കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന പുഷ്പോത്സവത്തിന്റെ(പൂപ്പൊലി) നാലാമത് പതിപ്പില്‍ റോസ് ഉദ്യാനം മുഖ്യ ആകര്‍ഷണമാകും. ജനുവരി 27ന് ആരംഭിക്കുന്ന 14 ദിവസം നീളുന്ന പൂപ്പൊലിക്ക് മാറ്റൂകൂട്ടൂന്നതിനായി 466 ഇനം റോസ് ചെടികള്‍ വിദേശരാജ്യങ്ങളില്‍നിന്നു ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി. രാജേന്ദ്രന് പറഞ്ഞു. മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിലവില്‍ 1200 ഓളം റോസ് ഇനങ്ങളുണ്ട്.
ഏകദേശം അഞ്ച് ഏക്കര്‍ വരുന്നതാണ് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം റോസ് ഗാര്ഡന്. ഇന്ത്യയില്‍ റോസ് ചെടി ഇറക്കുമതിക്ക് ലൈസന്‍സുള്ള ബംഗളൂരുവിലെ സി.എസ്. ഗോപാലകൃഷ്ണ അയ്യങ്കാര്‍ മുഖേനയാണ് പുഷ്പോത്സവത്തിനായി വിദേശ റോസ് ഇനങ്ങള്‍ വരുത്തുന്നത്. അമ്പലവയലില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൈവശമുള്ളതില്‍ ഏകദേശം 12 ഏക്കര്‍ സ്ഥലമാണ് പുഷ്പോത്സവത്തിനായി ഉപയോഗപ്പെടുത്തുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുഷ്പോത്സവത്തിന്റെ സംഘാടനം.
കഴിഞ്ഞ പുഷ്പോത്സവത്തിന്റെ ഭാഗമായിരുന്ന ചന്ദ്രോദ്യാനം, സൂര്യോദ്യാനം, സ്വപ്നോദ്യാനം എന്നിവ ഇക്കുറിയും ഉണ്ടാകും. രണ്ടര എക്കര്‍ വിസ്തൃതിയുള്ളതായിരിക്കും ചന്ദ്രോദ്യാനം. വെള്ള ഇലകളും പൂക്കളുമുള്ള സസ്യങ്ങള്‍ മാത്രമാണ് ഈ ഉദ്യോനത്തില്‍. ആയിരത്തിലധികം വരും ഇതിലുള്ള ഇനങ്ങളുടെ എണ്ണം. ചീര വര്‍ഗത്തില്‍പ്പെട്ട സെലോഷ്യ ഉപയോഗിച്ച് സൂര്യോദയത്തിന്റെ ആകൃതിയില്‍ തീര്‍ത്തതാണ് സൂര്യോദ്യാനം. അപൂര്‍വ ഇനങ്ങളില്‍പ്പെടുന്നതടക്കം അലങ്കാരപ്പക്ഷികളുടെ ശേഖരവും കുട്ടികളുടെ ഉല്ലാസത്തിനുള്ള സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് സ്വപ്നോദ്യാനം.
ഡാലിയ, ഓര്‍ക്കിഡ് ഉദ്യാനങ്ങള്‍, വിഷരഹിത പച്ചക്കറിത്തോട്ടം എന്നിവയും പൂപ്പൊലിയുടെ ഭാഗമായി ഉണ്ടാകും. 5000ല്‍ പരം ഇനങ്ങളാണ് ഡാലിയ ഗാര്‍ഡനില്‍. മൊട്ടിടുന്നതിനുള്ള പരുവത്തിലാണ് ഉദ്യാനത്തിലെ ഡാലിയ ചെടികളില്‍ ഏറെയും. ഫെലനോപ്സിസ്. ഡെന്‍ഡ്രോബിയം, വാന്‍ഡ്, കറ്റാലിയ കുടുംബങ്ങളില്‍നിന്നുള്ളതിനു പുറമേ വൈല്‍ഡ് ഇനങ്ങളും ഉള്‍പ്പെടുന്നതാണ് പൂപ്പൊലിക്കായി സജ്ജമാക്കുന്ന ഓര്‍ക്കിഡ് ഉദ്യാനം. ഇറക്കുമതി ചെയ്തതടക്കം 1300 ഓളം ഇനങ്ങളാണ് ഓര്‍ക്കിഡ് ഉദ്യാനത്തില്‍ ഉണ്ടാകുകയെന്ന് ഇതിന്റെ ചുമതലയുള്ള റിസര്‍ച്ച് അസിസ്റ്റന്റ് പ്രിയ ലോറന്‍സ് പറഞ്ഞു.
ഗവേഷണകേന്ദ്രത്തില്‍ ടിഷ്യൂ കള്‍ച്ചറിലൂടെ വികസിപ്പിച്ചതാണ് ചിലയിനം ഓര്‍ക്കിഡുകള്‍. ബോധവത്കരണം മുന്‍നിര്‍ത്തിയാണ് വിഷരഹിത പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. 2014 ഫെബ്രുവരി രണ്ട് മുതല്‍ 12 വരെയായിയുന്നു ഗവേഷണ കേന്ദ്രത്തില്‍ പ്രഥമ വയനാട് പുഷ്പോത്സവം. കാര്യമായ ഒരുക്കങ്ങളില്ലാതെ സംഘടിപ്പിച്ച പുഷ്പോത്സവം ലാഭകരമായ സാഹചര്യത്തിലാണ് വ്യക്തമായ ആസൂത്രണത്തോടെ പൂപ്പൊലി രണ്ടാമത് പതിപ്പിന് 2015 ജനുവരിയില്‍ അമ്പലവയല്‍ വേദിയായത്.
കാര്‍ഷിക സര്‍വകലാശാല കണക്കുകൂട്ടിയതിനും അപ്പുറത്തായിരുന്നു രണ്ടാമത് പുഷ്പോത്സവത്തിന്റെ വിജയം. ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടത്തിയ പുഷ്പോത്സവത്തിലൂടെ 90.65 ലക്ഷം രൂപയുടെ വരുമാനമാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്.കഴിഞ്ഞതവണ 149 ലക്ഷം രൂപയായിരുന്നു വരുമാനം. ചെലവ് 68.2 ലക്ഷം രൂപയും. ഗവേഷണ കേന്ദ്രത്തിലെ 214 താത്കാലിക തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ വേതനം നല്‍കാനും പൂപ്പൊലി മൂന്നാമത് പതിപ്പിലെ വരുമാനം ഉതകിയെന്ന് അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു.
വരവില്‍ 70.41 ലക്ഷം രൂപ ടിക്കറ്റ് വില്പനയിലൂടെയും എട്ട് ലക്ഷം രൂപ ചെടികളുടെ വില്പനയിലൂടെയും 23.5 ലശ്രം രൂപ സ്റ്റാള്‍ അലോട്ട്മെന്റിലൂടെയും ലഭിച്ചതാണ്. ഇത്തവണ 80 ലക്ഷം രൂപ ചെലവും 150 ലക്ഷം രൂപ വരവുമാണ് പ്രതീക്ഷിക്കുന്നത്. 340 സ്റ്റാളുകള്‍ ഇക്കുറി ഉണ്ടാകും. കള്ളിച്ചെടികളെക്കുറിച്ചുള്ള അന്താരാഷ്ട്ര ശില്പശാല പൂപ്പൊലി മൂന്നാമത് പതിപ്പിന്റെ പ്രത്യേകതയായിരുന്നു. ഇത്തവണ അന്താരാഷ്ട്ര ശില്പശാല ഉണ്ടാകില്ല.
ഫയല്‍ ചെയ്തത്: കെ.സജീവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: