികളെയും, കരടികളെയും, കടുവകളേയും, പുലികളേയും വിനോദത്തിനു വേണ്ടി പരിശീലിപ്പിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ പാടില്ല എന്ന നിയമം കൊണ്ടുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജെല്ലിക്കെട്ടും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നതാണ് മൃഗസേനേഹികള് വാദിക്കുന്നത്.
2007 മുതലാണ് കാളപ്പോര് സംബന്ധിച്ച കേസുകള്‍ കോടതിയില്‍ എത്തുന്നത്. കേസ് പരിഗണിച്ച സുപ്രീം കോടതി നവംബര്‍ പതിനാറിന് തമിഴ്നാട് സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ക്രൂര വിനോദത്തിന് തടയിട്ടത്. തമിഴ്നാട്ടിലെ തന്നെ മൃഗസ്നേഹികളും ചില സാമൂഹിക സംഘടനകളുമാണ് ജെല്ലിക്കെട്ട് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്.
വിശദമായ വാദം കേട്ട കോടതി ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിട്ടു. ഇതോടെ തമിഴ്നാട്ടിലെ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വിധിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ജെല്ലിക്കെട്ട് നടത്തുന്ന ചില സംഘടനകള്‍ പുനഃപരിശോധനാ ഹര്‍ജിയുമായി വീണ്ടും കോടതിയെ ശരണം പ്രാപിച്ചതോടെ കര്‍ശന സുരക്ഷാക്രമീകരണങ്ങളോടെ കാളപ്പോര് നടത്താന്‍ അനുമതിനല്‍കി. എന്നാല്‍ പിന്നീട് നടന്ന കാളപ്പോരു മത്സരങ്ങളിലെല്ലാം പതിവുപോലെ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്ന് കാളപ്പോര് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വീണ്ടും കോടതിയിലെത്തി.
2014 മെയ് മാസത്തില്‍ വീണ്ടും സുപ്രീം കോടതി കാളപ്പോരിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കാളപ്പോര് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് 2017 ജനുവരിയിലെ പൊങ്കല്‍ ഉത്സവത്തിനെങ്കിലും ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.ഈ ഹര്‍ജിയും സുപ്രീംകോടതി തള്ളുകയായിരുന്നു. മുന്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് തമിഴ്നാട് സമ്മര്‍ദ്ദം ചെലുത്തി കാളകളെ വന്യജീവി പട്ടികയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഇതും പരമോന്നത കോടതി ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇപ്പോഴും ജെല്ലിക്കെട്ടിനുവേണ്ടി തമിഴ്നാട്ടില്‍ മുറവിളി ഉയരുകയാണ്. ചോരചീന്തുന്ന ഈ പാരമ്പര്യ വീരവിളയാട്ട് ഒരു ക്രൂര വിനോദമാണെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മൃഗസ്നേഹികളും സാമൂഹിക സംഘടനകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: