സംസ്ഥാനം നാളിതുവരെ കാണാത്ത വരള്‍ച്ചയിലേക്കും കടുത്ത ചൂടിലേക്കും നീങ്ങുന്നതോടെ വരള്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടി കാടുകളും കത്തിത്തുടങ്ങി. ചൂടും വരള്‍ച്ചയും കനക്കുംമുമ്പ് മലനിരകളിലും കാടുകളിലും തീപിടിക്കുകയാണ്. പാലക്കാടിനെയാണ് കൊടുചൂടും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പല്ലശ്ശേനയിലെ വാമല കഴിഞ്ഞയാഴ്ച കത്തിയമര്‍ന്നു.
നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങിത്തുടങ്ങി. വിളവെടുക്കാറായ പാടങ്ങളില്‍ നിന്ന് കര്‍ഷകര്‍ പതിരാണ് കൊയ്യുന്നത്. മലമ്പുഴ കനാലില്‍ വെള്ളം നിര്‍ത്തിയതും വേനല്‍ച്ചൂട് കനത്തതും നെല്‍പ്പാടങ്ങളെ കരിച്ചുണക്കി. ഒരു തവണ വെള്ളം ലഭിച്ചിരുന്നെങ്കില്‍ കൊയ്‌തെടുക്കാമായിരുന്ന നെല്‍പ്പാടങ്ങളാണ് കരിഞ്ഞത്.
നിറകതിരുകള്‍ വരുംമുമ്പേ വെള്ളമില്ലാതായത് നെല്‍ച്ചെടികള്‍ പതിരാകാന്‍ കാരണമായി. പശുവിന് വൈക്കോല്‍ നല്‍കാന്‍ കഴിയുമെന്നു കരുതിയാണ് കര്‍ഷകര്‍ പാടത്തെ നെല്‍കൃഷി കൊയ്‌തെടുക്കുന്നത്. ഇതിനുള്ള കൂലിയും നഷ്ടം വന്നിരിക്കുകയാണ്. സാധാരണയായി 1500 മുതല്‍ 2000 കിലോ നെല്ല് വരെ കൊയ്‌തെടുക്കുന്ന പാടത്തു നിന്നാണ് പതിര് കൊയ്യുന്നത്. ചിറ്റൂര്‍ പുഴ പദ്ധതിക്കു കീഴിലുള്ള കര്‍ഷകരും വൈക്കോല്‍ പോലും അരിഞ്ഞെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മതിയായ തോതില്‍ ജലസേചനം നടത്താനുള്ള വെള്ളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് ലഭിക്കാത്തതും മഴയില്ലായ്മയും കര്‍ഷകരുടെ എല്ലാ പ്രതീക്ഷയും തകര്‍ത്തിരിക്കുകയാണ്. പുൽല്‍പ്പുള്ളി ഭാഗത്ത് നട്ട് ഒരുമാസം തികയും മുമ്പേ നെല്‍കൃഷി പാടെ ഉണങ്ങി കരിഞ്ഞു.
വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങിയും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചുമാണ് കൃഷിയിറക്കിയത്. എടുത്ത വായ്പയും കടവും തിരിച്ചു നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ മാത്രമെ കടക്കെണിയില്‍ നിന്ന് രക്ഷനേടാനും ഭക്ഷണം കഴിക്കാനും സാധിക്കൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ളത് പാലക്കാട് ജില്ലയിലാണ്. ഏറ്റവുമധികം നെല്ല് സംഭരിക്കുന്നതും ഇവിടെ നിന്നു തന്നെ. കുഴല്‍ കിണറുകളില്‍ വെള്ളം താഴുകയാണ്. ഇങ്ങനെ വെള്ളമില്ലാതാകുന്ന കുഴല്‍ കിണറിന് തൊട്ടടുത്തു തന്നെ 1000 അടി താഴ്ചവരെ കുഴിച്ചാലും വെള്ളം കിട്ടാത്ത സ്ഥിതിയുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്ന അവസ്ഥയും ഉണ്ടാകുമെന്നാണ് ഭയപ്പെടുന്നത്.
തടയണകള്‍, ഡാമുകള്‍, കിണറുകള്‍, കുളങ്ങള്‍ എല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കാനും മഴവെള്ളം സംഭരിക്കാനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരസാഹചര്യം കണക്കിലെടുത്ത് നടക്കുന്നുണ്ട്. വീടുകളില്‍ കിണറുകള്‍ കുത്തിയും തടയണകള്‍ നിര്‍മിച്ചും വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിടാനുള്ള കിണഞ്ഞ ശ്രമത്തിലുമാണ്.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കിണറുകളും കുടിവെള്ള സ്രോതസ്സും സംരക്ഷിക്കുന്ന പ്രവൃത്തിയും ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം സമയത്തിനു നല്‍കാതെ പീഡിപ്പിക്കുകയാണ്. 1876-ല്‍ ഉണ്ടായ വരള്‍ച്ചയെ ഓര്‍മിപ്പിക്കുന്നതാണ് ഇത്തവണത്തെ വരള്‍ച്ചയും മഴക്കുറവുമെന്ന് ചെന്നൈയിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. അടുത്തു തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയായാല്‍ കുറച്ചു മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പാലക്കാട് ജില്ലക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: