വയനാട്ടിലെ പുഴമുടി തറവാട്ടിലെ പുരാരേഖകള്‍ സംസ്ഥാന പുരാരേഖാ വകുപ്പ് കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പദ്ധതിയില്‍പ്പെടുത്തി സംരക്ഷിക്കാനൊരുങ്ങുന്നു.
വയനാട്ടിലെ പഴക്കം ചെന്ന നായര്‍ ഭവനങ്ങളില്‍ ഒന്നാണ് പുഴമുടി തറവാട്. പഴശ്ശിരാജാവുമായി ഉറ്റസൗഹൃദം പുലര്‍ത്തിയിരുന്നവരാണ് ഈ തറവാട്ടിലെ കാരണവന്മാര്. പുഴമുടി തറവാട്ടിലെ പരേതരായ കരുണാകരന് നായര്‍-ലക്ഷ്മിയമ്മ നേത്യാര് ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമനായ വേണുഗോപാലാണ് പുരാരേഖകള്‍ പുരാരേഖാ വകുപ്പിനു കൈമാറിയത്.
മലയാളത്തിലടക്കം എഴുതിയിട്ടുള്ള 15 മുളംകരണങ്ങളാണ് പുരാരേഖകളിലുള്ളത്. മൂന്ന് കാല്പ്പെട്ടികളില് സൂക്ഷിച്ചിരുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രമാണങ്ങള്‍, കുറിപ്പുകള്‍, ഗ്രന്ഥങ്ങള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. തത്കാലം എന്‍എംഎസ്എം ഗവ. കോളജില്‍ സൂക്ഷിക്കുന്ന ഇവ ചരിത്രവിഭാഗം വിദ്യാര്‍ഥികളുടെ സഹകരണത്തോടെ തരംതിരിച്ച് പട്ടിക തയാറാക്കി സാങ്കേതികവിദ്യാസഹായത്തടെ വായിക്കുന്നതിനു അനുരൂപമാക്കി ഡിജിറ്റല്‍ പകര്പ്പെടുത്തുമാണ് സംരക്ഷിക്കുകയെന്ന് പുരാരേഖാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.
പകര്പ്പെടുത്തതിനുശേഷം പുരാരേഖകള്‍ തറവാട്ടില്‍ തിരിച്ചേല്‍പ്പിക്കും. രേഖകളില്‍ ചരിത്രപ്രാധാന്യമുള്ളവയുടെ പകര്‍പ്പുകളാണ് പുരാരേഖാലയത്തില്‍ സൂക്ഷിക്കുക. ഇവ പഠനത്തിനും വിധേയമാക്കും.
പഴശ്ശി കാലത്തിനും മുമ്പുള്ളതാണ് 1957ല്‍ പുതുക്കിപ്പണിത തറവാട്ടില്‍ സൂക്ഷിച്ച മുളംകരണങ്ങള്. ഇവയിലെ എഴുത്തുകളുടെ പഴക്കം ശാസ്ത്രീയ പരിശോധന്ക്കുശേഷമേ വ്യക്തമാകുകയുള്ളൂവെന്നും പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശാസ്ത്രീയമായി പരിശോധിക്കുന്പോള്‍ മുളംകരണങ്ങളില് ഉളിയില്‍ കൊത്തിയ എഴുത്തുകള്‍ വായിക്കാന്‍ കഴിയുന്നതോടെ ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഒരുപക്ഷേ, വയനാടിനെ സംബന്ധിച്ച പുതിയ ചരിത്രരചനയ്ക്കുതന്നെ സഹായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പുരാരേഖാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. ബിജു, കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സിലെ ആര്‍ക്കിവിസ്റ്റ് ആര്. സജികുമാര്‍, തിരുവനന്തപുരം ആര്‍ക്കൈവസ് ഡയറക്ടറേറ്റിലെ ആര്‍ക്കിവിസ്റ്റ്, ആര്. അശോക് കുമാര്‍, കോഴിക്കോട് റീജിണണല് ആര്‍ക്ക് വൈസ് സൂപ്രണ്ട് ഇ.ബി. ഷാജിമോന്‍, അസിസ്റ്റന്റ് ആര്ക്കിവിസ്റ്റുമാരായ എസ്. നന്ദകുമാര്‍, ഷിബു നാരായണന്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥന് കെ. ഹരികുമാര്‍ എന്നിവര്‍ പുരാരേഖകള്‍ ഏറ്റുവാങ്ങി.
കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി. പ്രിയ, ചരിത്രവിഭാഗം മേധാവി കെ.എസ്. സുജ, അസിസ്റ്റന്റ് പ്രഫ. അനൂപ് തങ്കച്ചന് എന്നിവരാണ് തറവാട്ടിലെ മുതിര്‍ന്ന അംഗം കെ.പി. വേണുഗോപാലനില്നിന്ന് രേഖകള്‍ സ്വീകരിച്ച് പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
ചരിത്രരേഖകളുടെ സമാഹരണവും സംരക്ഷണവും മുന്‍നിര്‍ത്തി ആവിഷ്കരിച്ച കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പദ്ധതിയില്‍ ഇതിനകം മലപ്പുറം ജില്ലയിലെ ചെമ്പ്രശേരി, കരിക്കാട്ട് മനകളില്‍ സൂക്ഷിച്ചിരുന്ന പുരാരേഖകള്‍ പുരാരേഖാവകുപ്പ് ഏറ്റെടുത്തിരുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂന്നാമത്തെ തറവാടാണ് പുഴമുടിയിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: