മൺമറഞ്ഞുകൊണ്ടിരിക്കുന്ന അനുഷ്ഠാനകലാരൂപങ്ങളുടെ വീണ്ടെടുപ്പിനായി പത്മശ്രീ മാണി മാധവചാക്യാർ ഗുരുകുലത്തിൽ രാമായണ മാസമായ കർക്കടകം ഒന്നുമുതൽ 31 വരെ നീണ്ടുനിൽക്കുന്ന കൂടിയാട്ട മഹോത്സവമാണ് ആഷാഢോത്സവം. പത്മശ്രീ പി.കെ. നാരായണൻ നമ്പ്യാരുടെ ശിക്ഷണത്തിൽ ഗുരുകുലത്തിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റുകലാകാരന്മാരും പൂർവവിദ്യാർത്ഥികളും പങ്കെടുക്കുന്ന ഈ മഹോത്സവം കഴിഞ്ഞ ഏഴ് വർഷമായി ഗുരുകുലം നാട്യശാലയിൽ നടന്നുവരുന്നു.
കൂടിയാട്ടം, നങ്ങ്യാരമ്മക്കൂത്ത്, ചാക്യാർകൂത്ത്, പാഠകം തുടങ്ങി പാരമ്പര്യ കലകളുടെ പൂർണരൂപത്തിലുള്ള അവതരണമാണ് ആഷാഢോത്സവത്തിൽ നടക്കുന്നത്. അന്യം നിന്നതും ദേവപ്രീതിക്കായി നടത്തുന്ന കൂടിയാട്ടങ്ങളെ അനുഷ്ഠാനങ്ങളോടുകൂടി പുറപ്പാട്, നിർവഹണം, കൂടിയാട്ടം എന്നീ ക്രമത്തിലാണ് അവതരിപ്പിച്ചുവരുന്നത്.
മന്ത്രാങ്കം കൂത്ത്, അംഗുലിയാങ്കം കൂത്ത്, നങ്ങ്യാരമ്മക്കൂത്ത്, മത്തവിലാസം കൂത്ത്, ബ്രഹ്മചാരി കൂത്ത്, ചാക്യാർകൂത്ത് തുടങ്ങിയവയുടെ അവതരണങ്ങളും സുഭദ്രാധനജ്ഞയം, സ്വപ്നവാസവദത്തം, നാഗാനന്ദം തുടങ്ങി വിദൂഷക പ്രാധാന്യം നിറഞ്ഞ കൂടിയാട്ടങ്ങളുടെ പുരുഷാർത്ഥത്തോടെയുള്ള അവതരണങ്ങളും, ബാലചരിതം, അഭിഷേകനാടകം, ആശ്ചര്യചൂഢാമണി എന്നീ നാടകങ്ങളുടെ കൂടിയാട്ട അവതരണങ്ങളും കഴിഞ്ഞ ആഷാഢോത്സവത്തിന്റെ പ്രത്യേകതയായിരുന്നു. ജൂലൈ 16 ന് തുടങ്ങിയ ആഷാഢോത്സവത്തിൽ നാരായണൻ നമ്പ്യാർ ചിട്ടപ്പെടുത്തിയ ദക്ഷയാഗം നങ്ങ്യാരമ്മ കൂത്ത് അദ്ദേഹത്തിന്റെ മകളും ഗുരുകുലം അധ്യാപികയുമായ വാസന്തി നാരായണൻ രംഗത്ത് അവതരിപ്പിക്കും.
അതോടൊപ്പം പുതുതായി ചിട്ടപ്പെടുത്തിയ അന്തകവധം കൂടിയാട്ടവും അരങ്ങേറും. കഴിഞ്ഞ ആഷാഢോത്സവങ്ങളിലും പഴയകൂടിയാട്ടങ്ങളെ ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിക്കുകയും പുതിയവ ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. കാളിയാങ്കം, ശാപാങ്കം, ബാലചരിതം നാടകത്തിലെ എല്ലാം അങ്കങ്ങളും, മാർക്കണ്ഡേയചരിതം, നങ്ങ്യാരമ്മക്കൂത്ത് എന്നിവയായിരുന്നു കഴിഞ്ഞ വർഷം രംഗത്ത് അവതരിപ്പിച്ചവ.
ഭക്തിയ്ക്കും അനുഷ്ഠാനത്തിനും പ്രാധാന്യമുള്ള കൂത്തുകളാണ് മന്ത്രാങ്കം, അംഗുലിയാങ്കം, മത്തവിലാസം കൂത്തുകൾ. 41 ദിവസം ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ എല്ലാവിധ അനുഷ്ഠാനത്തോടും കൂടി നടത്തുന്ന കൂത്താണ് മന്ത്രാങ്കം കൂത്ത്. ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണം നാടകത്തിലെ മൂന്നാം അങ്കമാണ് മന്ത്രാങ്കം കൂത്തിൽ അവതരിപ്പിക്കുന്നത്. ഉജ്ജയിനിയിലെ രാജാവായ മഹാസേനൻ, ഉദയനമഹാരാജാവിനെ കാരാഗ്രഹത്തിൽ ബന്ധിക്കുന്നു.
തുടർന്ന് ഇദ്ദേഹത്തെ കാരാഗ്രഹത്തിൽ നിന്നും രക്ഷിക്കുന്നതിനായി ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭാഗത്തിൽപ്പെട്ട മന്ത്രിമാരുടെ മന്ത്രാലോചനയാണ് മന്ത്രാങ്കം. ഡിണ്ഡിഗ വേഷധാരിയായ ബ്രാഹ്മണ മന്ത്രി വസന്തകൻ ഓരോ സ്ഥലത്ത് കഥപറഞ്ഞുപറഞ്ഞെത്തി ഉദയനനെ രക്ഷിക്കുന്നതാണ് ഇതിവൃത്തം. അഭിനയ-വാചിക പ്രധാനമാണ് ഈ കൂത്ത്. അഭിനയപ്രധാനമായ അംഗുലിയാങ്കവും വാചിക പ്രധാനമായ മന്ത്രാങ്കവും സ്വായത്തമായാൽ ഒരു കൂടിയാട്ട കലാകാരൻ പൂർണതയിലെത്തിയെന്നാണ് കൂടിയാട്ട മതം.
മത്തവിലാസം കൂത്ത്
മഹേന്ദ്ര വിക്രമ പല്ലവൻ ഏഴാം നൂറ്റാണ്ടിൽ രചിച്ച മത്തവിലാസം പ്രഹസനമാണ് മത്തവിലാസം കൂത്ത്. ബ്രഹ്മഹത്യാപാപം തീർക്കുവാനായി മധുപാനം നടത്തി ഭൂമിയിൽ സഞ്ചരിക്കുന്ന കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്ത്. മൂന്ന് ദിവസമായിട്ടാണ് ഇത് അരങ്ങത്ത് അവതരിപ്പിക്കുന്നത്. പുറപ്പാട്, നിർവഹണം, കപാലി എന്നീ ക്രമത്തിലാണ് സന്താനലാഭത്തിനായി ഇത് അരങ്ങത്ത് അവതരിപ്പിക്കപ്പെടുന്നത്.
കപാലിയുടെ നൃത്തം കാണുന്നവർക്ക് ആഗ്രഹങ്ങൾ സഫലമാകും എന്നാണ് വിശ്വാസം. സന്താനലാഭത്തിന് ശേഷം വഴിപാട് കഴിച്ചാൽ മതിയെന്നതാണ് മറ്റൊരു പ്രത്യേകത. ഈ കൂത്തുകളെല്ലാം അനുഷ്ഠാനവശങ്ങളോടുകൂടി ആഷാഢോത്സവത്തിൽ അവതരിപ്പിക്കുവാൻ മാണി മാധവ ചാക്യാർ ഗുരുകുലത്തിന് സാധിക്കുന്നു. ആഷാഢോത്സവം കൂടിയാട്ട മഹോത്സവം ആഗസ്റ്റ് 16 നാണ് സമാപിക്കുക.
മാണി മാധവ ചാക്യാർ ഗുരുകുലം
നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവചാക്യാർ 1982 ൽ ഗുരുകുല സമ്പ്രാദയാത്തിൽ പാരമ്പര്യ കലകളായ കൂടിയാട്ടം, നങ്ങ്യാർകൂത്ത്, പാഠകം, ചാക്യാർക്കൂത്ത് എന്നിവയുടെ സംരക്ഷണത്തിനായി സ്ഥാപിച്ച വിദ്യാലയമാണിത്. രസാഭിനയ ചക്രവർത്തിയായി അറിയപ്പെടുന്ന മാണി മാധവചാക്യാരുടെ മരണശേഷം ഗുരുകുലത്തിന്റെ സാരഥ്യം അദ്ദേഹത്തിന്റെ മക്കളായ പത്മശ്രീ പി.കെ. നാരായണൻ നമ്പ്യാർ, അഭിനയ തിലകം പികെജി നമ്പ്യാർ എന്നിവർ ഏറ്റെടുത്തു.
ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള കൂത്തമ്പലത്തിൽ നിന്നും കൂത്ത്, കൂടിയാട്ടം എന്നീ കലകളെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് കൊണ്ടുവന്ന ആചാര്യനാണ് മാണി മാധവ ചാക്യാർ. പാരമ്പര്യ കലയെ ആദ്യമായി മറ്റൊരു മതസ്ഥനായ ക്രിസ്റ്റഫർ ബ്രിസ്കിയെന്ന പോളിഷ് അംബാസഡറെ തന്റെ ഭവനത്തിൽ താമസിപ്പിച്ച് പഠിപ്പിച്ചതും മാധവ ചാക്യാരാണ്. കൂടിയാട്ടത്തിന് ആദ്യമായി പത്മശ്രീ ബഹുമതി ലഭിച്ചതും മാണി മാധവ ചാക്യാർക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: