ഒരു ബിസിനസ് സ്ഥാപനത്തിന്റെ നടത്തിപ്പിന് അത്യാവശ്യമായ മൂന്നു പ്രധാന വിഭവശേഷികളാണ് മനുഷ്യയത്നം, ധനം, സമയം എന്നിവ. സ്ഥാപനത്തിന്റെ പ്രവര്‍ത്തന വിജയം ഇവയെ ഏകോപിപ്പിച്ച് കാര്യക്ഷമമായി എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇതില്‍ ശ്രദ്ധിക്കേണ്ട ഒന്നുരണ്ടു വസ്തുതകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
സ്വന്തമായുള്ള കുറെ ധനം ഒരു ബിസിനസില്‍ മുതല്‍മുടക്കി നിക്ഷേപിക്കാന്‍ നിങ്ങള്‍ക്കു താല്പര്യമുണ്ടെന്നു കരുതുക. നന്നായി പ്രവര്‍ത്തിക്കുന്ന തുടര്‍ന്നും വിജയസാധ്യതയുള്ള ഒരു സ്ഥാപനത്തിലാണോ അതോ മോശമായി നടക്കുന്ന മറ്റൊന്നിലാണോ നിങ്ങളുടെ മുതല്‍മുടക്കുക? ഒട്ടും ശങ്കിയ്ക്കാതെ മറുപടിയുണ്ടാവും- ആദ്യം സൂചിപ്പിച്ച സ്ഥാപനത്തിലാണെന്ന്.
എന്നാല്‍ ബിസിനസ് സ്വയം ഏറ്റെടുത്ത് നടത്തുന്നവര്‍, പ്രത്യേകിച്ചും അതിന്റെ മേല്‍ത്തട്ടിലുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ വസ്തുനിഷ്ഠമായ ഈ ‘വകതിരിവ്’ കാണിയ്ക്കാത്തതെന്താണ്? മറിച്ച് അവരുടെ നിരന്തരമായ ശ്രദ്ധയും വേവലാതികളുമെല്ലാം താണ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളെ ചുറ്റിപ്പറ്റിയാണെന്നു കാണുന്നു. ഇവമൂലം കമ്പനിക്ക് ദിവസവും എത്ര നഷ്ടം വരുന്നു, എങ്ങനെ ഇതുകളെ ശരിയാക്കിയെടുക്കാം എന്നൊക്കെയാവും ഭൂരിപക്ഷം ചിന്തകളും ചര്‍ച്ചകളും. ഒരുപക്ഷെ തങ്ങളുടെ തന്നെ പോരായ്മകള്‍ക്കും കഴിവുകേടുകള്‍ക്കും ‘അലീബി’ അല്ലെങ്കില്‍ ഒഴികഴിവ് കണ്ടെത്താനുള്ള മനുഷ്യസഹജമായ പ്രവണതയാവാം ഇതിനുപിന്നില്‍. മനുഷ്യവിഭവശേഷിയുടെ വിനിയോഗത്തില്‍ ഇത് വളരെ പ്രകടമായ ഒരു വസ്തുതയാണ്.
‘പാരെറ്റോയുടെ സിദ്ധാന്ത’ത്തെക്കുറിച്ച് (പാരെറ്റോസ് പ്രിന്‍സിപ്പിള്‍) കേട്ടിരിക്കും. വില്‍ഫെഡോ പാരെറ്റോ (1848-1923) ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായിരുന്നു. മനുഷ്യയത്നം ഉപയോഗിക്കുന്ന ഏത് മേഖലയിലായാലും 80 ശതമാനം ഫലമുണ്ടാക്കിയെടുക്കുന്നത് 20 ശതമാനം വരുന്ന അധ്വാനികളുടെ ശ്രമംകൊണ്ടാണെന്ന് തന്റെ പഠനങ്ങളിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. 80-20 റൂള്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സമൂഹ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും ഇതിനു പ്രസക്തിയുണ്ടെന്ന് പാരെറ്റോ കണ്ടു. (അദ്ദേഹത്തിന്റെ കാലത്ത് ഇറ്റലിയിലെ 20 ശതമാനം വരുന്ന ന്യൂനപക്ഷമാണ് 80 ശതമാനം വരുന്ന സ്വത്തുക്കളും കൈയടക്കിവച്ചിരിക്കുന്നത് എന്നായിരുന്നു പാരെറ്റോ കണ്ടെത്തിയ ആദ്യത്തെ സത്യം!)
ബിസിനസ്, വ്യവസായ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ഈ തത്വത്തിന് ഏറെ പ്രസക്തിയുള്ളതായി കാണാം. കൂടുതല്‍ പേര് ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും, 20-25 ശതമാനം വരുന്ന ഒരു വിഭാഗം മാത്രമേ ആത്മാര്‍ത്ഥമായി അധ്വാനിക്കുന്നവരും സ്വന്തം കഴിവുകള്‍ ഉപയോഗിക്കുന്നവരുമായി ഉണ്ടാവുകയുള്ളൂ. പ്രവര്‍ത്തനത്തില്‍ അധികം മേല്‍നോട്ടം ആവശ്യമില്ലാത്ത ഇവര്‍ ഏറെക്കുറെ സ്വാശ്രയശീലരായിരിക്കും. ശേഷിക്കുന്നവരില്‍ ഏതാണ്ട് ‘ശരാശരി’ നിലവാരമുള്ളവര്‍ നാല്പതു മുതല്‍ അമ്പതുവരെ ശതമാനം വരാം. ബാക്കിയുള്ളവര്‍ തീരെ മോശനിലവാരത്തില്‍പ്പെട്ടവരും.
ആദ്യവിഭാഗത്തില്‍പ്പെട്ടവരുടെ കഠിനാധ്വാനഫലമായിട്ടായിരിക്കും സ്ഥാപനം നിലനിന്നുപോകുന്നതും വളരുന്നതുമൊക്കെ. യഥാര്‍ത്ഥത്തില്‍ ഇവരിലാണ് മാനേജ്മെന്റിന്റെ ശ്രദ്ധ കൂടുതല്‍ പതിയേണ്ടത്. അവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതും അവരുടെ അധ്വാനത്തിന് കൂടുതല്‍ പ്രതിഫലം നല്‍കേണ്ടതും സ്ഥാപനത്തിന്റെ താല്പര്യത്തിന് സുപ്രധാനമാണ്. ഇതിനര്‍ത്ഥം മോശനിലവാരത്തിലുള്ളവരെ അവഗണിക്കണമെന്നല്ല. എന്നാല്‍ ഇത്തരക്കാരെ നന്നാക്കിയെടുക്കാനുള്ള ശ്രമം മുന്‍നിരക്കാരെ ‘അവരുടെ പാട്ടിനുവിടുന്ന’ രീതിയിലാവരുത്. ജോലിക്ക് സമര്‍ത്ഥരായ ജീവനക്കാര്‍ക്കുള്ള വേതനംതന്നെ താണനിലവാരത്തിലുള്ളവര്‍ക്ക് നല്കിക്കൊണ്ടിരുന്നാല് അധികം വൈകാതെ ഗുണമേന്മയുള്ളവര്‍ പ്രോത്സാഹനവും പ്രചോദനവും ഇല്ലാതെ ശരാശരി നിലവാരത്തിലേക്കു താഴും. സ്ഥാപനത്തില്‍ താണനിലവാരക്കാരുടെ എണ്ണം കൂടിവരികയും ചെയ്യും.
ഇതേ തത്വം തന്നെ മനുഷ്യേതര വിഭവശേഷികളുടെ വിനിയോഗത്തിലും ബാധകമാണ്. തല്ക്കാല ലാഭസിദ്ധി മുന്നില്‍ക്കണ്ട് ദീര്‍ഘകാല നേട്ടങ്ങളെ അവഗണിക്കുന്ന ഒരു ്രപവണത ചില ബിസിനസ് നേതൃത്വങ്ങളില്‍ കാണാം. ഉദാഹരണത്തിന് കഠിനമായി ശ്രമിച്ച് ഒന്നോ രണ്ടോ മാസത്തെ വിറ്റുവരവ് വന്‍തോതില്‍ വര്‍ധിപ്പിച്ചശേഷം വാര്‍ഷികനേട്ടങ്ങള്‍ കൈവരിയ്ക്കാതെ പോകുന്നതില്‍ അര്‍ത്ഥമുണ്ടോ? നന്നായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍, വാഹനങ്ങള്‍എന്നിവ സമയാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ ‘ഓവര്‍ലോഡി’ല്‍ പ്രവര്‍ത്തിപ്പിച്ച് പിന്നീട് കുഴപ്പത്തില്‍ ചെന്നുചാടിയിട്ടുള്ള ഉദാഹരണങ്ങള്‍ നിരവധിയാണ്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭം നേടിത്തരുന്ന കാര്യക്ഷമതയുള്ള വരുമാനസ്രോതസ്സുകളെ ഒരിക്കലും അവഗണിക്കരുത്; അവ എണ്ണത്തില്‍ കുറവായാല്‍പ്പോലും. അവയുടെ വളര്‍ച്ചക്കും നവീകരണത്തിനുമുള്ള നീക്കിയിരുപ്പുകള്‍ തക്കസമയത്തുതന്നെ ഉപയോഗിക്കണം. മറിച്ചു സംഭവിച്ചാല്‍ സ്ഥാപനത്തിന്റെ വളര്‍ച്ച മുരടിക്കുകയും മാര്‍ക്കറ്റിലെ സാന്നിധ്യം കുറഞ്ഞുവരികയും ചെയ്യുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ മാനേജ്മെന്റിന്റെ ശ്രദ്ധയും പ്രോത്സാഹനവും കൂടുതല്‍ പതിയേണ്ടത് സ്ഥാപനത്തിന് പ്രയോജനപ്പെടുന്ന വിഭവശേഷികൡലും പ്രതേ്യകിച്ച് ജോലിക്കു സമര്‍ത്ഥരായ എക്സിക്യൂട്ടീവുകൡലും ജീവനക്കാരിലുമാണ്. നല്ലകാലത്തും പ്രതിസന്ധിഘട്ടങ്ങളിലും വലിയ ഒരു ശതമാനം വരാവുന്ന ‘ശരാശരി’ നിലവാരക്കാരെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന മാതൃകാനുസാരമായ ഒരു സന്ദേശമായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: