കൊച്ചി: നോട്ട് അസാധുവാക്കല്‍ അടക്കമുള്ള സമകാലിക സാമ്പത്തിക സംഭവ വികാസങ്ങള്ക്കപ്പുറം ഇന്ത്യന്‍ സ്വര്‍ണ്ണ വിപണിയുടെ വളര്‍ച്ച തികച്ചും ആശാവഹമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഇന്ത്യന്‍ ഗോള്‍ഡ് മാര്‍ക്കറ്റ്: എവല്യൂഷന്‍ ആന്റ് ഇന്നോവേഷന്‍’റിപ്പോര്‍ട്ട്.
1990 മുതല്‍ 2015 വരെയുള്ള വിപണി വിശകലനമനുസരിച്ച് സ്വര്‍ണ്ണവിലയിലുള്ള മാറ്റങ്ങള്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകതയെ ബാധിക്കുന്നില്ല, മറിച്ച് വരുമാനത്തിലുള്ള വര്‍ദ്ധനവാണ് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് പ്രധാന കാരണമാകുന്നതെന്നതാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മറ്റു സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വരുമാനത്തിലുണ്ടാകുന്ന 1 ശതമാനം വര്‍ദ്ധനവ് സ്വര്‍ണ്ണ വിപണിയിലെ 1 ശതമാനം വര്‍ദ്ധനവിന് കാരണമാകുന്നു.
ഇന്ത്യയുടെ നിലവിലുള്ള സ്വര്‍ണ്ണശേഖരം ഏകദേശം 800 ബില്യണ്‍ യു.എസ് ഡോളറാണ്. ഇതില്‍ 40 ശതമാനം ദക്ഷിണേന്ത്യയിലും 25 ശതമാനം പശ്ചിമേന്ത്യയിലുമാണുള്ളത്. റിപ്പോര്‍ട്ടനുസരിച്ച് ഇത് ഉത്തരേന്ത്യയില്‍ 20 ശതമാനം കിഴക്കേന്ത്യയില്‍ 15 ശതമാനം എന്നിങ്ങനെയാണ്. സ്വര്‍ണ്ണം ആഭരണങ്ങളായി നിക്ഷേപിക്കുന്നവരാണ് ഇന്ത്യക്കാരിലധികവും. അതിനാല്‍ തന്നെ 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ക്കാണ് ആവശ്യക്കാരധികവും.
2020 ഓടെ സ്വര്‍ണ്ണക്കട്ടികളും നാണയങ്ങളും നിക്ഷേപമാക്കി മാറ്റുന്നവരുടെ എണ്ണം കൂടുകയും മൊത്തം നിക്ഷേപം ഏകദേശം 250 മുതല്‍ 300 ടണ്‍ വരെയാകുമെന്നാണ് റിപ്പോര്‍ട്ട് നല്കുന്ന സൂചന. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കയറ്റുമതി നടത്തുന്ന ഇന്ത്യയില്‍ വരും നാളുകളില്‍ സ്വര്‍ണ്ണ വായ്പാ വിപണിയിലും മുന്നേറ്റം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: