തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ വഴി ഏതുതരം ബാങ്ക് ഇടപാടും സാധ്യമാക്കുന്ന മൊബൈല്‍ വാലറ്റ് പദ്ധതി ബിഎസ്എന്‍എല്ലും എസ്ബിഐയും ചേര്‍ന്ന് അവതരിപ്പിക്കുന്നു. ഏതു മൊബൈല്‍ നമ്പറും ഓപ്പറേറ്റര്‍ വ്യത്യാസമില്ലാതെ മൊബൈല്‍ വാലറ്റ് നമ്പറായി ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ക്ക് അമ്പതിനായിരത്തിലധികം വരുന്ന ബിഎസ്എന്‍എല്‍ റീട്ടെയ്ലര്‍ ഔട്ട്ലെറ്റുകള് വഴി പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കും.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും വാലറ്റില്‍നിന്നു വേറൊരു വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ പണം കൈമാറാന്‍ ബിഎസ്എന്‍എല്‍ – സ്റ്റേറ്റ് ബാങ്ക് മോബികാഷ് വാലറ്റ് വഴി സാധിക്കും. സ്മാര്‍ട്ട്ഫോണുകള്‍ കൂടാതെ സാധാരണ മൊബൈല്‍ ഫോണുകളില്‍കൂടി എസ്എംഎസ്/യുഎസ്എസ്ഡി സന്ദേശങ്ങള്‍ ഉപയോഗിച്ച് വിനിമയങ്ങള്‍ നടത്താം.
ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് *511 # ഡയല് ചെയ്തോ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 51516 നമ്പറില്‍ എസ്എംഎസ് അയച്ചോ മറ്റു ഉപഭോക്താക്കള്‍ക്ക് 9418399999 നമ്പറില്‍ വിളിച്ചോ സേവനം പ്രയോജനപ്പെടുത്താം. മൊബൈല്‍ റീ ചാര്‍ജ്, ബില്‍ പേയ്മെന്റ് സൗകര്യങ്ങളും ലഭ്യമാണ്. ആദ്യഘട്ടത്തില്‍ ബിഎസ്എന്‍എല്ലിന്റെ ബില്‍ പേയ്മെന്റ് സൗകര്യം മാത്രമാണ് ലഭ്യമാകുക.
കേരളത്തില്‍ 1000 വൈഫൈഹോട്ട്സ്പോട്ടുകള്
ബിഎസ്എന്‍എല്‍ 4ജി സംവിധാനം മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്. മണി അറിയിച്ചു. സ്പെക്ട്രത്തിനാവശ്യമായ വന്‍ തുകയാണ് 4ജി വൈകാന്‍ കാരണം. ഇതിന് ഉടന്‍ പരിഹാരമുണ്ടാകും. കഴിഞ്ഞ വര്‍ഷം ബിഎസ്എന്‍എല്ലിന്റെ ലാഭം 650 കോടി. ഇത്തവണ 800 കോടി വരെ ലാഭം പ്രതീക്ഷിക്കുന്നു. കേരളത്തിലെ 1000 വൈഫെ ഹോട്ട് സ്പോട്ടുകളില്‍ 4.5 ജിബി സ്പീഡ് ലഭ്യമാക്കുന്ന സംവിധാനം രണ്ട് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ എസ്ബിഐ തിരുവനന്തപുരം ഡിജിഎം കെ. ചെല്ലമ്മയ്യ, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ എസ്. ജ്യോതിശങ്കര്‍, പിജിഎം കെ. കുളന്തൈവേല്‍, തിരുവനന്തപുരം ജനറല്‍ മാനേജര്‍ എസ്.എസ്. തമ്പി, ഡിജിഎം ആര്. സതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: