കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിന് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്ന പാരിസ് ഉടമ്പടി നടപ്പിലാക്കാന്‍ ഭാരതം തിരഞ്ഞെടുത്തത് രാഷ്ട്രപിതാവ് ഗാന്ധിയുടെ ജന്മദിനം.
യുഎന്‍ ആസ്ഥാനത്ത് നടന്ന ഗാന്ധിജയന്തി ആഘോഷ യോഗത്തില്‍ ഉടമ്പടി സ്ഥിരീകരണരേഖ ഭാരതം കൈമാറി. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമെന്നാണ് ഗാന്ധിയുടെ ജീവിതരീതി ലോകത്തെ പഠിപ്പിച്ചത്. പരിസ്ഥിതിയോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധത അരക്കിട്ടുറപ്പിക്കാന്‍ മറ്റേതൊരു ദിനത്തേക്കാളും ആനുയോജ്യമാണ് ഗാന്ധിയുടെ ജന്മദിനം.
”പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം വിപത്തിലേക്ക് നയിക്കുമെന്ന് മുതലാളിത്ത ലോകത്തിന്റെ അധിനിവേശ കാലത്തുതന്നെ ഗാന്ധി മുന്നറിയിപ്പ് നല്കി. ഭൂമിയും വായുവും ജലവും പാരമ്പര്യ അവകാശമല്ലെന്നും വരുംതലമുറക്കായി അത് കരുതി വയ്ക്കണമെന്നും ഗാന്ധിജി ഉപദേശിച്ചു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ ഗാന്ധിയന്‍ ദര്‍ശനം പിന്തുടരണമെന്ന സന്ദേശമാണ് ഉടമ്പടി സ്ഥിരീകരിച്ചതിലൂടെ ഭാരതം ലോകത്തിന് നല്കാനാഗ്രഹിക്കുന്ന സന്ദേശം”
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പിട്ട ഉടമ്പടി രേഖ ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി വിഭാഗം മേധാവി സാന്റിയാഗോ വിലാല്‍ പാണ്ഡോയ്ക്ക് കൈമാറി ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. കോഴിക്കോട് ചേര്‍ന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പാരിസ് ഉടമ്പടി ഭാരതം പ്രാവര്‍ത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
ലക്ഷ്യം
2015 ഡിസംബര്‍ 12ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയിലാണ് ആഗോളതാപനം നിയന്ത്രിക്കാനുള്ള ഉടമ്പടി രൂപപ്പെട്ടത്. 195 രാജ്യങ്ങള്‍ ഇത് അംഗീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ 22ന് കരാറില്‍ ഭാരതം ഒപ്പുവെച്ചു. ഭൗമതാപനില വര്‍ദ്ധന രണ്ട് ഗിഗ്രി സെല്‍ഷ്യസില്‍ കൂടുന്നത് നിയന്ത്രിക്കുക, വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുക, പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ഒഴിവാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
മൊത്തം ആഗോളവാതക ബഹിര്‍ഗമനത്തിന്റെ 55% സംഭാവന ചെയ്യുന്ന 55 രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ ഉടമ്പടി യാഥാര്‍ത്ഥ്യമാകുമെന്നാണ് വ്യവസ്ഥ. ഇതുവരെ 191 രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടു. ആഗോള വാതക ബഹിര്‍ഗമനത്തിന്റെ 51.89% പങ്കാളിത്തമുള്ള 62 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതില്‍ ഒന്നാമത്ത് ചൈനയും രണ്ടാമത് അമേരിക്കയുമാണ്. ഇരുരാജ്യങ്ങളും ഉടമ്പടി പ്രാവര്‍ത്തികമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 5.8 ശതമാനമാണ് ഭാരതം പുറന്തള്ളുന്നത്. ഇനി ഏതാനും രാജ്യങ്ങള്‍ കൂടി സന്നദ്ധമായാല്‍ ഉടമ്പടി യാഥാര്‍ത്ഥ്യമാകും.
ഭാരതത്തിന്റെ നടപടി, സമാന സാഹചര്യം നേരിടുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തുമെന്നുമാണ് പ്രതീക്ഷ. ഇത് കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും. നവംബര്‍ ഏഴിന് മൊറോക്കോയില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തില്‍ ലക്ഷ്യം നേടാനാണ് ശ്രമം.
‘പ്രകൃതി നാശമില്ലാത്ത ജീവിത സമീപനം’ എന്നാണ് ഭാരതം നല്കുന്ന സന്ദേശം. ഉടമ്പടി അംഗീകരിച്ചതോടെ ഇത് നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ള രാജ്യങ്ങളിലൊന്നായി ഭാരതവും. വികസ്വരരാജ്യമായ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളിയുമാണ്. ലോകസമ്പത്ത് നാളേക്ക് കരുതിവെക്കാന്‍ വെല്ലുവിളി ഏറ്റെടുക്കുകയാണ് നാം. ജനങ്ങളുടെ ഊര്‍ജ്ജ ആവശ്യത്തിന് പോറലേല്‍പ്പിക്കാതെ എങ്ങനെ കരാര്‍ നടപ്പാക്കാമെന്നതാണ് പ്രധാന വെല്ലുവിളി. ഇത് നേരിടാന്‍ പരമ്പരാഗത വഴികള്‍ അടക്കുകയോ പുതുവഴികള്‍ വെട്ടിത്തുറക്കുകയോ ചെയ്യേണ്ടതുണ്ട്.
ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചാണ് ഊര്‍ജ്ജരംഗത്തെ ഭാരതത്തിന്റെ നിലനില്‍പ്പ്. ഇതില്‍ മാറ്റം വരും. രാജ്യത്തിന്റെ ഊര്‍ജ്ജ ഉപഭോഗനയത്തില് കരാര്‍ ചലനമുണ്ടാക്കും. പുനരുപയോഗിക്കാവുന്ന ഊര്ജ്ജശ്രോതസ്സുകളും പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജങ്ങളും കൂടുതലായി ആശ്രയിക്കേണ്ടി വരും. സൗരോര്‍ജ്ജം, കാറ്റില്‍ നിന്ന് വൈദ്യുതി എന്നിവക്ക് മുന്‍ഗണന നല്കുന്ന പദ്ധതികള്‍ വിശാലമാക്കേണ്ടതുണ്ട്. നിലവില്‍ സൗരോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയം ഏറെ ആശ്വാസമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനകം തുടങ്ങിയ പല നടപടികളും ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്.
വ്യവസായ, വാഹന നിയന്ത്രണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഫാക്ടറികള്‍ക്ക് പുനരുപയോഗ ഊര്‍ജ്ജസാധ്യതകള്‍ കണ്ടെത്തി നല്‍കുകയും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം പ്രകൃതി വാതകങ്ങളും ഇലക്രിക് ഊര്‍ജ്ജവും ഉപയോഗിക്കുന്ന ഗതാഗത സംവിധാനവും മുന്‍ഗണനയാകും. കേരളത്തില്‍ സിഎന്‍ജി, എല്‍എന്‍ജി വാഹന ഗതാഗതത്തിനായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ദല്‍ഹിയില്‍ വാഹനങ്ങളില്‍ സിഎന്‍ജി ഉപയോഗിക്കുന്നുണ്ട്.
ദല്‍ഹിയിലേത് പോലെ വാഹന നിയന്ത്രണം മറ്റ് സംസ്ഥാനങ്ങളിലും പരീക്ഷിക്കപ്പെടാം. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 2005നെ അപേക്ഷിച്ച് 35 ശതമാനം ഭാരതം കുറക്കേണ്ടതായുണ്ട്. 2030ല്‍ ഫോസില്‍ ഇന്ധനങ്ങളിലൂടെയല്ലാത്ത വൈദ്യുതി 40 ശതമാനത്തിലെത്തിക്കാമെന്നാണ് പ്രതീക്ഷ. 2022ഓടെ 177 ഗിഗാവാട്ട് വൈദ്യുതി പാരമ്പര്യേതര മാര്‍ഗ്ഗങ്ങളിലൂടെ ഉത്പാദിപ്പിക്കാനും രാജ്യം ലക്ഷ്യമിടുന്നു. വെല്ലുവിളി ഏറ്റെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല.
സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഈ കരാര്‍ നടപ്പാക്കുന്നതിന് അത്യാവശ്യമാണ്. പ്രകൃതിയോടുള്ള പരിചരണവും പരിഗണനയും ഭാരത ധര്‍മ്മചിന്തയുടെ തന്നെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനം കുറക്കുന്നതിന് സാധ്യമായതെന്തും ചെയ്യാന്‍ ഭാരതം പ്രതിജ്ഞാബന്ധമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. കരാറിന് അംഗീകാരം നല്‍കിയതിലൂടെ മോദിയും ഭാരത ജനതയും മഹാത്മാ ഗാന്ധിയുടെ പാരമ്പര്യമാണ് പിന്തുടരുന്നതെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും അഭിപ്രായപ്പെട്ടു. ആഗോള കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി 1997 ലെ ക്യോട്ടോ പ്രോട്ടോകോളിന് പകരമാണ് പാരിസ് ഉടമ്പടി.
വികസിത-വികസ്വര രാഷ്ട്ര വ്യത്യാസമില്ലാതെ എല്ലാവരും ലക്ഷ്യത്തിനായി കൈകോര്‍ക്കണമെന്നാണ് യുഎന്‍ നയം. ഉപാധികളോടെയാണ് ഉടമ്പടി ഭാരതം അംഗീകരിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം പതിനായിരം കോടി ഡോളര്‍ ധനസഹായം ഉടമ്പടിയില്‍ വാഗ്ദാനമുണ്ട്. എന്നാല്‍ ഈ വര്‍ഷം 200 കോടി ഡോളറാണ് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള സാങ്കേതിക വിദ്യ വികസിത രാജ്യങ്ങള്‍, വികസ്വര രാജ്യങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് ഭാരതത്തിന്റെ ആവശ്യം. ഇതില്‍ രണ്ടിലും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ഭാരതവും നിലപാടില്‍ മാറ്റം വരുത്തിയേക്കും. വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ഈ കരാര്‍ നടപ്പാക്കുന്നതില്‍ ഒരുപരിധിവരെ വെല്ലുവിളി സൃഷ്ടിക്കും.
പ്രധാന നിര്‍ദ്ദേശങ്ങള്‍
ഭൗമതാപനിലയിലെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുക.
ഹരിതഗൃഹവാതക വ്യാപനം ഉച്ചസ്ഥിതിയിലെത്തുന്നത് വേഗത്തിലാക്കുക. പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി സംതുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സാധ്യമാക്കുക.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക. ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് നല്‍കണം. സുതാര്യത ഉറപ്പാക്കുന്നിതിന് വേണ്ടിയാണിത്.
കാലാവസ്ഥാമാറ്റം നേരിടാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020 ഓടെ ഒരോ വര്‍ഷവും 10,000 കോടി ഡോളര്‍ സഹായം നല്‍കുക. 2025ല്‍ ഈ തുക വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: