പാലക്കാട്: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുന്ന സേവനാവകാശ നിയമത്തെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലന ക്ലാസ് നടത്തുന്നു.
രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ തുടങ്ങുന്ന സെമിനാറില്‍ ഐ.എം.ജി ഫാക്കല്‍റ്റി ലളിത് ബാബു ക്ലാസെടുക്കും.വിവരാവകാശ നിയമം പോലെ തന്നെ സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്യോഗസ്ഥരെ ഓരോ ഓഫീസിലും നിയോഗിച്ചിട്ടുണ്ട്.
നിയുക്ത ഉദ്യോഗസ്ഥന്റെ ചുമതല, ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍,അപേക്ഷയ്ക്ക് രശീത് നല്കല്, മറുപടി നല്‍കുന്നതിന് നിശ്ചിത സമയപരിധി, സേവനം നല്കാനാവുന്നില്ലെങ്കില് അപേക്ഷകന് രേഖാമൂലമുള്ള അറിയിപ്പ് എന്നിവ സംബന്ധിച്ച് ക്ലാസില്‍ വിശദീകരിക്കും.
ന്യായമായ കാരണങ്ങളില്ലാതെ സേവനം നല്കാതിരിക്കുകയോ സേവനം നിശ്ചിത സമയത്തിനകം നല്കാതിരിക്കുകയോ ചെയ്താല്‍ നിയുക്ത ഓഫീസറില്‍ നിന്നും 500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. അപ്പീല്‍ അധികാരി നടപടികള്‍ വൈകിപ്പിച്ചാലും പിഴയും അച്ചടക്കനടപടിയുണ്ടാവും.
ഇത്തരത്തില്‍ ഗൗരവപൂര്‍വമായ ഒരു നിയമത്തിന്റെ സാധ്യതകളെകുറിച്ച് ബോധവത്കരണം നടത്താനാണ് സെമിനാര്‍ നടത്തുന്നത്. സര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും കൃത്യസമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: