കോട്ടയം: പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും ഉണ്ടായ വിലവര്‍ദ്ധന നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റി. വരുമാനത്തിന്റെ കൂടുതല്‍ പങ്കും പച്ചക്കറി, പഴം, പലവ്യഞ്ജനങ്ങള്‍ എന്നിവക്കായി മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ് ഇന്ന് സംസ്ഥാനത്തുള്ളത്. കാലവര്‍ഷം കനത്തതോടെ അവശ്യവസ്തുക്കളുടെ വില ഇനിയും ഉയരുമെന്ന ആശങ്കയും ഉയരുന്നു. പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും വ്യാപകമാകുന്നതിനോടൊപ്പം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കൂടിയാകുമ്പോള്‍ അത് സാധാരണക്കാരന് ഇരുട്ടടിയായി മാറുകയാണ്.
പക്കച്ചറികള്ക്കും പഴങ്ങള്‍ക്കുമായി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണു കേരളം. കേരളത്തിലേക്ക് പച്ചക്കറികളും പഴങ്ങളും എത്തുന്ന പ്രധാന മാര്ക്കറ്റിലൊന്നാണ് തേനി. ഇവിടെ 50-60 രൂപക്ക് ലഭിക്കുന്ന ബീന്‍സ് കേരളത്തില്‍ വില്‍ക്കുന്നത് 100 രൂപയ്ക്കാണ്. തക്കാളിയുടെ വില സാധാരണക്കാരന് താങ്ങാവുന്നതിലും മേലേയെത്തി. 20 രൂപയായിരുന്ന തക്കാളി ഇന്ന് വില്‍ക്കുന്നത് 90-110 രൂപ നിരക്കിലാണ്.
ഇതിന്റെ പകുതിവില മാത്രമാണ് അതിര്‍ത്തിയിലെ മാര്‍ക്കറ്റുകളില്‍. തമിഴ്നാട്ടില്‍ 110 രൂപ വിലയുള്ള വെളുത്തുള്ളിക്ക് ഇവിടെ 170-190 രൂപയാണ്. പച്ചമുളകിന് 100-120 രൂപയും പച്ചപ്പയറിന് 80 രൂപയുമാണ് വില. ഇഞ്ചിക്ക് 130 രൂപയ്ക്ക് മുകളില്‍ ആയപ്പോള്‍ സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്ക, വെണ്ടയ്ക്ക എന്നിവയുടെയും വില കുത്തനെ ഉയര്‍ന്നു. തമിഴ്നാട് അതിര്‍ത്തിയിലെ പട്ടണങ്ങളില്‍പ്പോലും വില ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ താരതമ്യേന ഭേദമാണ്. കുമളി പോലുള്ള മാര്‍ക്കറ്റുകളില്‍ 70 രൂപയ്ക്കോ അതില്‍ താഴെയോ തക്കാളി ലഭിക്കും. 70-75 രൂപയാണ് കുമളിയില്‍ മുരിങ്ങക്കായുടെ വില.
പലവ്യഞ്ജനങ്ങളുടെ വിലയും ഉയര്‍ന്നുകഴിഞ്ഞു. അരി, പഞ്ചസാര, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നു. അരിക്ക് മൂന്നുരൂപയിലധികം വര്‍ദ്ധിച്ചു. പഞ്ചാസാരവില അഞ്ചുരൂപയാണ് ഉയര്‍ന്നത്. ചെറുപയറിന് 105-110 രൂപയും വന്‍പയറിന് 80 രൂപയുമായി ഉയര്‍ന്നു. ഉഴുന്നിനും വന്വിലവര്ദ്ധനയാണ് ഉണ്ടായത് 140ല്‍ നിന്നു 180-190 രൂപക്കാണ് ഇപ്പോള്‍ ചില്ലറവില്‍പ്പന നടക്കുന്നത്. മുളകിന്റെ വില 180 ആയി ഉയരുകയും ചെയ്തു.
റംസാനായതോടെ പഴവര്‍ഗ്ഗങ്ങള്‍ക്കും വില ഉയര്‍ന്നു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 25 ശതമാനം വിലവര്‍ദ്ധനയാണ് എല്ലാ മാര്‍ക്കറ്റുകളിലും രേഖപ്പെടുത്തിയത്. നോമ്പുകാലത്ത് പഴവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ വില്ക്കപ്പെടുന്നതിനാല് വാഴപ്പഴത്തിന് ഉള്‍പ്പെടെയാണ് വില ഉയരുന്നത്. റോബസ്റ്റ പഴത്തിനുപോലും കിലോയ്ക്ക് 10 വര്‍ദ്ധിച്ചിട്ടുണ്ട്.
വിലക്കയറ്റത്തെതുടര്‍ന്ന് കമ്പോളവിലയേക്കാള്‍ 30 ശതമാനം കുറച്ച് ജൂണ്‍ 30 വരെ സാധനങ്ങള്‍ വില്‍ക്കണമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഹോട്ടികോര്‍പ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹോട്ടികോര്‍പ്പിലും വന്‍വില ഈടാക്കുന്നതായി ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ വിലവര്‍ദ്ധന വീണ്ടും തുടരുകയാണ്. പച്ചക്കറി വില്‍പ്പനയില്‍ ഇടിവുവന്നതോടെ റീട്ടെയില്‍ വ്യാപാരികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മുന്‍പുണ്ടായിരുന്ന ചെറുകിട വില്‍പ്പന ഇപ്പോഴില്ലെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കൂടാതെ അതിര്‍ത്തികടന്നുള്ള പച്ചക്കറിവരവും കുറഞ്ഞിട്ടുണ്ട്. ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി പച്ചക്കറിയെത്തുന്നത് കഴിഞ്ഞ ആഴ്ചയില്‍ പകുതിയായി കുറഞ്ഞത് ഉദാഹരണമാണ്. മറ്റ് സ്ഥലങ്ങളിലും ഇതിനു സമാനമായ സ്ഥിതിവിശേഷമാണുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് നിത്യോപയോഗസാധനങ്ങളുടെ വില വര്‍ദ്ധന സംസ്ഥാനത്ത് പ്രകടമായി തുടങ്ങിയത്. തെരഞ്ഞെടുപ്പിനുശേഷം വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുമുണ്ടായില്ല. പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം മൂലം ഹോട്ടലുകളും ഭക്ഷണ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്. ഇത് സാധാരണക്കാര്‍ക്ക് മറ്റൊരു ഇരുട്ടടിയാകും സമ്മാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: