പത്തനംതിട്ട: നടപ്പുസാമ്പത്തികവര്‍ഷം 14,500 കോടി രൂപയുടെ പ്രീമിയം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആരീഫ് ഹോഡ പറഞ്ഞു. ഇന്‍ഷുറന്‍സ് രംഗത്ത് പതിനേഴ് ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. നടപ്പുവര്‍ഷം അറുപതിനായിരം ഏജന്റുമാരെ നിയോഗിക്കാനാണ് ലക്ഷ്യം.
നിലവില്‍ 54536 ആണ് ഏജന്റുമാരുടെ അംഗബലം. 2015-16 സാമ്പത്തികവര്‍ഷം 12250 കോടി പ്രീമിയം തുകയാണ് കമ്പനി സമാഹരിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് 32 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. വാഹന ഇന്‍ഷുറന്‍സ് രംഗത്ത് 21 ശതമാനം വളര്‍ച്ചാനിരക്കാണ് കമ്പനിക്കുള്ളത്. ബാങ്കിങ് ഇന്‍ഷുറന്‍സ് സേവന രംഗത്ത് 12 ശതമാനം വളര്‍ച്ചാനിരക്ക് നേടിയ കമ്പനി 46ല്‍പരം പൊതുമേഖലാ ഗ്രാമീണ സഹകരണ മേഖലയിലുള്ള ബാങ്കുകളുമായി ചേര്‍ന്ന് പ്രധാനമന്ത്രി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കുന്നു.
പ്രധാനമന്ത്രി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം 2.28 കോടി ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 12 രൂപാ നിരക്കില്‍ രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കമ്പനി ഏര്‍പ്പെടുത്തി. 2015-16 കാലയളവില്‍ 240 ബാങ്കുകളുമായി ചേര്‍ന്ന് 27.38 കോടി സമാഹരിച്ചു. 2016-17 കാലയളവില്‍ 2.16 അക്കൗണ്ട് ഉടമകളില്‍ നിന്നും 25.91 കോടി പ്രീമിയം സമാഹരിക്കാനും കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് എപ്പോഴും എവിടെവെച്ചും പോളിസി ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.
ആറന്മുള വള്ളസദ്യയ്ക്ക് പള്ളിയോടത്തിലെത്തിയവര്ക്കുണ്ടായ അത്യാഹിതത്തില്‍ മരിച്ച രണ്ടുപേരുടെ നഷ്ടപരിഹാരത്തുക പത്തുദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞെന്നും പോളിസി ഉടമകളുടെ ക്ലേശത്തിലും വിപത്തിലും കൂടെനില്ക്കാനുള്ള കമ്പനിയുടെ അര്‍പ്പണബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: