കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവടത്തിനും അഴിമതിക്കും ചൂഷണത്തിനുമെതിരെ നിരവധി പോരാട്ടങ്ങളും നടപടികളും കൈക്കൊണ്ട ഭരണകാലമായിരുന്നു ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.എം. ജെയിംസിന്റേത്. മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലയില്‍ മാത്രമല്ല കേരളത്തിലെ നഴ്സിംഗ്, ആയുര്‍വ്വേദ, പാരാമെഡിക്കല്‍, എംബിഎ, എംസിഎ, ആര്‍ക്കിടെക്ച്ചര്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിന്റെ സകല മേഖലകളിലും ജസ്റ്റിസ് ജെ.എം.ജെയിംസ് നടത്തിയ ഇടപെടലുകള്‍ ഈ മേഖലകളിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ഏറെ സഹായിക്കുകയും ചെയ്തു.
2013 മെയ് 27 ന് ഉന്നതവിദ്യാഭ്യാസ മേല്‍നോട്ട സമിതിയുടെ രണ്ടാമത്തെ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ നിരവധി പ്രശനങ്ങള്‍ക്കു നടുവിലേക്കാണ് ജസ്റ്റിസ് ജെ.എം.ജെയിംസ് എത്തപ്പെട്ടത്. ഏറ്റവും അഴിമതി നിറഞ്ഞ സ്വാശ്രയ-പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കുക, അവയുടെ ഫീസ് നിയന്ത്രിക്കുക എന്നീ രണ്ട് വലിയ ചുമതലകളാണ് ജസ്റ്റിസ് ജെ.എം.ജെയിംസിന് ഏല്‍ക്കേണ്ടി വന്നത്. 2013ല്‍, മാനേജ്മെന്റ് നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയത് മുതല്‍ ഈ വര്‍ഷം കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദ് ചെയ്തതും എഞ്ചിനീയറിംഗ് കോളേജുകളിലെ എന്‍ആര്‍ഐ സീറ്റിലെ അനധികൃത പ്രവേശനം റദ്ദ് ചെയ്തതും വരെ നീളുന്നു പ്രവര്‍ത്തനങ്ങള്‍. അഴിമതി നിറഞ്ഞ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ ഒരുകൂട്ടം ‘സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍’ ഫലം കണ്ട ചാരിതാര്‍ത്ഥ്യവുമായാണ് കാലാവധി പൂര്‍ത്തിയാക്കി ജസ്റ്റിംസ് ജെ.എം.ജെയിംസ് ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമിതി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നത്.
മേല്‍നോട്ട സമിതിയുടെ അധികാരങ്ങളും ചുമതലകളും
‘ഉന്നതവിദ്യാഭ്യാസം’ എന്നുപറയുമ്പോള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ മാത്രമല്ല ദന്തല്‍, ആയുര്‍വേദ, നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍, എംബിഎ, എംസിഎ, ബിബിഎ, ഫാര്‍മസി തുടങ്ങി എല്ലാ ഉന്നതവിദ്യാഭ്യാസ കോഴ്സുകളും മേല്‍നോട്ടസമിതിയുടെ പരിധിയില്‍ വരും. സുപ്രീംകേടതിയുടെ നിര്‍ദ്ദേശപ്രകാരം 2004ലാണ് ഉന്നത വിദ്യാഭ്യാസം നിരീക്ഷിക്കുന്നതിനായി കേരളത്തില്‍ ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായി നാല് കമ്മറ്റികള്‍ രൂപീകരിക്കുന്നത്. ഈ നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ 2006 ല്‍ കേരള സര്‍ക്കാര്‍ തന്നെ ’19 ഓഫ് 2006 എന്ന നിയമം’ പാസാക്കി. എന്നാല്‍ ആ നിയമത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും ഹൈക്കോടതി റദ്ദ് ചെയ്തു. അതിനുശേഷമാണ് കേരള സര്‍ക്കാര്‍ ‘ഉന്നത വിദ്യാഭ്യാസ മേല്നോട്ടസമതി’ രൂപീകരിക്കുന്നതും ജസ്റ്റിസ് പി.എ.അഹമ്മദ് ആദ്യ അദ്ധ്യക്ഷനായി ചുമതല ഏല്‍ക്കുന്നതും.
2013 വരെ അദ്ദേഹം തുടര്‍ന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ കോളേജുകളിലെ പ്രവേശന നടപടികള്‍ മുഴുവന്‍ പരിശോധിച്ച് കുറ്റമറ്റതാക്കാനുള്ള ‘പ്രവേശന മേല്‍നോട്ട സമതി’, സ്വാശ്രയ കോളേജുകളിലെ ഫീസ് നിയന്ത്രിക്കുന്നതിനുള്ള ‘ഫീസ് റഗുലേറ്ററി കമ്മീഷന്’ എന്നീ രണ്ട് സമിതികളാണ് ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമിതിയുടെ കീഴില്‍ വരുന്നത്. പ്രവേശനങ്ങള്‍ മെരിറ്റ് ലിസ്റ്റിലൂടെ സുതാര്യമാക്കുക, അല്ലാത്ത പക്ഷം പ്രവേശനം റദ്ദ്ചെയ്യുക, തലവരിപ്പണം അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ പരാതികളില്‍മേല്‍ അന്വേഷിച്ച് നടപടിയെടുക്കുക, സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുണ്ടാക്കുന്ന ‘സ്വാശ്രയ കരാറില്‍’ അപാകതള്‍ ഉണ്ടങ്കില്‍ പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുക, അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ കരാര്‍ റദ്ദ്ചെയ്യുക, നടപടിക്ക് വിധേയമാകുന്ന കോളേജുകളുടേയും വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ യൂണിവേഴ്സിറ്റിയെ അറിയിച്ച് രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുക, കോഴ്സ് പൂര്‍ത്തിയാക്കാതെ പഠനം ഉപേക്ഷിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കുന്നതിന് അമിത തുക ഈടാക്കുന്നത് തടയുക തുടങ്ങിയവയാണ് സമിതിയുടെ അധികാരങ്ങളും ചുമതലകളും.
പത്താം നാള് ആദ്യ ആക്രമണം
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനായി മാനേജുമെന്റുകള്‍ സംഘടിപ്പിച്ച ‘സ്വാകാര്യ പ്രവേശന പരീക്ഷ’യുമായി ബന്ധപ്പെട്ട് ശക്തമായ വിദ്യാര്‍ത്ഥി സമരം നടക്കുന്ന സമയത്താണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. മുന്‍ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.എ.മുഹമ്മദ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വതന്ത്രമായി പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിരുന്നു. അതിനാല്‍തന്നെ ചുമതലയേറ്റെടുത്ത് രണ്ടാംനാള്‍ ചേര്‍ന്ന സമിതിയുടെ ആദ്യ യോഗത്തില്‍ പരീക്ഷക്ക് അനുമതി നല്കി.
മെയ് 30 ന് നടത്തേണ്ട പരീക്ഷ കോഴിക്കോട് വച്ച് 31 നാണ് മാനേജ്മെന്റ് അസോസിയേഷന് നടത്തിയത്. ശക്തമായ വിദ്യാര്‍ത്ഥി സമരമുള്ളതിനാല്‍ കനത്ത പോലീസ് കാവലിലായിരുന്നു പരീക്ഷ. പരീക്ഷയുടെ നടത്തിപ്പില്‍ വന്ന അഴിമതി പത്ര-ദൃശ്യ-മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നിന് സമിതി എല്ലാവരേയും വിളിച്ച് സിറ്റിംഗ് നടത്തി. എന്നാല്‍ മാനേജ്മെന്റുകള്‍ പങ്കെടുത്തിരുന്നില്ല. അപാകത ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ ആറിന് പ്രവേശന പരീക്ഷ റദ്ദ്ചെയ്ത് ഉത്തരവിറക്കി.
സമിതി സ്ഥാനമേറ്റ് 10-ാം ദിവസമായിരുന്നു ആ ആദ്യ ഉത്തരവ് ഇറക്കിയത്. നടപടിക്കെതിരെ മാനേജ്മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സമിതി ഉത്തരവ് കോടതി അംഗീകരിച്ചു. പ്രവേശന പരീക്ഷ നടത്താന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി. അന്നു മുതല്‍ ഈ വര്‍ഷത്തെ പ്രവേശനം വരെ സമതിയുടെ മേല്‍നോട്ടത്തില്‍ നടന്നു.
ധീരമായ നടപടികള്‍
ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രവേശനവും ഫീസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കമ്മറ്റി കൃത്യമായി വിലയിരുത്തി. അതുവരെ എംബിബിഎസ്-എഞ്ചിനീയറിംഗ് വിഷയങ്ങള്‍ മാത്രം ശ്രദ്ധിച്ചിരുന്നതില് നിന്ന് വ്യത്യസ്തമായി എല്ലാ മേഖലകളിലും കമ്മറ്റി ശ്രദ്ധപതിപ്പിച്ചു. അതിന്റെ ഭാഗമായി ദന്തല്‍, ആയുര്‍വ്വേദ, നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍, എംബിഎ,എംസിഎ, ബിബിഎ, ഫാര്‍മസി തുടങ്ങി എല്ലാ കോഴ്സുകളിലേക്കുമുള്ള പ്രവേശനങ്ങളിലും സമിതി ഇടപെട്ടു. പ്രവേശനത്തിന് മുന്നോടിയായി കോളേജുകള്‍ പുറത്തിറക്കുന്ന പ്രോസ്പക്ടസ് മുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഏകപക്ഷീയമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രോസ്പക്ടസില്‍ നിന്ന് നീക്കാനും തിരുത്തലുകള്‍ക്കും നിര്‍ദ്ദേശം നല്കി. അവ നടപ്പിലാക്കിയതിനുശേഷം മാത്രം പ്രോസ്പക്ടസ് അംഗീകരിച്ചു. അതിന് വിസമ്മതിച്ച കോളേജുകളുടെ അഫിലിയേഷന് റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
സര്‍ക്കാരുമായുള്ള കരാറുകള്‍ കൃത്യമായി പരിശോധിക്കുകയും അവ നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയുചെയ്തു. പഠനം പാതിവഴയില്‍ ഉപേക്ഷിച്ച് പോകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത തുക ഈടാക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ അവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കി. വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകാതിരിക്കാന്‍ രക്ഷിതാക്കള്‍ നല്കുന്ന ബോണ്ടിന്റ അടിസ്ഥാനത്തില്‍ അവരെ പീഡിപ്പിക്കുന്നുവെന്ന പരാതികളില്‍ കുറഞ്ഞഫീസ് ഉത്തരവാക്കി നീതിയുക്തമായ നടപടി സ്വീകരിച്ചു. റാഗിങിനെതിരെ ശക്തമായ ഇടപെടലുകളുണ്ടായി.
എംബിഎ, എംസിഎ തുടങ്ങിയ ബിരുദാനന്തര കോഴ്സുകളില്‍ നിലനിന്നിരുന്ന ചില തെറ്റായ കീഴ്വഴക്കങ്ങള് അവസാനിപ്പിച്ചു. ഇവയ്ക്ക് പ്രവേശന പരീക്ഷ വേണമെന്ന സുപ്രീംകോടതി ഉത്തരവിനെ ചില യൂണിവേഴ്സിറ്റകളും കോളേജുകളും അട്ടിമറിച്ചിരുന്നു. സ്വന്തമായി പരീക്ഷനടത്തിയശേഷം തോറ്റവരെപ്പോലും പ്രവേശിപ്പിച്ച് വിദ്യാഭ്യാസ കച്ചവടം നടത്തി. ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയും പ്രവേശന പരീക്ഷ ഏകീകൃതമാക്കുകയും ചെയ്തു. എംബിഎ പ്രവേശനത്തിന് ‘കെ മാറ്റ് കേരള'(കേരള മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ്) രൂപീകരിച്ച് വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷ നടത്തി പ്രവേശനം സുതാര്യമാക്കി. കാറ്റ്(ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ), സി-മാറ്റ്(കോമണ്‍ മോനേജ്മെന്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ്-എഐസിടിഇ) എന്നിവയിലൂടെയും മാത്രം പ്രവേശനം ഏകീകരിച്ചു. മാറ്റ്( മാനേജ്മെന്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ്- ഇന്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന് നടത്തുന്നത്) ചില കോളേജുകള്‍ ചോദ്യം ചെയ്യുമെന്ന സാഹചര്യം വന്നപ്പോള്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ കൂടി ആഭിപ്രായം സമന്വയിപ്പിച്ച് ടെസ്റ്റ് പാസാകുന്നവര്‍ക്ക് മാത്രം പ്രവേശനമെന്ന് യൂണിവേഴ്സിറ്റികളില്‍ നിമയം കൊണ്ടുവന്നു.
ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തു. എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള മാനദണ്ഡമായ പ്രവേശന പരീക്ഷക്ക് 20 മാര്‍ക്കുപോലും വാങ്ങാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്, പ്രവേശന പരീക്ഷാകാര്യാലയത്തില് നിന്നും തരപ്പെടുത്തി അതില്‍ നിന്നും പ്രവേശനം നടത്തുന്ന രീതിയും അവസാനിപ്പിച്ചു. എംബിബിഎസ് പ്രവേശനത്തില്‍ അപാകതകള്‍ കണ്ടെത്തിയ കണ്ണൂര്‍-കരുണ മെഡിക്കല്‍കോളേജുകളിലെ പ്രവേശനം റദ്ദ്ചെയ്ത് 250 സീറ്റില്‍ കമ്മീഷന് നേരിട്ട് പ്രവേശന പട്ടിക നല്കി. എഞ്ചിനീയറിംഗിലെ എന്‍ആര്‍ഐ സീറ്റുകളിലെ പ്രവേശനത്തിന് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരം നിര്‍ബന്ധമാക്കി. അംഗീകാരം ലഭിക്കാത്ത 277 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഈ വര്‍ഷം റദ്ദ് ചെയ്തതായിരുന്നു അവസാനത്തെ നടപടി.
രൂക്ഷമായ എതിര്‍പ്പുകള്‍
2013 ലെ സ്വാശ്രയ പ്രവേശനം റദ്ദ് ചെയ്യലിനെതിരെയായിരുന്നു ആദ്യ എതിര്‍പ്പ്. സുപ്രീംകോടതിയില്‍ മാനേജ്മെന്റുകള്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ സമിതിക്ക് അനുകൂലമായി വിധി വന്നതോടെ പിന്നോടിങ്ങോട്ട് പ്രവേശന പരീക്ഷകളും പ്രവേശന നടപടികളും സമിതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് നടന്നത്. മിക്കവാറും എല്ലാ നടപടികള്‍ക്കെതിരെയും സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമൊക്കെ മാനേജുമെന്റുകള്‍ കേസ് ഫയല്‍ചെയ്തു. സുപ്രീംകോടതി സ്വാശ്രയകോളേജുകള്‍ക്ക് നല്കിയ അധികാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കമ്മറ്റിയുടെ അധികാരമുപയോഗിച്ച് അവയെ നിയന്ത്രിക്കുക എന്ന നയം സ്വീകരിച്ചിരുന്നതിനാല്‍ അന്തിമവിധികള്‍ കമ്മറ്റിക്ക് അനുകൂലമായിരുന്നു. ഫീസ് നിയന്ത്രിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാത്ത കോളേജുകളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചാണ് ഫീസ് നിര്‍ണ്ണയിക്കേണ്ടത്. എംഇഎസ് കോളേജിന്റെ ഫീസ് 3,50,000 ആക്കിയതിന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറില്‍ നിന്ന് ശക്തമായ എതിര്‍പ്പുകളും അധിക്ഷേപിക്കലുകളും വ്യക്തിപരമായി ആക്ഷേപങ്ങളുന്നയിക്കലുമൊക്കെ ഉണ്ടായി. നിരവധി തവണ മാനേജ്മെന്റുകള്‍ പരാതിയും ഭീഷണികളുമൊക്കെയായി സര്‍ക്കാരുകളെ സമീപിച്ചു. നീതിയുക്തമായ നടപടികളായതിനാല് സമൂഹവും കോടതിയും സര്‍ക്കാരും കമ്മറ്റി അംഗങ്ങളും സമതിക്കൊപ്പം നിന്നു.
പരാതികള്‍, പരിഹാരങ്ങള്‍, കോടതി ഇടപെടലുകള്‍
2012 ല്‍ 40 പരാതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2013 ല്‍ അദ്ധ്യക്ഷ സ്ഥാനത്ത് വന്നതിന് ശേഷം 180 പരാതികളാണ് ഉണ്ടായത്. 2014 ല്‍ 213, 2015 ല്‍ 386 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയ്ക്കല്ലാം പരിഹാരം കണ്ടെത്തി നടപടികള്‍ സ്വീകരിച്ചു. കൂടാതെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുന്നൂറിലധികം പരാതികളിലും ഓരോ വര്‍ഷവും തീര്‍പ്പുകല്‍പ്പിച്ചു. തീര്‍പ്പുകള്‍ നീതിയുക്തമായതുകൊണ്ടാകണം 2016 ല്‍ പരാതികളുടെ പ്രളയമാണ് കമ്മീഷനിലേക്ക് ഉണ്ടായത്. 317 പരാതികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പ്രവേശന പരീക്ഷയെ സംബന്ധിച്ചും പ്രവേശനത്തെ സംബന്ധിച്ചും 1530 പരാതികള്‍ കമ്മീഷനു മുന്നിലെത്തി. ആ 1847 പരാതികള്‍ക്കും പരിഹാരം കണ്ടെത്താന്‍ കമ്മീഷന് കഴിഞ്ഞു.
കമ്മീഷന് ഉത്തരവുകള്‍ക്കെതിരെ ഇരുപതോളം പരാതികള്‍ സുപ്രീകോടതിയിലും 620 പരാതികള്‍ ഹൈക്കോടതിയിലും നല്കപ്പെട്ടു. അതില്‍ താല്കാലിക സ്റ്റേകള്‍ ഒഴിവാക്കിയാല്‍ ഒരു കേസിലൊഴികെ മുഴുവന്‍ പരാതികളിലും കമ്മീഷന് അനുകൂലമായി അന്തിമ വിധിയുണ്ടായി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഒരു വിദ്യാര്‍ത്ഥി മാനേജ്മെന്റിന് നല്കിയ തുക തിരിച്ചുകൊടുക്കാന്‍ കമ്മറ്റി ഉത്തരവിട്ട ഒരു കാര്യത്തില്‍ മാത്രമാണ് കോടതിയില്‍ നിന്ന് തിരുത്തലുണ്ടായത്. മേല്‍നോട്ട സമിതി അംഗങ്ങളായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, നിയമകാര്യ സെക്രട്ടറി, ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുടെയും യൂണിവേഴ്സിറ്റികളുടെയും സഹകരണമാണ് ഈ നേട്ടത്തിന് പിന്നില്‍. കൂടാതെ അടിയന്തരഘട്ടങ്ങളില്‍ രാപകല്‍ ഇല്ലാതെ സഹകരിച്ച ജീവനക്കാരും പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകരും കമ്മീഷനെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചു.
ഉന്നത വിദ്യാഭ്യാസത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍
രക്ഷിതാക്കളുടെ താല്പര്യങ്ങള്ക്കനുസരിച്ച് വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിനായി അയക്കരുത്. അവരുടെ അഭിരുചിക്കനുസരിച്ചുള്ള പഠനമാണ് വേണ്ടത്. ഇല്ലെങ്കില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടും. എഞ്ചിനീയറിംഗില്‍ ഇന്ന് സംഭവിക്കുന്നതുപോലെ വിജയിച്ച് പുറത്തിറങ്ങുന്നവര്‍ ചുരുക്കമാകും. മെഡിക്കല്‍-ദന്തല്‍-ആയുര്‍വേദ-ഹോമിയോ-യുനാനി-സിദ്ധ പ്രവേശനങ്ങള്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നീറ്റില്‍ നിന്ന് പ്രവേശനം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നല്ലതാണ്. എന്നാല്‍ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്തിയാല്‍ മാത്രമേ ഈ മേഖലയിലെ വിദ്യാഭ്യാസ കച്ചവടവും അഴിമതിയും നിര്‍ത്തലാക്കാന്‍ സാധിക്കൂ.
ആയുര്‍വേദ, ഹോമിയോ ഫാര്‍മസി ഉള്‍പ്പെടെയുള്ള ആരോഗ്യ കോഴ്സുകള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിലെന്നതുപോലെ 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന കൊണ്ടുവരണം. എന്നാല്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുകയും മികച്ച പ്രഫഷണലുകളായി പുറത്തിറങ്ങുന്നവര്‍ സമൂഹനന്മയ്ക്ക് ഉതകുകയും ചെയ്യും. സ്വാശ്രയ കോളേജുകള്‍ക്ക് ഗ്രേഡിംഗ് കൊണ്ടുവരികയും അതിന്റെ അടിസ്ഥാനത്തില്‍ ഫീസ് ഏകീകരിക്കുകയും വേണം. ഇത് പഠന നിലവാരവും കോളേജുകളിലെ ഭൗതിക സാഹചര്യവും ഉയര്‍ത്തുകയും കുറ്റമറ്റതാക്കുകയും ചെയ്യും.
നഴ്സിംഗ് മേഖലയിലെ വിദ്യാഭ്യാസ നിലവാരം തകരുന്നതിനാല്‍ വിദേശ രാജ്യങ്ങളിലെ തൊഴിലിനായി എംഎസ്സി നഴ്സിംഗ് കഴിഞ്ഞവരെപ്പോലും നിരസിക്കുന്നു. അതിനാല്‍ നഴ്സിംഗ് മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണം. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുകയും മാര്‍ക്കിന്റെ പരിധി ഉയര്‍ത്തുകയുംവേണം. പഠന നിലവാരത്തില്‍ പിന്നില്‍ നില്ക്കുന്ന സ്വകാര്യ കോളേജുകളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണം. എംബിഎ പോലുള്ള കോഴ്സുകളില്‍ സമൂലമാറ്റം വരുത്തി വിദേശ രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിവുള്ള വിദ്യാഭ്യാസരീതി കൊണ്ടുവരണം.
എയര്‍മാന്‍, അഭിഭാഷകന്, ന്യായാധിപന്
പത്താംക്ലാസ്സ് പാസായതോടെ എയര്‍ഫോഴ്സില്‍ എയര്‍മാനായി ജോലിയില്‍ പ്രവേശിച്ചു. പതിനഞ്ച് കൊല്ലത്തെ ഉദ്യോഗസ്ഥ ജീവിതത്തിനിടയ്ക്കാണ് ഭോപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാംറാങ്കോടെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പാസാകുന്നതും എല്‍എല്‍ബി കരസ്ഥമാക്കുന്നതും. 1978 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഹൈക്കോടതിയില്‍ നിന്ന് സന്നദ് എടുത്ത് തിരുവനന്തപുരത്ത് അഭിഭാഷക ജീവിതം ആരംഭിച്ചു. ഇതിനിടയില്‍ തിരുവനന്തപുരം പ്രസ്ക്ലബില്‍ ജേണലിസം കോഴ്സിന് ചേര്‍ന്നു. 1988 ല്‍ ജില്ലാ ജഡ്ജിയായി നേരിട്ട് നിയമിതനായി. ആലപ്പുഴ ജില്ലാ ജഡ്ജിയായിട്ടായിരുന്നു ആദ്യ നിയമനം. 1992 ല്‍ കേരള നിയമസഭാ സെക്രട്ടറി സ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനില്‍ എത്തി. കെ. കരുണാകരന്, എ.കെ. ആന്റണി, ഇ.കെ. നായനാര്‍ സര്‍ക്കാരുകളുടെ കാലഘട്ടത്തില്‍ 1996 വരെ നാലുവര്‍ഷക്കാലം നിയമസഭയില്‍ സെക്രട്ടറിയായി തുടര്‍ന്നു.
അവിടെനിന്ന് എറണാകുളം സിബിഐ കോടതിയില്‍ ജഡ്ജിയായി. പിന്നീട് കാസര്‍കോട്, കോട്ടയം എന്നിവിടങ്ങളില്‍ ജില്ലാ ജഡ്ജിയുമായി. 2002 ല്‍ ഹൈക്കൊടതി ജഡ്ജിയായി ചുമതലയേറ്റു. അഞ്ച് വര്‍ഷത്തെ സേവനത്തിനൊടുവില്‍ 2007 ല്‍ വിരിമിച്ചശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകനായി തുടരുന്നതിനിടയിലാണ് 2013ല്‍ ഉന്നത വിദ്യാഭ്യാസമേല്നോട്ട സമതി അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.
പടിയിറങ്ങുമ്പോള്‍…….
2016 മെയ്മാസത്തില്‍ കാലാവധി അവാസിച്ചുവെങ്കിലും പ്രവേശന നടപടികള്‍ നടക്കുന്നതിനാല്‍ സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കി. നിയമത്തിന്റെ സാധുതയില്‍ സാഹചര്യം കണക്കിലെടുത്ത് പാവപ്പെട്ടവന് ഉപകാരപ്പെടുന്ന തീരുമാനങ്ങളാണ് കമ്മീഷന് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ കൈക്കൊണ്ടത്. അത് വിജയം കണ്ടെന്നതിന്റെ ഫലമാണ് അവസാന നാളുകളില്‍ കമ്മീഷന്റെ മുന്നിലെത്തിയ പരാതികള്‍. പട്ടിണികിടന്ന് മിടുക്കരായ മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കളുടെ കണ്ണീരൊപ്പാന്‍ കമ്മീഷനായിട്ടുണ്ട്. ഒപ്പം വിദ്യാഭ്യാസമേഖലയിലെ കച്ചവടത്തിനും അഴിമതിക്കും കടിഞ്ഞാണിടാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യവും ഉണ്ട്. ഇത്രയും കാലത്തെ നിയമരംഗത്തെ വിജ്ഞാനവും എക്സിക്യുട്ടീവ്-ജുഡീഷ്യറി-വ്യോമസേന രംഗങ്ങളിലെ അനുഭവ സമ്പത്തും പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രയോഗിക്കുവാനുമുള്ള ചുമതലകള്‍ ലഭിച്ചാല്‍ ഏറ്റെടുക്കും. ഇല്ലെങ്കില്‍ സുപ്രീംകോടതിയിലെ അഭിഭാഷകവൃത്തി തുടരണമെന്നാണ് ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: