ലിയോണ്‍: രണ്ടാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ പിന്നിലായി, ഇടവേളയ്ക്കു പിരിയും വരെ അതു മറികടക്കാന്‍ കഴിയാതിരുന്ന ഫ്രാന്‍സിന് അന്റോണിയോ ഗ്രീസ്മന് ജീവവായുവായി. രണ്ടാം പകുതിയില്‍ നാലു മിനിറ്റിനിടെ രണ്ടുവട്ടം വലകുലുക്കിയ ഗ്രീസ്മന്നിന്റെ മികവില്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്ക് ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ആതിഥേയരായ ഫ്രാന്‍സ് യൂറോ കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍.
കളി തുടങ്ങി 75ാം സെക്കന്‍ഡില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ഫ്രാന്‍സിനെ നിര്‍ഭാഗ്യം പിന്തുടര്ന്നു. ലോങ്ങിനെ പോള്‍ പോഗ്ബ ബോക്സില്‍ വീഴ്ത്തിയതിനു റഫറി വിരല്‍ചൂണ്ടിയത് പെനല്‍റ്റി സ്പോട്ടിലേക്ക്. കിക്കെടുത്ത റോബി ബ്രാഡിക്ക് പിഴച്ചില്ല. ഫ്രഞ്ച് കാവല്ക്കാരന് ലോറിസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് വലയില്‍ സുരക്ഷിതം. ആദ്യ ഗോളിന്റെ ആവേശത്തില്‍ അയര്‍ലന്‍ഡ് സമ്മര്‍ദമുയര്‍ത്തിയെങ്കിലും ഫ്രഞ്ച് പട തിരികെ വന്നു. ആദ്യ പകുതിയില്‍ പിന്നെ വല ചലിച്ചില്ല.
രണ്ടാം പകുതിയില്‍ ഗ്രീസ്മന്നിന്റെ മികവ് കളി മാറ്റിയെഴുതി. 57ാം മിനിറ്റില്‍ സാഗ്ന ബോക്സിലേക്കു നല്കിയ തകര്‍പ്പന്‍ ക്രോസ് ഹെഡ്ഡറിലൂടെ ഗ്രീസ്മന് വലയിലാക്കി. 61ാം മിനിറ്റില്‍ അത്ലറ്റികോ മാഡ്രിഡ് സ്ട്രൈക്കര്‍ വീണ്ടും വല കുലുക്കി. ഒലിവര്‍ ഗിറൗഡ് ഐറിഷ് പ്രതിരോധത്തെ മറികടന്ന് നല്കിയ ഹെഡ്ഡറില്‍ സ്പര്‍ശിക്കുകയേ വേണ്ടിയിരുന്നുള്ളു ഗ്രീസ്മന്നിന്.
66ാം മിനിറ്റില്‍ ഷെയ്ന് ഡഫി ചുവപ്പു കാര്‍ഡ് കണ്ടു മടങ്ങിയതോടെ തിരിച്ചെത്താമെന്ന അയര്‍ലന്‍ഡിന്റെ പ്രതീക്ഷയും പൊലിഞ്ഞു. കൂടുതല്‍ ഗോള്‍ വഴങ്ങുന്നത് ഒഴിവാക്കുകയേ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളു. ഗ്രീസ്മന്നിനെ വീഴ്ത്തിയതിനാണ് ഡഫിക്ക് ചുവപ്പു കാര്‍ഡ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: