ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെ സിഗരറ്റ് വില്‍പ്പന 8.2 ശതമാനം ഇടിഞ്ഞതായി കണക്കുകള്‍. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യൂറോമോണിട്ടര് ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഇതുപ്രകാരം 2013- 14 കാലയളവില്‍ 95.9 ലക്ഷം കോടി സിഗരറ്റാണ് വിറ്റഴിച്ചത്. 2014-15ല്‍ ഇത് 88.1 ലക്ഷം കോടിയായി കുറഞ്ഞു. അതായത് 66,430 കോടി രൂപയുടെ സിഗരറ്റ് 2015ല്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
പുകയില ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരും നടപടികള്‍ സ്വീകരിച്ചിരുന്നു. സിഗരറ്റ് പായ്ക്കറ്റിലെ മുന്നറിയിപ്പിന്റെ വലിപ്പം വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികളാണ് കേന്ദ്രം കൊണ്ടുവന്നത്.
ഇതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നുമുതല്‍ സിഗരറ്റ് പായ്ക്കറ്റിന്റെ 85 ശതമാനം ഭാഗത്ത് ഇതിനെതിരെയുള്ള മുന്നറിയിപ്പ് കമ്പനികള്‍ നല്‍കിവരുന്നുണ്ട്.
അതേസമയം സിഗരറ്റിന്റെ നിയമ വിരുദ്ധ വ്യാപാരങ്ങള്‍ വര്‍ധിച്ചു വരുന്നതായും പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: