ബോര്‍ഡക്സ്: യൂറോ 2016-ല്‍ ബെല്‍ജിയത്തിന് ആദ്യ വിജയം. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെയാണ് ബല്‍ജിയം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. റൊമേലു ലുകാകു രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഒരെണ്ണം വിറ്റ്സലും സ്വന്തം പേരില്‍ കുറിച്ചു.
വിജയത്തോടെ ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ആദ്യ മത്സരത്തില്‍ ഇറ്റലിയോട് 2-0ന് തോറ്റ ബെല്‍ജിയം രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അവസാന മത്സരത്തില്‍ സ്വീഡനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ സമനില മതി അവര്‍ക്ക് നോക്കൗട്ട് റൗണ്ടിലെത്താന്‍.
അയര്‍ലന്‍ഡിനെതിരായ കളിയില്‍ തുടക്കം മുതല്‍ ബല്‍ജിയത്തിനായിരുന്നു ആധിപത്യം. ഈഡന് ഹസാര്‍ഡിന്റെ നേതൃത്വത്തില്‍ അവര്‍ അയര്‍ലന്‍ഡ് പ്രതിരോധത്തിന് തുടരെ തലവേദന സൃഷ്ടിച്ചു. എന്നാല്‍ ആദ്യ ഗോള്‍ നേടുന്നതിന് 48-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. കെവിന് ഡി ബ്രൂയന്റെ പാസില്‍ നിന്ന് റൊമേലു ലുകാകുവാണ് ആദ്യഗോള്‍ നേടിയത്.
61-ാം മിനിറ്റില്‍ നല്ലൊരു ഹെഡ്ഡറിലൂടെ വിറ്റ്സല്‍ ലീഡ് ഉയര്‍ത്തി. 70-ാം മിനിറ്റില്‍ ഹസാര്‍ഡിന്റെ പാസില്‍ നിന്ന് ലുകാകു തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാമത്തെയും ഗോള്‍ നേടി. ഇടയ്ക്ക് അയര്‍ലന്‍ഡ് താരങ്ങള്‍ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബെല്‍ജിയം പ്രതിരോധത്തെയും ഗോളി തിബൗട്ട് കോര്ട്ടിയസിനെയും മറികടക്കാനായില്ല. പരാജയത്തോടെ അയര്‍ലന്‍ഡിന്റെ നോക്കൗട്ട് സാധ്യതയും ഏറെക്കുറെ അസ്തമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: