1880കാലഘട്ടം. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സംസാരിക്കുന്നതിനും ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്നതിനും അസാധ്യം. കൗമാരത്തിലേക്ക് കാലൂന്നുന്നതിന് മുമ്പേയുള്ള വിവാഹം. സാമൂഹിക വ്യവസ്ഥിതിയോട് ഒത്തുപോകാന്‍ ബഹുഭൂരിപക്ഷത്തിന് സാധിച്ചപ്പോള്‍ ചിലര്‍ വഴിമാറി നടന്നു, ചരിത്രത്തിലേക്ക്. വിവാഹക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കുന്നതിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച വനിതയാണ് രുഗ്മബായ്. ഭാരതത്തിലെ ആദ്യകാല ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.
1864 ലാണ് രുഗ്മ ജനിച്ചത്. ബോംബെയില്‍. 14-ാമത്തെ വയസ്സിലായിരുന്നു രുഗ്മയുടെ അമ്മയുടെ വിവാഹം. 15-ാമത്തെ വയസ്സില്‍ രുഗ്മ ജനിച്ചു. 17-ാം വയസ്സില്‍ രുഗ്മയുടെ അമ്മ വിധവയായി. ഏഴ് വര്‍ഷത്തിന് ശേഷം പുനര്‍വിവാഹിതയും. മുംബൈയിലെ ഗ്രാന്റ് മെഡിക്കല്‍ കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസറും ഡോക്ടറുമായിരുന്ന സഖാറാം അര്‍ജ്ജുനായിരുന്നു ഭര്‍ത്താവ്. വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്കരണത്തിനും പ്രാധാന്യം നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം.
ശൈശവ വിവാഹം സാധാരണമായിരുന്ന കാലത്ത് തന്റെ അവകാശങ്ങളെപ്പറ്റി ചോദ്യം ചെയ്യാന്‍ പെണ്‍കുട്ടികള്‍ മുതിര്‍ന്നില്ല. അതുകൊണ്ട് പ്രയോജനവും ഇല്ലായിരുന്നു. ശൈശവ വിവാഹത്തില്‍ നിന്ന് രുഗ്മക്കും മോചനമുണ്ടായില്ല. സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം രുഗ്മയേയും വിവാഹത്തിന് നിര്‍ബന്ധിക്കേണ്ടിവന്നു. അതും 11-ാമത്തെ വയസ്സില്‍. ദാദാജി ഭിക്കാജി (19)യായിരുന്നു വരന്. അന്ന് നിലനിന്ന ആചാരമനുസരിച്ച് വിവാഹത്തെ തുടര്‍ന്ന് രുഗ്മ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു. രണ്ടാനച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പിന്തുടര്ന്നു. വിദ്യാഭ്യാസം നേടി.
രുഗ്മ വിദ്യാഭ്യാസം നേടുന്നതില്‍ തീരെ തല്പരനായിരുന്നില്ല ഭര്‍ത്താവ് ദാദാജി ഭിക്കാജി. അയാള്‍ തന്നിഷ്ടക്കാരനായിരുന്നു. അതേസമയം രുഗ്മ സംസ്കാര സമ്പന്നയും പ്രാപ്തിയുമുള്ള യുവതിയായി മാറി. ദാദാജിക്കൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു.
ഭാര്യാധര്‍മം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 1880 ല്‍ ദാദാജി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അന്ന് രുഗ്മയ്ക്ക് പ്രായം 22. വിവാഹം കഴിഞ്ഞ് 11 വര്‍ഷം കഴിഞ്ഞിട്ടും ഒന്നിച്ച് ജീവിക്കാന്‍ രുഗ്മ കൂട്ടാക്കുന്നില്ലെന്നും കൂടെ കഴിയാന്‍ നിര്‍ദ്ദേശിക്കണമെന്നുമായിരുന്നു കോടതി മുമ്പാകെ ആവശ്യപ്പെട്ടത്. ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറല്ലെന്ന തീരുമാനത്തില്‍ രുഗ്മ ഉറച്ചുനിന്നു. ഒന്നുങ്കില്‍ കോടതി ഉത്തരവ് അനുസരിക്കുക അല്ലെങ്കില്‍ തടവ് ശിക്ഷ അനുഭവിക്കുക എന്നീ രണ്ട് നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. ഏവരേയും അമ്പരപ്പിച്ചുകൊണ്ട് വിവാഹ ജീവിതം തള്ളി, ജയിലില്‍ പോകാന്‍ അവര്‍ തയ്യാറായി. ഒന്നിനെക്കുറിച്ചും തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രായത്തിലായിരുന്നു വിവാഹം എന്നുമാത്രമായിരുന്നു രുഗ്മയുടെ വാദം.
19-ാം നൂറ്റാണ്ടില്‍ ശ്രദ്ധയാകര്‍ഷിച്ച കോടതി വ്യവഹാരങ്ങളില്‍ ഒന്നായിരുന്നു ഇത്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്ന് ശൈശവ വിവാഹവും സ്ത്രീകളുടെ അവകാശവും ചര്‍ച്ചയായി. ബെഹ്റംജി മലബാറി, സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന മഹാദേവ് ഗോവിന്ദ റാനഡെയുടെ ഭാര്യ രമാബായ് റാനഡെ തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ നേതൃത്വത്തില്‍ രുഗ്മാബായ് ഡിഫന്‍സ് കമ്മറ്റി രൂപീകരിച്ചു. കേസ് പൊതുജന മധ്യത്തില്‍ കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചു.
ശൈശവ വിവാഹം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം തുടങ്ങിയവ സംബന്ധിച്ച് 1885 ല്‍ രുഗ്മ ബായ് പ്രമുഖ മാധ്യമത്തില്‍ തൂലികാനാമത്തിലെഴുതിയ കത്ത് ശ്രദ്ധേയമായി. ദുരാചാരമായ ശൈശവ വിവാഹം ജീവിതത്തിലെ സന്തോഷം നശിപ്പിച്ചതായി കത്തില്‍ പറയുന്നു. വിവാഹത്തിന് പെണ്‍കുട്ടിയുടെ പ്രായമോ സമ്മതമോ പരിഗണിക്കപ്പെടാതിരുന്ന കാലത്ത് ഇതിനെതിരെ ശബ്ദമുയര്‍ത്തിയ രുഗ്മാബായ് ചരിത്രത്തിന്റെ ഭാഗമായത് രണ്ട് വിധത്തിലാണ്. ഏജ് ഓഫ് കണ്‍സന്റ് ആക്ട്, 1891 പ്രാബല്യത്തില്‍ വരുന്നതിന് വഴിയൊരുക്കിയെന്നതാണ് അതിലൊന്ന്. ഭാരതത്തില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്ത ആദ്യ വനിത എന്ന ഖ്യാതി നേടിക്കൊണ്ടും ചരിത്രത്തില്‍ ഇടം നേടി.
ഏജ് ഓഫ്
കണ്‍സന്റ് ആക്ട്
ഭാരതത്തിലെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള അഴല ീള ഇീിലെി േആശഹഹ ധഅഇആപ പ്രാബല്യത്തില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഫൂല്‍മനി കൊലപാതക കേസ്. ശൈശവ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതകള്‍ക്കൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 1891 ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി 12 വയസ്സാക്കിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമായിരുന്നു അത്. ഏജ് ഓഫ് കണ്‍സന്റ് ബില്‍ ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ നിന്ന് പരിശോധിച്ചാല്‍ ശൈശവ വിവാഹത്തിനെതിരെയുള്ള ശക്തമായ നിയമ നിര്‍മ്മാണമോ പരിഷ്കരണമോ ആയിരുന്നില്ല എന്ന് വ്യക്തം.
വിവാഹപ്രായം 10 എന്നായിരുന്നു അന്ന് കണക്കാക്കിയിരുന്നത്. വിവാഹിതയായാലും അല്ലെങ്കിലും ലൈംഗിക ബന്ധത്തിനുള്ള പ്രായം 10 ല്‍ നിന്ന് 12 ആയി ഉയര്‍ത്തുകയാണ് ഏജ് ഓഫ് കണ്‍സന്റ് ആക്ടിലൂടെ ചെയ്തത്. ഇതിന്റെ ലംഘനം ബലാത്സംഗമായും വിലയിരുത്തി. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍, സെക് ഷന് 375, 1882 നിയമം ഭേദഗതി ചെയ്യുകയായിരുന്നു. 1891 ജനുവരി ഒമ്പതിന് സര് ആന്‍ഡ്രു സ്കോബലാണ് ഏജ് ഓഫ് കണ്‍സന്റ് ബില്‍ അവതരിപ്പിച്ചത്. രുഗ്മാബായിയുടെ കേസും ഇതിനൊരു വഴിത്തിരിവായി.
1889 ലാണ് ഈ ബില്‍ പാസാക്കുന്നതിന് നിര്‍ബന്ധിതമായ സംഭവം നടന്നത്. ഫൂല്‍മനി (11)യെന്ന ബംഗാളി ബാലിക, ഭര്‍ത്താവ് ഹരി മോഹന്‍ മൈതി (35) യുടെ ലൈംഗികാതിക്രമണങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ടു.
ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനാവശ്യമായ ശാരീരിക വളര്‍ച്ച ഫൂല്‍മനിക്ക് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ഹരി മോഹന്‍ മൈതിയെ നിലവിലുണ്ടായിരുന്ന നിയമ വ്യവസ്ഥ പ്രകാരം കുറ്റക്കാരനെന്ന് വിധിക്കാനായില്ല. ബംഗാളിലെ ഉന്നത കുടുംബാംഗമായിരുന്നു ഫൂല്‍മനി. മകള്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടി അവരുടെ അമ്മ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. യോനി പ്രദേശത്തുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ വിവാഹ പ്രായം 10 ല്‍ നിന്ന് 12 ആയി ഉയര്‍ത്തുന്ന ഏജ് ഓഫ് കണ്‍സന്റ് ആക്ട് പ്രാബല്യത്തില്‍ വരാന്‍ ഫൂല്‍മനി കേസ് കാരണമായി.
1890 കളില്‍ 55 ബ്രിട്ടീഷ് വനിതാ ഡോക്ടര്‍മാര്‍ ബാല്യവിവാഹവും നിര്‍ബന്ധിത ലൈംഗിക ബന്ധവും മൂലം പെണ്കുട്ടികള്ക്കുണ്ടാകുന്ന ശാരീരിക അവശതകളെപ്പറ്റിയും അപകടങ്ങളെ പറ്റിയും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഫൂല്‍മനി കൊലക്കേസിനൊപ്പം തന്നെ ഏജ് ഓഫ് കണ്‍സന്റ് ബില്ലിന്റെ നിയമ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി.
അന്ന് യാഥാസ്ഥിതിക സാമൂഹികാന്തരീക്ഷത്തില്‍, ചികിത്സക്ക് എത്തുന്നവര്‍ കുറവായിരുന്നു. ചികിത്സ തേടിവരുന്ന 12 വയസ്സിനു താഴെയുള്ള വിവാഹിതകളായ പെണ്‍കുട്ടികളില്‍ യോനിപ്രദേശത്ത് അപകടകരമായ മുറിവുകളും ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളും മാനസികമായ വിഭ്രാന്തിയും സാധാരണമായിരുന്നു. ഇത്തരം പീഡനങ്ങള്‍ കുട്ടികളുടെ മരണത്തിന് കാരണമായി. ഏജ് ഓഫ് കണ്‍സന്റ് നിയമം നടപ്പാക്കുന്നതിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും പ്രാബല്യത്തില്‍ വന്നു. 125 വര്‍ഷം മുമ്പത്തെ സാമൂഹിക സ്ഥിതിയില്‍ അതൊരു നാഴികക്കല്ലായിരുന്നു.
പരിവര്‍ത്തനം
രുഗ്മാബായിയിലും
1888 ല്‍ രുഗ്മാബായിയുടെ ഭര്‍ത്താവ് ദാദാജി ബന്ധം വേര്‍പ്പെടുത്തുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും തയ്യാറായി. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് രുഗ്മ തയ്യാറായില്ല. കോടതി ചെലവുകളും അവര്‍ ഒറ്റക്ക് വഹിച്ചു. പഠനം തുടര്‍ന്നു. ഡോക്ടറാവുകയായിരുന്നു ലക്ഷ്യം. ബോംബെ കാമ ആശുപത്രി ഡയറക്ടറായിരുന്ന എഡിത് പെഷി ഫിപ്സനിന്റെ പിന്തുണ രുഗ്മക്കുണ്ടായിരുന്നു. ഇംഗ്ലീഷില്‍ പരിജ്ഞാനം നേടി രുഗ്മ 1889 ല്‍ ഇംഗ്ലണ്ടിലേക്ക് പോയി. ലണ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രവേശനം ലഭിച്ചു. പഠനം പൂര്‍ത്തിയാക്കിയ രുഗ്മാബായ് ഭാരതത്തില്‍ തിരിച്ചെത്തി. സൂറത്തിലും രാജ്കോട്ടിലും ചീഫ് മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു. 35 വര്‍ഷം വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിച്ചു. കോളനി വാഴ്ചക്കാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ശൈശവ വിവാഹത്തിനെതിരായും അവര്‍ നിരന്തരം ശബ്ദമുയര്‍ത്തി. 1955 ല്‍ 91-ാം വയസ്സില്‍ രുഗ്മാ ബായ് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: