ലോകരാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കുക, അംഗരാജ്യങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കുക, വിയോക്കുന്നവര്ക്ക് താക്കീതു നല്‍കുക; മൂന്നു ലക്ഷ്യങ്ങളും നേടി എട്ടാമത് ബ്രിക്സ് ഉച്ചകോടി.
ഗോവയിലെ ഉച്ചകോടി പുതിയ നയതന്ത്ര നീക്കങ്ങള്‍ക്ക് ഭാരതം നേതൃത്വം നല്കുന്ന കാഴ്ച വ്യക്തമായി.
ഭീകരതയാണ് ലോകം നേരിടുന്ന വിപത്ത്, അതിനെ ചെറുക്കണമെന്ന സന്ദേശം ലോകം ചെവിക്കൊള്ളുമാറ് ബ്രിക്സ് നല്കി. ഒളിഞ്ഞും തെളിഞ്ഞും ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന് പറയാതെ പറയാനും ഭാരതത്തിനായി. ഭീകര പ്രവര്‍ത്തനത്തിനെതിരെ, പാക്കധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷനുള്‍പ്പെടെയുള്ള പോരാട്ടങ്ങള്‍ക്ക് വന്‍ രാജ്യങ്ങളുടെ പിന്തുണ നേടാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ ഭീകരവാദ വിഷയം ഉള്‍പ്പെടുത്താനായി.
ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയെന്നത് എല്ലാ രാജ്യങ്ങളുടേയും ഉത്തരവാദിത്വമാണെന്ന് ബ്രിക്സ് ഉച്ചകോടിയിലെ ഗോവന്‍ പ്രഖ്യാപനം പറയുന്നു.
ഭാരതമടക്കമുള്ള ബ്രിക്സ് രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ ഗോവന്‍ പ്രഖ്യാപനം അപലപിച്ചു. എല്ലാത്തരം ഭീകരവാദത്തെയും അവയുടെ ലക്ഷ്യപ്രഖ്യാപനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നു. പ്രത്യയശാസ്ത്രപരവും മതപരവും രാഷ്ട്രീയപരവും വംശീയവുമായ ഭീകരവാദങ്ങള്‍ക്ക് ന്യായീകരണം ഇല്ല. ഭീകരവാദത്തിനെതിരായ തദ്ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഭീകരവാദികളുടെ പരിശീലനം, വിദേശരാജ്യങ്ങളില്‍ യുദ്ധത്തിനൊരുങ്ങുന്ന ഭീകവാദികളുടെ നീക്കം എന്നിവ ഇല്ലായ്മ ചെയ്യണം. സ്വന്തം മണ്ണില്‍ നടക്കുന്ന ഭീകരവാദത്തെ ഇല്ലായമ ചെയ്യാനുള്ള അവകാശം എല്ലാ രാജ്യത്തിനുമുണ്ടെന്നും ഗോവന്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
യുഎന്നിന്റെ ഭീകരവാദി പട്ടികയില്‍, ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ ഉള്‍പ്പെടുത്തണമെന്ന ഭാരതത്തിന്റെ ആവശ്യം വീറ്റോ ചെയ്ത ചൈന, മോദി-സീ ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് ബ്രിക്സിലെ പോരായ്മയായി ചില വിമര്‍ശകര്‍ പറയുമ്പോള്‍, അത് നയമല്ല, നടപടിയാണെന്ന കാര്യം വിസ്മരിക്കുകയാണ്.
പാക്കിസ്ഥാനുമായി റഷ്യന്‍ സഹകരണം പര്‍ണ്ണമായി അവസാനിപ്പിക്കുന്നതില്‍ ബ്രിക്സ്, ഇന്തോ-റഷ്യന്‍ ഉച്ചകോടിക്കൊടുവില്‍ ഭാരതം സമ്പൂര്‍ണ്ണമായി വിജയിച്ചുവെന്നതാണ് പ്രധാനം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത റഷ്യന്‍ പ്രസിഡന്റ് വ്ളാദമിന്‍ പുടിന് ഭാരതത്തിനൊപ്പമാണ് റഷ്യയെന്ന് വ്യക്തമാക്കി. പാക്കിസ്ഥാനുമായി ഒരു സൈനിക സഹകരണത്തിനും റഷ്യ തയ്യാറാകില്ലെന്ന് റഷ്യന്‍ പ്രതിരോധ വിദഗ്ധരും അറിയിച്ചു.
ദക്ഷിണേഷ്യയിലെ സൈനിക ശക്തിയില്‍ വലിയ മാറ്റത്തിന് വഴിവെച്ച് അതിനൂതന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമായ ട്രയംഫ് എസ്-400 റഷ്യയില്‍ നിന്നും വാങ്ങാനുള്ള കരാറില്‍ ഭാരതം ഒപ്പുവെച്ചതും ഗോവന്‍ ഉച്ചകോടിയെ ശ്രദ്ധേയമാക്കി. ഏകദേശം 60,000 കോടി രൂപയുടെ ആയുധ ഇടപാടുകളാണ് റഷ്യയുമായി ഭാരതം ഒപ്പുവെച്ചത്. ഒന്നര പതിറ്റാണ്ടു ശേഷമാണ് റഷ്യന്‍ ആയുധങ്ങള്‍ ഭാരതം വാങ്ങുന്നതെന്നും ശ്രദ്ധേയമാണ്. ഇരുനൂറ് കമോവ് ഹെലികോപ്റ്ററുകളും പുതിയ രണ്ട് ആണവ റിയാക്ടറുകളും റഷ്യ ഭാരതത്തിന് നല്‍കും. സുപ്രധാനമായ 16 കരാറുകളിലാണ് ഭാരതവും റഷ്യയും ഒപ്പുവെച്ചത്.
ഭീകരതയ്ക്കെതിരായ ഭാരതത്തിന്റെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കിയാണ് ബ്രിക്സ്, ബിംസ്റ്റക് ഉച്ചകോടി സമാപിച്ചത്. അടുത്ത വര്‍ഷം ബ്രിക്സ് ഉച്ചകോടി ചൈനയില്‍ നടക്കുമ്പോള്‍ അതോടനുബന്ധിച്ച് ബിംസ്റ്റക്ക് ഉച്ചകോടി നേപ്പാളില്‍ ചേരാനാണ് തീരുമാനം. ചൈനയെ ലക്ഷ്യമിട്ടുള്ള നയതന്ത്രമാണ് ബിംസ്റ്റക്ക് ശക്തിപ്പെടുത്തുന്നതിലൂടെ ഭാരതം ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ഒന്നിച്ചു നിന്നാല്‍ അസാധ്യമായൊന്നുമില്ലെന്ന സന്ദേശം ബ്രിക്സ് അംഗരാജ്യങ്ങള്‍ക്ക് ഉച്ചകോടി നല്കി. സാമ്പത്തിക രംഗത്തെ സഹകരണം ആഗോളതലത്തിലുള്ള മാന്ദ്യത്തിനു പരിഹാരമാകുമെന്ന ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. പ്രതിരോധത്തിലെ മാത്രമല്ല, എല്ലാത്തരം പ്രതിസന്ധികള്‍ക്കും ഈ വന്‍ രാജ്യങ്ങളുടെ ഒരുമ വഴി തുറക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്.
പാക്കിസ്ഥാനാണ് ഭീകരപ്രവര്‍ത്തനങ്ങളില്‍ പരോക്ഷ പിന്തുണ പല സംഘടനകള്‍ക്കും നല്കുന്നെതെന്നത് പരസ്യമായ രഹസ്യമാണ്. അത് ബ്രിക്സ് അംഗരാജ്യങ്ങള്‍ക്കും അറിയാം. പാക്കിസ്ഥാനെ ഇക്കാര്യത്തില്‍ പരസ്യമായി എതിര്‍ക്കുന്നത് ബ്രിക്സില്‍ ഭാരതം മാത്രമാണ്. പക്ഷേ, പാക്കിസ്ഥാനെ ഇക്കാര്യത്തില്‍ ഒറ്റപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും തയ്യാറായി എന്നത് ചെറിയ കാര്യമല്ല.
പാക്കിസ്ഥാന് അത് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് പാക്കിസ്ഥാന് വിദേശകാര്യ ഉപദേശകന് സര്‍താജ് അസീസ്, നരേന്ദ്ര മോദി ലോകരാജ്യങ്ങളെ പാക്കിസ്ഥാനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയത്. ബ്രിക്സ് ഗോവയില്‍ പുരോഗമിക്കുമ്പോള്‍ പാക്കിസ്ഥാനിലെ പത്രങ്ങള്‍ സര്‍ക്കാരിന് നല്കിയ മുന്നറിയിപ്പ് ഇതായിരുന്നു: ”നമ്മള് (പാക്കിസ്ഥാന്) ഒറ്റപ്പെടലിന്റെ വക്കിലാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: