ന്യൂജേഴ്സി: അര്‍ജന്റീനയുടെ നീലയും വെള്ളയും കലര്‍ന്ന ജേഴ്സിയില്‍ ഇനി മെസിയെന്ന മിശിഹയില്ല. ദേശീയ ടീമിന് ഒരു കിരീടം നേടിക്കൊടുക്കാനാകാതെ ലയണല്‍ മെസിയെന്ന ഇതിഹാസ താരം ബൂട്ടഴിച്ചു.
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ലോക ഫുട്ബോളിലെ ഇതിഹാസരങ്ങളിലൊരാളായ ലയണല്‍ മെസി ദേശീയ ജേഴ്സിയില്‍ ഇനിയില്ലെന്നു പ്രഖ്യാപിച്ചത്. അതും ഷൂട്ടൗട്ടില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി ദുരന്തനായകനെന്ന പരിവേഷത്തോടെ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നാല് ഫൈനലുകളിലാണ് അര്‍ജന്റീന പരാജയപ്പെട്ടത്. അതില്‍ മൂന്നും മൂന്നു വര്‍ഷത്തിനിടെ.
2005ലെ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും 2008 ഒളിമ്പിക്സിലും രാജ്യത്തെ ജേതാക്കളാക്കിയതു മാത്രമാണ് മെസിയെന്ന പ്രതിഭയുടെ ചുമലിലെഴുതിയ നിയോഗം. എന്നാല്‍, ഇതൊന്നും ലോകകപ്പിനോളമോ, കോപ്പ അമേരിക്ക കിരീടത്തോളമോ വരില്ലെന്ന് മെസിയേക്കാള്‍ നന്നായറിയാവുന്ന മറ്റൊരാളുണ്ടാകില്ല. അതേസമയം, ഫൈനലിലെ കഷ്ടകാലത്തിനിരയായ രാജ്യാന്തര താരങ്ങളില്‍ മെസി എന്നും മുന്നിലുണ്ടാകും. നാല് തവണ പ്രധാന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ചിട്ടും തോല്‍ക്കേണ്ടിവന്നു മെസിയുടെ അര്‍ജന്റീനയ്ക്ക്. 2007, 2015, 2016 കോപ്പ അമേരിക്കയിലും 2014 ലോകകപ്പിലുമായിരുന്നു മെസിയുടെയും സംഘത്തിന്റെയും പരാജയങ്ങള്‍.
”രാജ്യത്തിന് വേണ്ടി ചെയ്യാനാകുന്നതെല്ലാം ഞാന്‍ ചെയ്തു. അര്‍ജന്റീനയ്ക്കൊപ്പം ചാമ്പ്യനാവാന്‍ കഠിനമായി പരിശ്രമിച്ചെങ്കിലും അതെല്ലാം പാഴായി. പെനല്‍റ്റി നഷ്ടപ്പെടുത്തിയത് ഗുരുതര വീഴ്ചയാണ്; അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ ഡ്രസിങ് റൂമില്‍ ഇരിക്കുമ്പോള്‍ എല്ലാം അവസാനിച്ചതായി എനിക്ക് തോന്നുന്നു, ഈ ടീം ഇനി എനിക്കുള്ളതല്ല… ഇതെല്ലാം നല്ലതിനാണ് എനിക്കും, എല്ലാവര്ക്കും…” വികാരാധീനനായി മെസി പറഞ്ഞു.
ബാഴ്സലോണയുടെ നിറത്തില്‍ ക്ലബ് ഫുട്ബോളിന്റെ ചക്രവര്‍ത്തിയായി വിരാജിക്കുമ്പോഴും രാജ്യത്തിനൊരു കിരീടം നേടിക്കൊടുക്കാനായിട്ടില്ലെന്നത് ഒരു കുറവായി ലോകം വിലയിരുത്തി. അതൊരു കുറവായി മെസിയും കണ്ടതുകൊണ്ടാകാം പൊടുന്നനെയുള്ള ഈ തീരുമാനം. അഞ്ചുവട്ടം ലോക ഫുട്ബോളറായതിന്റെ കണക്കിലേറെയും ക്ലബ്ബിലെ നേട്ടങ്ങള്‍ക്കൊപ്പമെന്നതും താരത്തിന്റെ മനസിലെത്തിയിരിക്കണം.
2007ലും 2008ലും രണ്ടാം സ്ഥാനത്തുനിന്ന മെസി, 2009-ല്‍ ഫിഫ ലോക ഫുട്ബോളര് ബഹുമതി ആദ്യമായി സ്വന്തമാക്കി. പിന്നീട് തുടര്‍ച്ചയായി നാലുവര്‍ഷം പുരസ്കാരം സ്വന്തമാക്കിയ മെസിയെ തേടി 2016ലും പുരസ്കാരമെത്തി.
തീരുമാനം പുനഃപരിശോധിക്കണമെന്ന് മുന്‍ താരങ്ങളടക്കം നിരവധി പേര് ആവശ്യപ്പെട്ടു. മെസിയുടെ തീരുമാനം നീതിയുക്തമല്ലെന്ന് മറഡോണ പറഞ്ഞു. തീരുമാനം മാറ്റി അര്‍ജന്റീനയ്ക്കായി വീണ്ടും കളത്തിലിറങ്ങണമെന്ന് ചിലി ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോ. അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോളി സെര്‍ജിയോ റൊമേരോയും മെസിയോട് തീരുമാനം മാറ്റണമെന്നും തുടര്‍ന്നും ദേശീയ ജേഴ്സി അണിയണമെന്നും ആവശ്യപ്പെട്ടു.
പരിക്കുകാരണം കോപ്പയില്‍ ചിലിക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല മെസി. രണ്ടാം മത്സരത്തില്‍ പകരക്കരനായി ഇറങ്ങി ഹാട്രിക്ക് നേടിയ താരം, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലക്കെതിരെ ഗോള്‍ നേടി അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടക്കൊപ്പം എത്തിയിരുന്നു. സെമിയില്‍ അമേരിക്കക്കെതിരെ അത്ഭുത ഫ്രീകിക്കിലൂടെ ലക്ഷ്യം കണ്ടതോടെ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവുമായി. 113 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് അര്‍ജന്റീനയ്ക്കായി മെസി സ്വന്തമാക്കിയിട്ടുള്ളത്.
പോസ്റ്റിന് പിന്നില്‍ നിന്നു പോലും മഴവില്‍ ഷോട്ട് പായിച്ച് പന്ത് വലയിലെത്തിക്കാന്‍ കെല്‍പ്പുള്ള താരം പെനാല്‍റ്റി പുറത്തേക്ക് അടിച്ചു കളയണമെന്നുണ്ടെങ്കില്‍ ആ സമയം അയാള്‍ അനുഭവിച്ച സമ്മര്‍ദം വിവരണാതീതം. തിരിച്ചടി ലഭിച്ചപ്പോഴൊക്കെ ലയണല്‍ മെസി എന്ന അഞ്ചടി ഏഴിഞ്ചുകാരന് നെഞ്ചുറപ്പോടെ നിന്നിരുന്നു. എന്നാല്‍, ഇന്നലെ മെസി പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാനായി ചിലി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മെസിക്കടുത്തേക്ക് എത്തിയെങ്കിലും ആ കണ്ണീരൊപ്പാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: