വാഷിങ്ടണ്‍: ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. അവസാന മത്സരത്തില്‍ ബൊളീവിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ക്വാര്‍ട്ടറില്‍ വെനസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. എറിക് ലമേല, ലാവേസി, വിക്റ്റര്‍ ക്യുസ്റ്റ എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് അര്‍ജന്റീന തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും വിജയിക്കുന്നത്.
ഈ കോപ്പയിലാകട്ടെ, ഗ്രൂപ്പ് ഘട്ടത്തില്‍ മുഴുവന്‍ മത്സരങ്ങളിലും വിജയിച്ച ഏക ടീമാണ് അര്‍ജന്റീന.
4-5-1 ശൈലിയിലാണ് അര്‍ജന്റീന കളത്തിലെത്തിയത്. ഹിഗ്വയിനെ സ്ട്രൈക്കറാക്കിയപ്പോള്‍ തൊട്ടുപിന്നിലായി സെര്‍ജിയോ അഗ്യൂറോയും എറിക് ലമേലയും എസിക്വല്‍ ലാവേസിയും അണിനിരന്നപ്പോള്‍ ഗെയ്റ്റനും മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും പകരക്കാരുടെ ബെഞ്ചിലിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീന 13-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോളടിച്ചു.
25 വാര അകലെ നിന്ന് എറിക് ലമേലയെടുത്ത ഫ്രീ കിക്ക് ബൊളീവിയയുടെ വല തുളച്ചു കയറി. ആദ്യ ഗോളിന്റെ ആഘോഷം തീരും മുമ്പെ രണ്ടാം ഗോളുമെത്തി. 15-ാം മിനിറ്റില്‍ ഇത്തവണ ലാവേസിയാണ് വല ചലിപ്പിച്ചത്. ക്രാന്വിറ്റെര് നല്കിയ ക്രോസില്‍ ഹിഗ്വെയ്ന് തല വെച്ചെങ്കിലും ബൊളീവിയയുടെ ഗോളി അത് തടുത്തിട്ടു. എന്നാല്‍ പന്ത് വന്ന് വീണത് ലാവേസിയുടെ കാലുകളിലായിരുന്നു. പിഴക്കാതെ ലാവേസി പന്ത് ലക്ഷ്യത്തിലെത്തിച്ചു.
തുടര്‍ന്നും അര്‍ജന്റീന താരങ്ങള്‍ ആക്രമണങ്ങളുടെ പെരുമ്പറ മുഴക്കിയപ്പോള്‍ ബൊളീവിയന്‍ താരങ്ങള്‍ കാഴ്ചക്കാരായി. തുടര്‍ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 32-ാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നു. ലാവേസിയുടെ ക്രോസില്‍ നിന്ന് ഡിഫന്‍ഡര്‍ വിക്റ്റര്‍ ക്യുസ്റ്റയാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ അര്‍ജന്റീന 3-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ താരം മെസ്സിയെ അര്‍ജന്റീന കളത്തിലെത്തിച്ചെങ്കിലും പനാമക്കെതിരെ ഹാട്രിക്ക് നേടിയതിന്റെ നിഴലിലായിരുന്നു മിശിഹ. സ്വതസിദ്ധമായ ശൈലിയിലൂടെ ആക്രമണങ്ങളുമായി മെസ്സി മുന്നേറിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ബൊളീവിയന്‍ പ്രതിരോധനിര കൃത്യമായി മെസ്സിയെ മാര്‍ക്ക് ചെയ്തതും അര്‍ജന്റീനക്ക് തിരിച്ചടിയായി.
81-ാം മിനിറ്റില്‍ ജാസ്മാനി കാംപോസും മെസ്സിയും തമ്മില്‍ ഉരസലുണ്ടായി. പന്തുമായി മുന്നേറുകയായിരുന്ന മെസ്സിയെ കാംപോസ് വീഴ്ത്തിയതിനെ തുടര്‍ന്നാണ് ഉരസലുണ്ടായത്. അതിനിടയില്‍ മെസ്സിയെ പിടിച്ചു തള്ളിയ കാംപോസിന് റഫറി മഞ്ഞക്കാര്‍ഡും കാണിച്ചു. നിരവധി അവസരങ്ങള്‍ രണ്ടാം പകുതിയിലും മെനഞ്ഞെടുത്തിട്ടും മെസ്സിയും അഗ്യൂറോയും ഉള്‍പ്പെട്ട അര്‍ജന്റീന പടയ്ക്ക് കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ബൊളീവിയ ഗോളിയുടെ ഉജ്ജ്വല പ്രകടനവും അവര്‍ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: