പ്രവാസ ലോകത്തെ തിരക്കേറിയ ജീവിതത്തിനിടയിലും സ്വന്തം ഗ്രാമത്തിന്റെ പച്ചപ്പിനെ നെഞ്ചോട് ചേര്‍ത്ത് ഒരു പ്രവാസി മലയാളി. ഇടവേളകളില്‍ പറന്നെത്തി ഗ്രാമത്തിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയില്‍ പങ്കാളിയാകുന്നു.
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ വെണ്മണിയില് കീരിക്കാട് തറയിലേത്ത് പുത്തന്‍ബംഗ്ലാവില്‍ നാട്ടുകാര്‍ സ്നേഹ പൂര്‍വ്വം ബാബുജി എന്നു വിളിക്കുന്ന കോശി സാമുവല്‍ (61) ആണ് ഒരു നാടിന്റെ സമഗ്ര വികസനം സ്വപ്നം കാണുന്നത്. വിദേശ രാജ്യങ്ങളില്‍ വന്‍ ബിസിനസ്സ് ശൃംഖലയുള്ള നിദാല്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനാണ് കോശി സാമുവല്‍.
എല്ലാവര്ക്കും വീട്, ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ജൈവകാര്ഷികമേഖലയുടെ വളര്‍ച്ച, തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ എല്ലാവര്ക്കും തൊഴില്‍ ഇങ്ങനെ പോകുന്നു കോശി സാമുവലിന്റെ സ്വപ്ന പദ്ധതികള്‍. ഇതിനായി വെന്‍സെക് (വെണ്മണി സ്പോര്‍ട്ട്സ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ചാരിറ്റി) എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
കോശി സാമുവല്‍ നാട്ടിലെത്തിയെന്ന് അറിഞ്ഞാല്‍ പിന്നീട് സന്ദര്‍ശകരുടെ തിരക്കാണ്. എല്ലാവരുടെയും ആവശ്യങ്ങള്‍ കേട്ടറിയുമെങ്കിലും സഹായം അര്‍ഹതയുള്ളവര്‍ക്ക് മാത്രം.
ചെറുപ്പം മുതല്‍ കോശി സാമുവല്‍ കണ്ടുവളര്‍ന്നത് പാവപ്പെട്ടവര്‍ക്ക് നിര്‍ലോഭം സഹായം നല്‍കിയിരുന്ന അമ്മ തങ്കമ്മ സാമുവലിന്റെ ജീവിതരീതികളായിരുന്നു. മനസ്സിന്റെ കോണിലുള്ളില് ഇതുണ്ടായിരുന്നെങ്കിലും പത്ത് വര്‍ഷം മുന്‍പാണ് സേവനമേഖലയിലേക്ക് വലിയ കാല്‍വയ്പ്പ് നടത്തിയത്.
ഈ സമയം ബിസിനസിലുണ്ടായ തകര്‍ച്ചയും അതിനു ശേഷം ഇപ്പോള്‍ മാര്‍ത്തോമ്മ സഭ ദല്‍ഹി ഭദ്രാസനാധിപനും അന്ന് വെണ്മണി സെഹിയോന്‍ മാര്‍ത്തോമ്മ പള്ളി വികാരിയായിരുന്ന റൈറ്റ് റവ. ഗ്രിഗോറിയോസ് മാര്‍ സ്തെഫാനോസിന്റെ ഉപദേശങ്ങളുമാണ് ഇതിലേക്ക് നയിച്ചത്.
സഹായം നല്‍കുന്നതിലും കോശി സാമുവലിന് ചില ചിട്ടകളുണ്ട്. താന്‍ പഠിച്ച വിദ്യാലയത്തിനും ഗവ. സ്കൂളുകള്‍ക്കും മുന്‍ഗണന, ജൈവ കൃഷി, സര്‍ക്കാര്‍ സഹായത്താല്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വിഷമിക്കുന്നവര്‍, നിര്‍ദ്ധനരായ രോഗികളുടെ ചികിത്സ, പഠിക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ സഹായം നല്കുമ്പോള് അത് അര്‍ഹതയുള്ള കരങ്ങളിലാണ് എത്തുന്നതെന്ന് ഉറപ്പാക്കുന്നു.
സാധാരണക്കാരനില്‍ നിന്നും കഠിനാധ്വാനത്തിലൂടെയാണ് കോശി സാമുവല്‍ ജീവിതവിജയം നേടിയത്. വെണ്മണി ഗവ. എല്‍പി സ്കൂള്‍, മര്‍ത്തോമ്മ എച്ച്എസ്, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ടികെഎം എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം രണ്ടുവര്‍ഷം സാധാരണ തൊഴിലാളിയായി ചെന്നൈയില്‍ ജോലിനോക്കി.
1980ല്‍ സൗദി അറേബ്യയില്‍ എത്തി. അവിടെ ഒരു കമ്പനിയില്‍ തൊഴിലാളിയായി കയറിയ കോശി സാമുവല്‍ 10 വര്‍ഷം കൊണ്ട് പ്രൊജക്ട് മാനേജര്‍ വരെയായി. 1992ല്‍ സൗദി രാജകുമാരനുവേണ്ടി ഒരു കമ്പനി ആരംഭിച്ചു. ഇവിടെ ഡവലപ്മെന്റ് മാനേജരായും 1994 മുതല്‍ 2002വരെ ജനറല്‍ മാനേജരുമായി. പൂജ്യത്തില്‍ നിന്നും ആരംഭിച്ച കമ്പനി 10 വര്‍ഷം കൊണ്ട് 2000തൊഴിലാളികളുള്ള 100 മില്യന്‍ ഡോളര്‍ ആസ്ഥിയുള്ള കമ്പനിയായി മാറി.
ഇതിന്റെ തന്നെ മറ്റൊരു സംരംഭമായി ട്രേഡിങ് കമ്പനി സൗദിയില്‍ ആരംഭിച്ചു. നിരവധി ബ്രാഞ്ചുകള്‍ പിന്നീട് മറ്റു പല രാജ്യത്തും ആരംഭിക്കാനായി. ഈ കമ്പനിയിലൂടെയാണ് വിപ്രോ അടക്കം ഭാരതത്തിലെ പല പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളും സൗദിയില്‍ എത്തുന്നത്. 2002ൽ മക്കളുടെ വിദ്യാഭ്യാസത്തിനായി ഭാര്യ ഡോ.സൂസന് കോശിയ്ക്കൊപ്പം കാനഡയില്‍ സ്ഥിരതാമസമായി.
2005 ല്‍ വൈക്കം സ്വദേശി, സൗദി സ്വദേശി എന്നിവരുമായി ചേര്‍ന്ന് സൗദിയില്‍ നിദാല്‍ ഗ്രൂപ്പ് ആരംഭിച്ചു. 2015 ല്‍ 2000 ജീവനക്കാരായി. ഇതില്‍ 70 ശതമാനവും മലയാളികളാണ്. 2015 ല്‍ ഒമാനിലും 2016 ല്‍ ദുബായിലും ഇതിന്റെ ശാഖകള്‍ ആരംഭിച്ചു. നിരവധി പേരെ വിദേശത്ത് എത്തിച്ച് ജോലി നല്‍കിയെങ്കിലും ഒരാളില്‍ നിന്നു പോലും പണം വാങ്ങിയിട്ടില്ലെന്ന് കോശി സാമുവല്‍ പറയുന്നു.
ഇതിനിടയില്‍ കേരളത്തില്‍ ബിസിനസ്സ് ആരംഭിച്ച് കബളിപ്പിക്കപ്പെട്ട അവസ്ഥയുമുണ്ടായി. 2002 ല്‍ തിരുവനന്തപുരം സ്വദേശിയുമായി ചേര്‍ന്ന് ഫോട്ടോകോപ്പി മെഷീന് വിതരണത്തിന്റെ ഏജന്‍സി ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായിരുന്നു ബിസിനസ് നോക്കി നടത്തിയത്. എന്നാല്‍ ഇയാള്‍ തന്ത്രപൂര്‍വ്വം കബളിപ്പിച്ചു.
ഇതിലൂടെ വലിയ നഷ്ടമാണുണ്ടായത്. അതുവരെ ബിസിനസ് വിജയങ്ങള്‍ മാത്രമായിരുന്നു കോശിയുടെ ജീവിത ലക്ഷ്യം. അപ്രതീക്ഷിതമായ നഷ്ടവും ഈ സമയം വൈദികനുമായുണ്ടായ കൂടിക്കാഴ്ചയിലൂെട കോശിയുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു.
2009ൽ ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്മണി പഞ്ചായത്തുകളില്‍ 71 ഭവനങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചായിരുന്നു സേവന പ്രവര്‍ത്തനങ്ങളുടെ തുടക്കം. ഇതോടൊപ്പം ഇന്‍ഷുറന്‍സ് പദ്ധതി, കൃഷി ചെയ്യാന്‍ ലോണ്‍ തുടങ്ങിയവയും നല്കി. 10 ലക്ഷം രൂപ പദ്ധതിയ്ക്കായി ചിലവഴിച്ചു.
2010 ല്‍ നിര്‍ദ്ധനരായ 64 പേര്‍ക്ക് അടുക്കള നിര്‍മ്മിച്ച് നല്കി. ഇതോടൊപ്പം 150 പേര്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍പദ്ധതിയും ആരംഭിച്ചു. സാമ്പത്തികമായി പരാധീനതയിലുള്ള നൂറോളം പേര്‍ക്ക് വീട് പൂര്‍ത്തീകരിക്കാന്‍ സാമ്പത്തിക സഹായം നല്കി.
ഇപ്പോള്‍ വെണ്മണി ചാങ്ങമലയില്‍ അച്ഛന് കെ.എം. സാമുവല്‍ നല്കിയ സ്ഥലത്ത് 15 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഒരു ചെറിയ ഹാള്‍, അടുക്കള, കിടപ്പുമുറി, ശൗചാലയവും ഉള്ളതാണ് ഓരോ വീടുകളും. ഇത് അര്‍ഹരായവരെ കണ്ടെത്തി ഉടന്‍ കൈമാറും. വീടുകള്‍ കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥ മാത്രമാണ് മുന്നോട്ട് വയ്ക്കുന്നത്.
താന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിനോട് പ്രത്യേക മമത പുലര്‍ത്തുന്ന ഇദ്ദേഹം ഇവിടെ എന്താവശ്യമുണ്ടെങ്കിലും ഓടിയെത്തും. വര്‍ഷങ്ങള്‍ക്ക് മുമ്പ് 35 വിദ്യാര്‍ത്ഥികളുമായി സ്കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ സഹായ ഹസ്തവുമായി എത്തിയതും ഇദ്ദേഹമാണ്.
സ്കൂളിലേക്ക് ബസ് വാങ്ങി നല്‍കിയതിനൊപ്പം മ്യൂസിക്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവയ്ക്ക് അദ്ധ്യാപകരെ നിയോഗിക്കുന്നതിനൊപ്പം കുട്ടികള്‍ക്കെല്ലാം പ്രഭാത ഭക്ഷണവും ഏര്‍പ്പെടുത്തി. ഇതു കൂടാതെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്കൂളില്‍ പ്രത്യക വിഭാഗം ആരംഭിച്ചു. ഇതിന്റെയെല്ലാം പ്രതിമാസ ചിലവ് വഹിക്കുന്നതും കോശിയാണ്.
താലൂക്കിലെ നിരവധി സ്കൂളുകള്‍ക്ക് വിവിധ സഹായങ്ങള്‍ ഇദ്ദേഹം ചെയ്യുന്നു. ഇതില്‍ പ്രധാനം ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക എന്നതാണ്. വെണ്മണി പഞ്ചായത്തിലെ സ്കൂളുകളിലെ എല്ലാ ശൗചാലയങ്ങളും പുതുക്കി നല്കി. മര്‍ത്തോമ്മ സ്കൂളിന്റെ നവതിയുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ടോയ്ലറ്റ് ബ്ലോക്കുകളും ബയോഗ്യാസ് പദ്ധതിയും നടപ്പാക്കി.
ഇതുകൂടാതെ കൊല്ലകടവ് മുഹമ്മദന്‍സ് ഗവ. സ്കൂളിന് ബസ്, നിയോജകമണ്ഡലത്തിലെ നിരവധി സ്കൂളുകളില്‍ കഞ്ഞിപ്പുര, സൈക്കിള്‍ ഷെഡ് എന്നിവ നിര്‍മ്മിച്ച് നല്കി. കായികമേഖലയുടെ വളര്‍ച്ചയ്ക്ക് സ്പോര്‍ട്ട്സ് കിറ്റികള്‍ നല്കി. മൂന്നു സ്കൂളുകളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിനെ സ്പോണ്സര് ചെയ്തിരിക്കുന്നതും കോശി സാമുവലാണ്. 295 സ്കൂളുകളിലായി ജന്മഭൂമി ഉള്‍പ്പെടെ വിവിധ പത്രങ്ങളുടെ 1200 കോപ്പികള്‍ വിതരണം ചെയ്യുന്നു.
കാര്‍ഷിക മേഖലയിലും ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്. 2009 ല്‍, വര്‍ഷങ്ങളായി തരിശ് കിടന്ന മാമ്പ്ര പാടശേഖരത്തെ എട്ട് ഏക്കറില്‍ കൃഷി ഇറക്കിയായിരുന്നു തുടക്കം. ഇപ്പോള്‍ വെണ്മണി പഞ്ചായത്തിലെ പടുവ, ചാങ്ങപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലെ 80 ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്നു.
വീടിന് പിന്നിലായി പച്ചക്കറി കൃഷിത്തോട്ടം പരിപാലിക്കുന്ന കോശി സാമുവല്‍ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറി കൃഷി ചെയ്യാന്‍ സഹായവും നല്കുന്നു. വെണ്മണി കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി സെന്റര്‍ ആരംഭിച്ചു. ഇവിടെ പിഎസ്സി കോച്ചിങ് സെന്റര്‍, സൈനിക, പോലീസ് ജോലികള്‍ ലഭിക്കുന്നതിനുള്ള പരിശീലന കേന്ദ്രം തുടങ്ങിയവയും ഇദ്ദേഹം ലക്ഷ്യം വയ്ക്കുന്നു.
സ്വയം പര്യാപ്തരായി എല്ലാവരും ജീവിക്കുന്ന കേരളമാണ് കോശി സാമുവലിന്റെ സ്വപ്നം. ഇതോടൊപ്പം 1950 കാലഘട്ടങ്ങളിലെ കാര്‍ഷികമേഖലയിലേക്കുള്ള മടക്കവും. പഴമയെ ഏറെ സ്നേഹിക്കുന്ന കോശി സാമുവല്‍ കുടുംബ വീട് നിലനിര്‍ത്തി പുരാതനമായ രീതിയിലുള്ള പുതുക്കലുകള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്.
സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്കുന്ന ഭാര്യ ഡോ.സൂസന് കോശി, മക്കളായ രഞ്ചു, ഡോ.രേശ്മ, റൂബല്‍ എന്നിവരാണ് വിജയതിന് പിന്നിലെന്നും മാതാപിതാക്കളായിരിക്കണം മക്കളുടെ ഏറ്റവും നല്ല മാതൃകയെന്നുമാണ് കോശി സാമുവലിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: