പാരീസ്: യൂറോ കപ്പ് ഫുട്ബോളിലെ ഏറ്റവും തീക്ഷണമായ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് നിലവിലെ ജേതാക്കള്‍ സ്പെയ്നും റണ്ണറപ്പ് ഇറ്റലിയും കൊമ്പുകോര്‍ക്കുമ്പോള്‍ അറിയേണ്ടത് ഒന്നു മാത്രം, ഇറ്റലി കണക്കുതീര്‍ക്കുമോ? അതോ കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനമാകുമോ? 2012ലെ ഫൈനലില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ഇറ്റലിയെ തുരത്തിയാണ് സ്പെയ്ന്‍ തുടരെ രണ്ടാംവട്ടം യൂറോയില്‍ മുത്തമിട്ടത്. ഇതിനു മുന്‍പ് 2008ലും നോക്കൗട്ടില്‍ ഇറ്റലിയുടെ വഴിമുടക്കി സ്പെയ്ന്‍. അതേസമയം, ആകെയുള്ള പോരാട്ടത്തില്‍ പത്ത് ജയം വീതം ഇരു ടീമുകള്‍ക്കും. പതിനാല് സമനില.
അതെല്ലാം പഴങ്കഥകള്‍. പക്ഷേ, കടലാസിലെങ്കിലും സ്പെയ്നിന് നേരിയ മുന്‍തൂക്കം. വിന്‍സന്റ് ഡെല്‍ ബോസ്ക്കിന്റെ ടിക്കി ടാക്കയ്ക്ക് പഴയ ശൗര്യമില്ലെങ്കിലും പ്രതിഭകളേറെയുണ്ട് ടീമില്‍. മുന്നേറ്റനിരയ്ക്ക് പഴയ പ്രതാപമില്ല. അദൂരിസ്, വാസ്ക്വെസ്, മൊരാറ്റ തുടങ്ങിയ യുവതാരങ്ങള്‍ മുന്നേറ്റത്തില്‍. ആന്ദ്രെ ഇനിയെസ്റ്റ, സെസ്ക് ഫാബ്രിഗസ്, സെര്‍ജിയോ ബുസ്ക്വെറ്റ് തുടങ്ങിയ മധ്യനിര ഭാവനാസമ്പന്നം. ഇനിയെസ്റ്റയുടെ ചടുലതയും കൗശലവുമാണ് സ്പാനിഷ് മുന്നേറ്റങ്ങളുടെ കാതല്‍. ജെറാര്‍ഡ് പിക്വെയും, സെര്‍ജിയോ റാമോസും അണിനിരക്കുന്ന പ്രതിരോധവും ശക്തം. വല കാക്കാന്‍ ഡി ഗിയ.
വിള്ളലില്ലാത്ത പ്രതിരോധത്തിന്റെ കരുത്തില്‍ കുതിക്കുന്ന ഇറ്റലിയെ ആക്രമിക്കാനും ശീലിപ്പിച്ചു പരിശീലകന് അന്റോണിയോ കോണ്ടെ. എല്‍ ഷരാവി, ഇന്സൈന്, ഇമ്മൊബൈല്‍, സസ എന്നിവര്‍ മുന്നേറ്റത്തില്‍. ഡാനിയല്‍ ഡി റോസി, കണ്ഡ്രേവ, ഫ്ളോറന്‍സി തുടങ്ങിയവരടങ്ങിയ മുന്നേറ്റവും മോശക്കാരല്ല. ബെര്‍സാഗ്ലി, ബൊണൂച്ചി, ചെല്ലിനി, ദര്മെയ്ന് എന്നിവരടങ്ങിയ പ്രതിരോധം പിളര്‍ത്താന്‍ എതിരാളികള്‍ വിയര്‍ക്കും. വല കാക്കാന്‍ ബഫണുമുണ്ട്. ഗ്രൂപ്പിലെ അവസാന കളിയില്‍ അയര്‍ലന്‍ഡിനോട് തോറ്റു ഇറ്റലി. എന്നാല്‍, മുന്നിരക്കാരിലധികവും പേരെ പുറത്തിരുത്തി കളിച്ചതെന്നു മാത്രം. സമീപകാലത്ത് പക്ഷേ, സ്പെയ്നിനോട് ജയിക്കാനായിട്ടില്ല ഇറ്റലിക്ക്. രണ്ടെണ്ണത്തില്‍ സ്പെയ്ന്‍ ജയിച്ചപ്പോള്‍, ബാക്കി സമനിലയില്‍.
ഇംഗ്ലണ്ടിന് ഐസ്ലന്ഡ്
നൈസ്: അവസാന പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടിനെ എതിരിടാനെത്തുന്നത് ഐസ്ലന്ഡ്. ഏതെങ്കിലും പ്രമുഖ ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കുന്ന ഐസ്ലന്ഡ് തങ്ങളുടെ പോരാട്ടവീര്യം കൊണ്ട് യൂറോ കപ്പിന്റെ അവസാന പതിനാറിലേക്കു മുന്നേറി. എന്നാല്‍, ഇംഗ്ലണ്ടാകട്ടെ പ്രതിഭകളുടെ ധാരാളിത്തമുണ്ടായിട്ടും തപ്പിത്തടഞ്ഞു. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ മുഖാമുഖത്തിനാണ് അരങ്ങൊരുങ്ങുന്നത്. 1982ല്‍ 1-1ന് സമനിലയായപ്പോള്‍, 2004ല്‍ 6-1ന്റെ തകര്‍പ്പന്‍ ജയം ഇംഗ്ലണ്ടിന്. യൂറോ കപ്പില്‍ ഓസ്ട്രിയയെ കീഴടക്കി, പോര്‍ച്ചുഗലിനെയും ഹംഗറിയെയും തളച്ച് ഐസ്ലന്ഡിന്റെ മുന്നേറ്റം. റഷ്യയോടും സ്ലൊവാക്യയോയും കുരുങ്ങിയ ഇംഗ്ലണ്ട് വെയ്ല്‍സിനെ കീഴടക്കി.
നായകന് വെയ്ന്‍ റൂണിയില്‍ തുടങ്ങുന്നു ഇംഗ്ലീഷ് വീര്യം. ഹാരി കെയ്ന്‍, ജയ്മി വാര്‍ഡി, ഡാനിയല്‍ സ്റ്ററിഡ്ജ്, മാര്‍ക്കസ് റഷ്ഫോഡ് തുടങ്ങിയവര്‍ മുന്നേറ്റത്തില്‍. ഇവരില്‍ ആരെ വേണമെങ്കിലും ആദ്യ ഇലവനിലിറക്കാമെന്ന ആത്മവിശ്വാസമുണ്ട് പരിശീലകന് റോയ് ഹോഡ്ജ്സണിന്. റഹിം സ്റ്റെര്‍ലിങ്, ആദം മില്‍നര്‍, വില്‍ഷെര്‍, ഹെന്ഡേഴ്സണ്, ആദം ലല്ലാന, ഡാലെ അലി തുടങ്ങിയവരടങ്ങിയ മധ്യനിരയും ഭാവനാ സമ്പന്നം. ഗാരി കാഹിലും ക്രിസ് സ്മാളിങ്ങും നേതൃത്വം നല്കുന്ന പ്രതിരോധവും കരുത്തുറ്റത്. വല കാക്കാന്‍ ജോ ഹാര്ട്ടുമുണ്ട്.
അറിയപ്പെടുന്ന താരനിരയില്ലെങ്കിലും ടീമെന്ന നിലയിലുള്ള ഒത്തിണക്കം ഐസ്ലന്ഡിന്റെ ശക്തി. ഗില്‍ഫി സിര്ഗുഡ്സണാണ് ടീമിലെ പ്രമുഖ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: