ന്യൂദല്‍ഹി: രാജ്യത്തിന്റെ കരുതല്‍ ധാന്യശേഖരം ഒന്നരലക്ഷം ടണ്ണില്‍ നിന്നും എട്ട് ലക്ഷം ടണ്ണാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര വിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടേയും പയറുവര്‍ഗ്ഗങ്ങളുടേയും വില ക്രമാതീതമായി ഉയരുന്നത് തടയാനാണ് കേന്ദ്രനടപടി. നിലവിലെ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടിയാണിത്.
നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് 120 രൂപ എന്ന ഏറ്റവും ഉയര്‍ന്ന സബ്സിഡി നിരക്കിലാണ് ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്. എന്നിട്ടും വിപണി വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം. കര്‍ഷകരില്‍ നിന്നും നേരിട്ട് വിപണി വില നല്‍കിയായിരിക്കും കരുതല്‍ ധാന്യശേഖരം വര്‍ദ്ധിപ്പിക്കുക. കേന്ദ്രസര്‍ക്കാരിന്റെ വിലസ്ഥിരതാ ഫണ്ട് ഇതിനായി ഉപയോഗിക്കും. കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്നതോടെ ഇടനിലക്കാരുടെ വലിയ ചൂഷണം തടയാനുമാകും.
ഇതിനു പുറമേ കരുതല്‍ ധാന്യശേഖരത്തില്‍ നിന്നും കിലോയ്ക്ക് 66 രൂപയ്ക്ക് വാങ്ങി അതാതു സംസ്ഥാനങ്ങളിലെ റീട്ടെയില്‍ വിപണികളില്‍ അല്‍പ്പം വില കൂട്ടി വില്‍ക്കാനുള്ള കേന്ദ്രനിര്ദ്ദേശത്തോട് മിക്ക സംസ്ഥാനങ്ങളും അനുകൂലമായി പ്രതികരിക്കാത്തതും പ്രശ്നമുണ്ടാക്കുന്നുണ്ട്. റീട്ടെയില്‍ വിതരണത്തിനായി താല്‍പ്പര്യം കാണിച്ച ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കായി പതിനായിരം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം കൈമാറിക്കഴിഞ്ഞു.
ഇത്തരം പദ്ധതികളോട് മുഖംതിരിഞ്ഞുനില്ക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാനും തടയാനുമുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും യോജിച്ചാണ് സ്വീകരിക്കേണ്ടതെന്നും എങ്കില്‍ മാത്രമേ ഫലപ്രദമായി വിലനിയന്ത്രണം സാധ്യമാകൂ എന്നും പാസ്വാന് പറഞ്ഞു.
തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലെ വരള്‍ച്ച മൂലം ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകത 17.06 മില്യണ്‍ ടണ്ണില്‍ നിന്നും 23.5 മില്യണ്‍ ടണ്ണായി ഉയര്‍ന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: