കൂറ്റനാട്: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത കൂറ്റനാട് ബ്സ സ്റ്റാന്റിന്റെ ഗതി ടേക്ക് എ ബ്രേക്കിനും വരുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍. ഉദ്ഘാടന ചടങ്ങ് നിര്‍വ്വഹിച്ച് ഒരുവര്‍ഷം തികയുന്ന കൂറ്റനാട്ടെ പുതിയ വിശ്രമകേന്ദ്രമാണ് ടേക്ക് എ ബ്രേക്ക്.
കൂറ്റനാട് ജല അതോറിറ്റിക്ക് മുന്‍വശത്ത് പട്ടാമ്പി-പെരുമ്പിലാവ് സംസ്ഥാന പാതയിലാണ് 40ലക്ഷത്തോളം രൂപചിലവ് ചെയ്ത് ടേക്ക് എ ബ്രേക്ക് നിര്‍മ്മിച്ചത്.ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമസൗകര്യത്തിനായാണ് കൂറ്റനാട് ഇത് നിര്‍മ്മിച്ചതെന്നായിരുന്നു വിശദീകരണം. പ്രത്യേക ടോയ്ലറ്റ് സൗകര്യം, കഫ്റ്റീരിയ, എടി.എം തുടങ്ങിയവയെല്ലാം കേന്ദ്രത്തിലുണ്ടാവുമെന്ന് വാഗ്ദാനങ്ങള്‍ നിരത്തിയിരുന്നു. എന്നാല്‍ ഇതുവരെയും ഇതൊന്നും നടപ്പായിട്ടില്ല. ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപാകതയേറെയാണ്.
2016 ഫെബ്രുവരി 28ന് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പിഅനില്കുമാറാണ് ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കെട്ടിടം പണിപൂര്‍ത്തിയായെങ്കിലും നമ്പറിങ്ങും വൈദ്യുതീകരണവും നടന്നില്ല. ഒരുവര്‍ഷമായി അടഞ്ഞുകിടക്കുന്നതിനാല്‍ പരിസരം വൃത്തിഹീനമാണ്. ഇവിടുത്തെ ബസ്സ്റ്റാന്റിന്റെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് ആരംഭിച്ചെങ്കിലും ഇപ്പോള്‍ ബസുകള്‍ തിരിഞ്ഞുനോക്കാത്ത സ്റ്റാന്റായി. പൊതുവെ വരുമാനം കുറവായ തൃത്താല ഗ്രാമപഞ്ചായത്തിനതൊരു ഭാരമായി മാറി.
ലക്ഷക്കണക്കിന് രൂപയാണ് സ്റ്റാന്റ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്. ബസ്സ്റ്റാന്റിനുണ്ടായ ദുര്‍ഗതി ടേക്ക് എ ബ്രേക്കിനും വന്നേക്കുമോ എന്ന ജനങ്ങളുടെ ആശങ്കയും ഇപ്പോള്‍ ശരിയായെന്നു തോന്നുന്നവിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.
എന്നാല്വികസനനായകന്, ഹരിത എംഎല്‍എ എന്നെല്ലാം വിളിപ്പേരുള്ള വി.ടി.ബല്‍റാം പിന്തുണ വാഗ്ദാനം ചെയ്തപ്പോള്‍ കുറഞ്ഞത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെങ്കിലും കരുതിക്കാണും ഇത് ശരിയാകുമെന്ന്.എന്നാല്‍ തൃത്താല മണ്ഡലത്തിന്റെ ഭരണ സിരാകേന്ദ്രമായ കൂറ്റനാട് നഗരത്തിന്റെവികസനം സ്വപ്നമായി അവശേഷിക്കുന്നു.
തൃത്താലയെ പ്രതിനിധീകരിച്ച ഇരുമുന്നണികളും മണ്ഡലത്തിന്റെ വികസനത്തിനായി യാതൊരുവിധത്തിലുള്ള ശ്രമങ്ങളും നാളിതുവരെ നടത്തിയിട്ടില്ലെന്നതാണ് വസ്തുത.
നിര്‍മ്മാണ ഏജന്‍സി കെട്ടിടം ഇതുവരെയും ടൂറിസം വകുപ്പിന് കൈമാറിയിട്ടില്ലെന്ന് പറയുന്നു. സംസ്ഥാനപാതയോരത്തായതിനാല് കെഎസ്ടിപിയില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ലത്രെ.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് കെട്ടിടത്തിന്റെ ഒരുഭാഗം സ്ഥിതിചെയ്യുന്നത്. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തില്‍ നിര്‍മ്മാണം നടന്നിട്ടുള്ളതെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. താനെല്ലാം ശരിയാക്കിതരാമെന്നായിരുന്നു എംഎല്‍എ നല്കിയ ഉറപ്പ്.
ടൗണില്‍ ഗുരുവായൂര്‍ റോഡിലെ ബസ്സ് കാത്തിരിപ്പു കേന്ദ്രം ഒഴിച്ചു നിര്‍ത്തിയാല്‍ തൃത്താല,എടപ്പാള്‍,പട്ടാമ്പി ഭാഗത്തേക്കുള്ള യാത്രക്കാര്‍ പൊരിവെയിലത്താണ് ഇപ്പോള്‍ ബസ്സ് കാത്ത് നില്‍ക്കുന്നത്. ഇവിടങ്ങളില്‍ വെയ്റ്റിങ് ഷെഡുകള്‍ ഇല്ലാത്തത് യാത്രക്കാരെ കുറച്ചൊന്നുമല്ല കഷ്ടത്തിലാക്കുന്നത്. മഴയുംവെയിലും വരുമ്പോള്‍ കടകളുടെ അരികുപറ്റിനില്ക്കേണ്ടസ്ഥിതിയിലാണ്.
ആധുനികസൗകര്യങ്ങളൊന്നുമില്ലെങ്കിലും മഴയുംവെയിലുമേല്ക്കാതെ ബസ്സ് കത്തുനില്ക്കാനുള്ള സൗകര്യമേര്പ്പെടുത്തണമെന്നതാണ്യാത്രക്കാരുടെ ആവശ്യം. ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനക്ഷമമാകാത്ത പദ്ധതികളുടെ സ്ഥിതിതന്നെ ഇതിന് ഉദാഹരണം.
ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമാകാത്ത ടേക്ക് എ ബ്രേക്കിന് ബിജെപി നാഗലശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മൗന ജാഥയും റീത്ത് സമര്‍പ്പണവും നടത്തി.പഞ്ചായത്ത് ജന:സെക്രട്ടറി ലാല്കൃഷണയുടെ നേതൃത്വത്തില്‍ മൗനജാഥ നടത്തി.
പ്രതിഷേധയോഗം മണ്ഡലം ജന:സെക്രട്ടറി ദിനേഷ് എറവക്കാട് ഉദ്ഘാടനം ചെയ്തു. ടി.ധര്മ്മരാജന്,കെ.കെ.ശശിധരന്,സുബ്രുനാഗലശ്ശേരി,കേസരി സുബ്രു,ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: