കൊച്ചി: രാജ്യത്തെ ആദ്യ ഐടി ടെലികോം ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം അനുമതി നല്കി. യുവജനങ്ങള്‍ക്കു വേണ്ടി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തില്‍ തുടങ്ങുകയും നാലു വര്‍ഷം കൊണ്ട് രാജ്യത്തിനാകെ മാതൃകയായി മാറുകയും ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ രാജ്യവ്യാപകമാക്കുന്നത്.
ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായി മാറുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് രണ്ടാംഘട്ടത്തിന് ജൂലൈ 13ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര, സാങ്കേതിക സംരംഭക വികസന ബോര്‍ഡിന്റെ മേധാവി ഡോ. എച്ച്. കെ. മിത്തല്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും സ്റ്റാര്‍ട്ടപ് വില്ലേജ് ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് തുടക്കമിടും.
പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലുള്ള സ്റ്റാര്‍ട്ടപ് വില്ലേജ് രണ്ടാംഘട്ടം പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തിയായിരിക്കും വികസിപ്പിക്കുക. രാജ്യത്തെ 50 ലക്ഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ സംരംഭക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് അനുയോജ്യമായ തരത്തില്‍ രൂപം കൊടുക്കുന്ന ഈ ഡിജിറ്റല്‍ ഇന്‍ക്യുബേഷന്‍ നെറ്റ്വര്ക്കില് അപേക്ഷാ സമര്‍പ്പണവും, പരിശീലനവും അധ്യാപനവും, ബിരുദദാനവുമെല്ലാം ഡിജിറ്റല്‍ രൂപത്തിലായിരിക്കും.
ബെംഗളൂരുവിലും അമേരിക്കയിലെ സിലിക്കണ്‍ വാലിയിലുമുള്ള സ്റ്റാര്‍ട്ടപ് കേന്ദ്രങ്ങളിലെ അന്തരീക്ഷവും സൗകര്യങ്ങളും രാജ്യത്തെ ഇടത്തരം ചെറുകിട പട്ടണങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ലഭ്യമായിരുന്നില്ലെന്ന് ക്രിസ് ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. ഇന്‍ക്യുബേറ്റര്‍ ഡിജിറ്റല്വല്കരിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരം കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ സ്റ്റാര്‍ട്ടപ് വില്ലേജ് 2012-15 കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടത്തിന് കേന്ദ്ര ശാസ്ത്ര,സാങ്കേതിക വകുപ്പ് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: