ഭാരതം ലോകത്തിനുനല്കിയ മഹത്തായ സംഭാവനയാണ് ആയുര്‍വേദം. ഇതിന് സമാനമായ മറ്റൊരു വൈദ്യശാഖയെ സംഭാവനചെയ്യാന്‍ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ലെന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ആയുര്‍വേദത്തെക്കുറിച്ച് ഇന്ന് ഭാരതീയരേക്കാള്‍ ഏറ്റവും കൂടുതല്‍ വിജ്ഞാനം നേടിയിട്ടുള്ളതും നേടിക്കൊണ്ടിരിക്കുന്നതും വിദേശീയരാണ്. അതിന് തെളിവാണ് പതിനായിരക്കണക്കിന് വിദേശികള്‍ ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നത്.
ആയുര്‍വേദം എന്നുകേള്‍ക്കുമ്പോള്‍ ഓരോരുത്തരുടേയും മനസ്സില്‍ അങ്കുരിക്കുന്ന നാമധേയങ്ങള്‍ നിരവധിയാണ്.
തലമുറതലമുറയായി കൈമാറ്റം ചെയ്ത് അതിന്റെ കൈപ്പുണ്യം നേടിയവര്‍ ഏറെയാണ്. കേരളത്തിലങ്ങോളമിങ്ങോളം ആയുര്‍വേദത്തിന്റെ ആഴവും പരപ്പുമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. നമ്മുടെയെല്ലാം നാക്കില്‍ തത്തിക്കളിക്കുന്ന ധാരാളം പേരുകളുണ്ട്. എന്നാല്‍ അതിലുപരി നാട്ടിന്‍പുറങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്നുള്ളതും എടുത്തുപറേയണ്ടതുണ്ട്. ഇങ്ങനെ പരമ്പരയിലേക്കു കൈമാറിയപുണ്യം ഇപ്പോഴും പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നാണ് അഷ്ടവൈദ്യന്‍ തൈക്കാട് മൂസ് വൈദ്യരത്നം ഗ്രൂപ്പ്. ഏഴരപ്പതിറ്റാണ്ടിന്റെ നിറവിലാണിന്ന് വൈദ്യരത്നം.
കേരളീയ ആയുര്‍വേദ ആചാര്യന്മാരും പ്രഥമ സ്ഥാനീയരായി കണക്കാക്കപ്പെടുന്നവരാണ് അഷ്ടവൈദ്യന്മാര്. പരശുരാമന് കേരളം സൃഷ്ടിച്ചപ്പോള്‍ ഇവിടെ താമസിപ്പിക്കുവാനായി പലദേശങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവന്നിരുന്നു.
അവരില്‍ ആരോഗ്യസംരക്ഷണം കൈകാര്യംചെയ്യുന്നതിനായി എട്ട് ബ്രാഹ്മണ കുടുംബങ്ങളെ ഏല്‍പ്പിച്ചെന്നും അവരാണ് അഷ്ടവൈദ്യന്മാരെന്ന് അറിയപ്പെടുന്നത് എന്ന വിശ്വാസവും ഉണ്ട്. എട്ടുശാഖകളിലും ഒരുപോലെ പ്രാവീണ്യം നേടിയവരാണിവര്‍.
അഷ്ടവൈദ്യന്മാരില് പ്രഥമഗണനീയരാണ് എളയടത്ത് തൈക്കാട്ട് മൂസ്സുമാര്‍. തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിനടുത്ത് തൈക്കാട്ടുശ്ശേരിയിലാണ് തൈക്കാട്ടുമന സ്ഥിതിചെയ്യുന്നത്. അഷ്ടവൈദ്യന്‍ പത്മശ്രീ ഇ.ടി.നീലകണ്ഠന് മൂസ്സ് 1941 ലാണ് വൈദ്യരത്നം ഔഷധശാല ആരംഭിച്ചത്. അതിനുമുമ്പ് തന്നെ ഈ വൃത്തി ആരംഭിച്ചിരുന്നു. രോഗികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഔഷധനിര്‍മ്മാണ രംഗത്തേക്ക് കടന്നത്.
തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ.ടി.നാരായണന് മൂസ്സിന്റെ നേതൃത്വത്തിലാണ് ഇന്ന് സ്ഥാപനം ലോക വ്യാപകമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നത്. ഓസ്ട്രേലിയ, ദക്ഷിണകൊറിയ, ബ്രിട്ടന്, ചെക്കോസ്ലോവാക്യ, ബള്‍ഗേറിയ, അമേരിക്ക തുടങ്ങി നിരവധി 26 ലധികം രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റിയയക്കപ്പെടുന്നുവെന്നതുതന്നെ വൈദ്യരത്നത്തിന്റെ പാരമ്പര്യത്തേയും മഹത്വത്തേയും വിളംബരം ചെയ്യുന്നു.
ചികിത്സ ഒരു തൊഴിലോ, ഔഷധം നിര്‍മ്മാണം ഒരു വ്യവസായമോ ആക്കാന്‍ ഉദ്ദേശിച്ചല്ല, വൈദ്യരത്നം ഔഷധശാലക്ക് തുടക്കംകുറിച്ചത്. വൈദ്യര് കുറിച്ച് കൊടുക്കുന്ന മരുന്നുകള്‍ തേടിപ്പിടിച്ച് ശരിയായ രീതിയില്‍ തയ്യാറാക്കാന്‍ കഴിയാത്ത ഒരു സ്ഥിതി പലര്‍ക്കും ഉണ്ടായിരുന്നു. ഇത് ആയുര്‍വേദ ചികിത്സക്ക് ദോഷം വരുത്തിയേക്കുമെന്ന ചിന്താഗതി ഉണ്ടായതിനെത്തുടര്‍ന്നാണ് യാതൊരു വിധത്തിലുള്ള ലാഭേച്ഛയും കണക്കാക്കാതെ മൂസ്സ് ഈ രംഗത്തേക്ക് കടന്നുവന്നത്. അത് ദൈവാനുഗ്രഹത്താല്‍ രോഗികള്‍ക്ക് വലിയൊരു ഗുണമായി എന്നുള്ളതും എടുത്തുപറയേണ്ടതാണ്.
1924 ല്‍ ബ്രിട്ടീഷ് വൈസ്രോയിയില്‍ നിന്നും ഇ.ടി.നാരായണന് മൂസ്സിന് ലഭിച്ച വൈദ്യരത്നം ബഹുമതിയോടുള്ള സ്മരണക്കായാണ് ഈ പേര് നല്‍കിയത്. ഔഷധ നിര്‍മ്മാണത്തിലെ പ്രതിജ്ഞാബദ്ധതയും ചികിത്സയിലേയും രോഗനിര്‍ണ്ണയത്തിലെയും കൈപ്പിഴവുകളില്ലാത്ത സമീപനം വൈദ്യരത്നത്തെ ലോകപ്രശസ്തമാക്കി. വൈദ്യരത്നത്തിന്റെ മരുന്നിന് പ്രിയം ഏറിയതോടെയാണ് 1942 ഏപ്രില്‍ 15 ന് ആദ്യ വില്‍പ്പനശാല ആരംഭിച്ചത്. പിന്നീടത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ചു. തുടര്‍ന്ന് കേരളത്തിന് പുറത്തേക്കും ശാഖകള്‍ക്ക് തുടക്കമായി.
ഇന്ന് ബ്രാഞ്ചുകളെ കൂടാതെ ആയിരത്തിഅഞ്ഞൂറിലധികം ഡീലര്‍മാരും വിതരണക്കാരും വൈദ്യരത്നത്തിന്റെ വിപണ ശൃംഖലയെ ശക്തിപ്പെടുത്തുന്നു. ഓരോ ഘട്ടത്തിലും, അസംസ്കൃത വസ്തുക്കളുടെ സംഭരണവും സംസ്കരണവും മുതല്‍ ഗുണനിലവാര പരിശോധന കര്‍ശനമാണെന്നതാണ് ഇവരുടെ പ്രത്യേകത. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എല്ലാ ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ലബോറട്ടറിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഔഷധങ്ങളുടെ കൂട്ടില്‍ ഒന്നിന്റെ കുറവുപോലും ഇല്ല. വിട്ടുവീഴ്ചക്കോ പകരം വക്കലുകള്ക്കോ ഇവിടെ ശ്രമിക്കുന്നുമില്ല. അത്തരം ഒരു സന്ദര്‍ഭം വന്നാല്‍ ഏക പോംവഴി ആ മരുന്നിന്റെ ഉത്പാദനം നിര്‍ത്തിവക്കുക. അതാണ് വൈദ്യരത്നത്തിന്റെ പ്രത്യേകത.
ഇ.ടി.നാരായണന് മൂസ്സ് സ്ഥാപനത്തിന്റെ നേതൃത്വം വഹിക്കാന്‍ തുടങ്ങിയതോടെ കിടത്തി ചികിത്സക്ക് പ്രാമുഖ്യം നല്‍കിത്തുടങ്ങി. അങ്ങനെ 1955 സെപ്തംബറില്‍ ആദ്യത്തെ വൈദ്യരത്നം നഴ്സിങ് ഹോം ആരംഭിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള രോഗികള്‍ വൈദ്യരത്നത്തിന്റെ കൈപ്പുണ്യം നേരിട്ടനുഭവിച്ച് രോഗവിമുക്തരാകാന്‍ ഇവിടെ എത്തിച്ചേരുന്നു.
മരുന്ന് ഉത്പാദിപ്പിക്കുന്നതിന് മാത്രമായി ചുവന്നമണ്ണില്‍ ആരംഭിച്ച ഔഷധോദ്യാനത്തില്‍ നൂറിലധികം അപൂര്‍വ്വ ഔഷധ സസ്യങ്ങള്‍ വളര്‍ത്തുന്നുണ്ട്. ഒരുകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം നാടെന്നോ നാട്ടിന്പുറമെന്നോ വ്യത്യാസമില്ലാതെ ആയുര്‍വേദ മരുന്നുകള്‍ ധാരാളമായി ലഭിച്ചിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ അവയെല്ലാം നഷ്ടപ്പെട്ടുതുടങ്ങി.
പലതും കാടുകളില്‍ പോലും ലഭ്യമാകാത്ത സ്ഥിതി സംജാതമായി. ആയുര്‍വേദത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരോ, അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും മനസ്സിലായില്ലെന്ന് നടിക്കുന്നവരോ ഇതിനെ നശിപ്പിക്കുവാന്‍ തുടങ്ങിയതോടെയാണ് മറുമരുന്നെന്നനിലയില്‍ അവയെ വച്ചുപിടിപ്പിക്കുവാനായി ഉദ്യാനം ആരംഭിച്ചത്. ഇവ ഗ്രാമങ്ങളില്‍ നിന്നും സംഭരിച്ചുവരുന്ന ഗ്രാമവാസികള്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്.
ആധികാരിക ആയുര്വേദചികിത്സക്കായി നഴ്സിങ് കൂടാതെ ഗവേഷണത്തിനായി ആയുര്‍വേദ ഫൗണ്ടേഷന്, ആയുര്‍വേദ കോളേജ് എന്നിവയും വൈദ്യരത്നത്തിനുണ്ട്. ഭാരതത്തിലെ ആദ്യത്തെ ആയുര്‍വേദ മ്യൂസിയം സ്ഥാപിച്ചതിന്റെ പെരുമയും വൈദ്യരത്നത്തിനുതന്നെ. 2013 ഡിസംബര്‍ 27 ന് മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമാണ് മ്യൂസിയം ലോകത്തിന് സമര്‍പ്പിച്ചത്.
ആയുര്‍വേദം എന്തെന്നും എന്തിനെന്നും ഏതൊരുവിദ്യാര്ത്ഥികള്ക്കും ഈ മ്യൂസിയത്തില്‍ നിന്നും മനസ്സിലാക്കാം. പഞ്ചകര്‍മ്മ ചികിത്സ, ധാര, പിഴിച്ചില്‍, നവരക്കിഴി, തക്രധാര എന്നിവയുടെ പൂര്‍ണ്ണതയും വൈദ്യരത്നത്തില്‍ നടത്തിവരുന്നു.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 25 ലധികം പുതിയ ഔഷധങ്ങൾ സോപ്പുള്പ്പടെ വൈദ്യരത്നം വിപണിയിലിറക്കും. കൂടാതെ ആയുര്‍വേദത്തിന്റെ പ്രചരണാര്‍ത്ഥം തൈക്കാട്ടുശ്ശേരി പ്രദേശം ആയുര്‍വേദ ഗ്രാമമാക്കുന്നതിനും സമീപ പഞ്ചായത്തുകളില്‍ ഔഷധകൃഷി പ്രചാരണം നടത്തുന്നതിനും ഉദ്ദേശമുണ്ട്. സംസ്കൃതഭാഷയുടെ പ്രചാരണത്തിനായി തൃശൂര്‍ ജില്ലയില്‍ പ്ലസ്ടു തലത്തില്‍ സംസ്കൃതത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന മൂന്ന് കുട്ടികള്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
അതോടൊപ്പം ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനായി വൈദ്യരത്നം ചികിത്സാ നിധിയും രൂപീകരിക്കും. അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ.ടി.നാരായണന് മൂസ്സാണ് ഇപ്പോള്‍ വൈദ്യരത്നത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും. പുത്രന്മാരായ നീലകണ്ഠന് മൂസ്സും, ഇ.ടി.പരമേശ്വരന് മൂസ്സും ഡയറക്ടര്‍മാരായി അദ്ദേഹത്തോടൊപ്പം അനവരതം പ്രവര്‍ത്തിച്ച് വരുന്നു. പ്ലാറ്റിനം ജൂബിലിയോടെ വൈദ്യരത്നം അതിന്റെ കര്‍മ്മമേഖല വിപുലീകരിക്കുകയാണ്.ഋഷിപ്രോക്തവും അനാദിയുമായ ആയുര്‍വേദത്തെ കാലാനുസൃതമായി അവതരിപ്പിച്ച് ഈ ശ്രേഷ്ഠ ശാസ്ത്ര ശാഖയെ എന്നെന്നും നിലനിര്‍ത്തുവാനുള്ള ശ്ലാഘനീയമായപ്രവര്ത്തിയാണ്വൈദ്യരത്നം നിര്‍വ്വഹിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: