പുതിയൊരു അധ്യയന വര്‍ഷം പിറക്കുകയാണ്. സ്വാഭാവികമായും എല്ലാവരും ആഹ്ലാദഭരിതരാവും. കുട്ടികളും അധ്യാപകരും മാതാപിതാക്കളുമൊക്കെ ഏറെ പ്രതീക്ഷയോടെയാണ് ഈ ദിവസത്തെ കാണുന്നത്.
ചായം പൂശിയ സ്കൂള്‍ ചുവരുകളും പറന്നു കളിക്കുന്ന വര്‍ണ ബലൂണുകളും മിഠായിപ്പാത്രങ്ങളുമൊക്കെ ചേര്‍ന്ന് കുട്ടികള്‍ക്കൊരു മായാലോകം പണിയുകയാണ് ഈ ആദ്യനാളില്‍. എന്നാല്‍ ഒരു ദിവസം കഴിയുന്നതോടെ ആ കൃത്രിമ സ്വര്‍ഗം അപ്രത്യക്ഷമാവുന്നു. പാല് പുഞ്ചിരി നിറഞ്ഞ മുഖങ്ങളില്‍ ശാസനയും ബ്ലാക്ബോര്‍ഡില്‍ അക്ഷരങ്ങളുമൊക്കെ നിറയുമ്പോള്‍ കുട്ടി അങ്കലാപ്പിന്റെ ലോകത്തിലാവും. ആവേശം പോയ്മറഞ്ഞ മാതാപിതാക്കളെ അവന്റെ കുഞ്ഞുമനസ്സ് അത്ഭുതത്തോടെ നോക്കിക്കാണും.
ആവേശം മറഞ്ഞാലും ഇല്ലെങ്കിലും രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം നശിക്കാത്ത ഒരു വികാരമുണ്ട്. തങ്ങളുടെ മക്കളെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള പ്രതീക്ഷ. അമിത പ്രതീക്ഷയെന്നും അതിനെ വിളിക്കാം. അത് സാക്ഷാത്കരിക്കാന്‍ ആ കുട്ടികളെ ആരാണ് കരുത്തരാക്കുകയെന്ന കാര്യം എത്രപേര്‍ ചിന്തിച്ചിട്ടുണ്ടാവും. രക്ഷിതാക്കള്‍ സകല ഉത്തരവാദിത്തവും അധ്യാപകരുടെ മേല്‍ കെട്ടിവയ്ക്കും അധ്യാപകര്‍ തിരിച്ചും. മികച്ച മാര്‍ക്ക് നേടുക മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഏതാണ്ടെല്ലാവരും സമ്മതിക്കും. മാര്ക്കിനെക്കാളുപരി കുട്ടിയുടെ വ്യക്തിത്വത്തിന്റെ സമഗ്രമായ വികാസമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം. അക്കാര്യത്തില്‍ അധ്യാപകര്‍ക്ക് പങ്കില്ലെന്നല്ല; അതിനെക്കാളും നിരവധി ഇരട്ടിയാണ് രക്ഷിതാക്കളുടെ പങ്ക്. ഈ പങ്ക് നിറവേറ്റുന്നതില്‍ എത്ര രക്ഷിതാക്കള്‍ ശ്രദ്ധവയ്ക്കുന്നുവെന്ന് ഉറക്കെചിന്തിക്കേണ്ട ദിനംകൂടിയാണ് അധ്യയന വര്‍ഷത്തിന്റെ ആദ്യദിനം.
പഴയ ഒരു പല്ലവിയുണ്ട്- ഇന്നത്തെ വിദ്യാര്‍ത്ഥിയാണ് നാളത്തെ പൗരന്. പല്ലവി പാടിപ്പതിഞ്ഞു കഴിഞ്ഞുവെങ്കിലും ആശയത്തിന് ഇന്നും പുതുമ നഷ്ടമായിട്ടില്ല. അതിനാല്‍ കുട്ടിയുടെ മാനസികമായ പരിചരണം പരമപ്രാധാന്യമര്‍ഹിക്കുന്നു. അതില്‍ ഒന്നാമത്തേത് അവര്‍ക്ക് സ്നേഹം വാരിക്കോരി നല്കുകയെന്നതത്രെ. അക്കാര്യത്തില്‍ തങ്ങള്‍ പിന്നിലാണെന്ന് ഒരു രക്ഷകര്‍ത്താവും സമ്മതിക്കില്ലെന്ന കാര്യം ഉറപ്പ്. എന്നുമിടാന് തരാതരം കുപ്പായങ്ങള്‍.
വെട്ടിത്തിളങ്ങുന്ന സ്കൂള്‍ ബാഗ്, വൈകുന്നേരങ്ങളില്‍ കിടിലന്‍ ഐസ്ക്രീം, പാഞ്ഞു നടക്കാന്‍ സൈക്കിള്‍ തുടങ്ങി സ്നേഹത്തിന്റെ പട്ടിക അനന്തമായി നീളുന്നു. അല്‍പ്പം കൂടി സ്നേഹം വരുത്തണമെങ്കില്‍ ഒരു മൊബൈല്‍ ഫോണ്‍ കൂടി വാങ്ങി നല്‍കും. കുഞ്ഞിന്റെ ബാഹ്യമായ സന്തോഷം ഉറപ്പാക്കുന്നതാണ് സ്നേഹമെന്ന് വലിയൊരു പങ്ക് രക്ഷിതാക്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. പക്ഷെ സ്വന്തം കുട്ടിക്ക് ക്ലാസില്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോയെന്നും പഠനവൈകല്യങ്ങളുണ്ടോയെന്നും അന്വേഷിച്ചറിയാന്‍ ആരും മിനക്കെടില്ല.
കുഞ്ഞിനെ അകാരണമായി ആരെങ്കിലും കളിയാക്കി മനസസ്സ് മടുപ്പിച്ചോയെന്നും ടീച്ചറുടെ പെരുമാറ്റത്തില്‍ വൈകല്യമുണ്ടോയെന്നും ഒരു മാതാവും തിരക്കാറില്ല. ബോര്‍ഡില്‍ എഴുതുന്ന അക്ഷരങ്ങള്‍ കുട്ടിക്ക് കാണാനാവാതെ വരുന്നുവോയെന്നും അവന് കേള്‍വിക്കുറവുണ്ടോയെന്നും അറിയാന്‍ ആരും ശ്രമിക്കാറില്ല. വൈകല്യങ്ങള്‍ കണ്ടാല്‍ അവ തിരുത്തേണ്ടകാലമാണിതെന്ന് ഓര്‍ക്കാറുമില്ല. കുട്ടിയുടെ മുഖം വാടിക്കണ്ടാല്‍ മിഠായി നല്കി സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയെന്നതാണ് നമുക്ക് മുന്നിലെ എളുപ്പവഴി.
കുട്ടികള്‍ മനസ് തുറക്കട്ടെ
നമ്മുടെ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളോട് തുറന്നു സംസാരിക്കാന്‍ മറന്നിരിക്കുന്നു. തുറന്ന സംസാരത്തിലാണ് സ്നേഹത്തിന്റെ തേന്‍ കണങ്ങള്‍ കിനിഞ്ഞുവീഴുന്നതെന്നും കുഞ്ഞുമായുള്ള വൈകാരികബന്ധം ഉറപ്പിക്കപ്പെടുന്നതെന്നും എത്രപേര്‍ അറിയുന്നു. തുറന്ന വര്‍ത്തമാനം കുട്ടിയെ ആവേശത്തിലാക്കുന്നു.
മനസ്സ് തുറക്കാനുള്ള അവസരമാണിതിലൂടെ കൈവരുന്നത്. ആത്മവിശ്വാസം പകരാനുള്ള സമയമാണ്. കഥകള്‍ കേട്ടും കഥ പറഞ്ഞും അവനെ ഉത്തമ പൗരനാക്കാനുള്ള അമൂല്യനിമിഷങ്ങളാണ്.
ആണ്ടറുതിയില് നടക്കുന്ന പിടിഎ മീറ്റിങില്‍ മുന്‍നിരയില്‍ പോയി കുത്തിയിരുന്ന് കൈയടിച്ചതുകൊണ്ട് മാത്രം ഒന്നുമാവില്ലെന്ന് സാരം.
സായംസന്ധ്യയില്‍ കുഞ്ഞ് മനസ്സു തുറക്കാനെത്തുമ്പോള്‍ ‘പോയി പഠിക്കാന്‍’ ആക്രോശിച്ച് ‘കുടുംബം കലക്കി സീരിയലി’നു മുന്നിലേക്ക് കുതിക്കുന്ന കുടുംബിനിമാരും അറിയുന്നില്ല, സ്വന്തം കുഞ്ഞുങ്ങളോട് ചെയ്യുന്ന അപരാധം. ഏതാനും തവണ നിരുത്സാഹപ്പെടുത്തപ്പെടുന്ന കുട്ടികള്‍ പിന്നെയൊരിക്കലും ഹൃദയം തുറക്കില്ലെന്നും ഓര്‍ക്കുക.
ഭാവിയില്‍ കൊടിയ അബദ്ധങ്ങളിലേക്ക് വഴുതിവീണേക്കാവുന്ന അവസരങ്ങളില്‍പ്പോലും അവര്‍ അച്ഛനമ്മമാരെ സമീപിക്കില്ല. അപകടങ്ങള്‍ തീമഴയായി കുടുംബങ്ങളില്‍ പെയ്തിറങ്ങുന്നതിന്റെ തുടക്കം കൂടിയാണ് അശ്രദ്ധ. അച്ഛനമ്മമാര്‍ കുട്ടിയോട് തന്മയീഭാവം കാണിക്കാത്ത കാലത്തോളം അവര്ക്കവരില് ഒരു സ്വാധീനവും ചെലുത്താനാവില്ല.
കഥകേട്ട് വളരട്ടെ
കൊച്ചുകുട്ടികള്‍ക്ക് ഏറെ പ്രിയം കഥകളാണ്. അതിനവര്‍ക്ക് നാം നല്കുന്നതാകട്ടെ മണ്ടന്‍ ശിക്കാരിയുടെയും കിഴങ്ങന് ലുട്ടാപ്പിയുടെയുമൊക്കെ സൂത്രന് കഥകള്‍. ഇതൊക്കെ വായിച്ചുകേട്ട കുട്ടിയുടെ ബോധതലം ഏത് വഴിക്കാണ് വികസിക്കുക. നന്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ദേശസ്നേഹത്തിന്റെയും കഥകളാണവര്ക്കുവേണ്ടത്. അതവരെ ഉത്തമപൗരന്മാരാക്കും.
നല്ലതു ചെയ്യാന്‍ പ്രേരിപ്പിക്കും. അടിപതറാതെ മുന്നോട്ടു കുതിക്കാന്‍ പ്രേരണ നല്കുന്ന കൊച്ചുകൊച്ചു നുറുങ്ങുകള്‍ അവരെ ആവേശഭരിതരാക്കും. ആനിമേഷന്‍ ചിത്രങ്ങള്‍ കൊച്ചുടിവി കളില്‍ കാണിക്കാനല്ല നാം ശ്രദ്ധിക്കേണ്ടത്. മറിച്ച് നാടിന്റെ നിറവും മണവും നന്മയും നിറഞ്ഞ നുറുങ്ങുകഥകള്‍ പറഞ്ഞുകൊടുക്കാനാണ്. കഥ പറയുന്ന പഴയ മുത്തശ്ശിമാരുടെ ദൗത്യം യുവമാതാക്കള്‍ ഏറ്റെടുക്കണമെന്ന് സാരം.
സ്നേഹം കൂടുന്ന ചില അച്ഛനമ്മമാര്‍ കൊച്ചു രാജകുമാരനോ രാജകുമാരിയോ ആയിട്ടാവും കുട്ടിയെ വളര്‍ത്തുക. പാവങ്ങളെ പുച്ഛത്തോടെ നോക്കാനും നന്നായി പഠിക്കുന്ന ക്ലാസ്മേറ്റിനെ പാരവയ്ക്കാനും അവരവന് പറഞ്ഞുകൊടുക്കും. എങ്ങനെയും മാര്‍ക്കു നേടുകയാണ് വിജയമന്ത്രമെന്ന് ആയിരത്തൊന്ന് ആവര്‍ത്തിക്കും.
ഫലം, ആ കുട്ടി ഹിറ്റ്ലറോ ഷൈലോക്കോ ഇദി അമീനോ ഒക്കെയായി മാറും. മറ്റു ചിലര്‍ കുഞ്ഞിനെക്കൊണ്ട് ഒരു സ്പൂണ്‍ പോലും എടുക്കാനനുവദിക്കില്ല. ഒരു കൊച്ചുഗ്ലാസില് വെള്ളം എടുത്ത് അതിഥിക്ക് കൊടുക്കാന്‍ പോലും സമ്മതിക്കില്ല. വ്യക്തിത്വ വികസനത്തില്‍ ക്ലാസ് ടീച്ചര്‍ കൊടുക്കുന്ന പ്രോജക്ടുകള്‍ അച്ഛനുമമ്മയും ചേര്‍ന്ന് ഇരവ് പകലാക്കി ചെയ്യുമ്പോള്‍ കൊച്ചു കുമാരന് പട്ടുമെത്തയില്‍ നിദ്ര പൂകിക്കഴിഞ്ഞിരിക്കും.
ഒപ്പം സ്വയം പര്യാപ്തതയ്ക്കുള്ള അവന്റെ ശേഷിയും കുറയും. ഇതുപോലെയുള്ള എത്രയോ ചിത്രങ്ങള്‍ നിങ്ങളുടെ അയല്‍വീടുകളില്‍ നിങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിയും. ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന ‘ബോണ്‍സായി’ കുഞ്ഞുങ്ങള്‍ എന്തായിത്തീരുമെന്നറിയാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.
സ്നേഹിക്കാന്‍ മറക്കരുതേ
സ്നേഹം ഒരിക്കലും ഒളിച്ചുവയ്ക്കാനുള്ളതല്ല. അത് പ്രകടിപ്പിക്കാനുള്ളതാണ്. വാരിക്കോരി കൊടുക്കാനുള്ളതാണ്. പക്ഷേ കളിപ്പാട്ടക്കടയിലും തുണിക്കടയിലും നടത്തുന്ന ഷോപ്പിങായി അത് ചുരുങ്ങാതിരിക്കാന്‍ നാം ഓര്‍മിക്കുക. കുട്ടിയുടെ ഉള്ളിലെ നന്മയുടെ ഉറവുകള്‍ വറ്റിപ്പോകുന്ന വിധത്തിലാവാതിരിക്കാന്‍ നാം ശ്രദ്ധിക്കുക.
സ്നേഹം എന്നും പൊതിഞ്ഞുവയ്ക്കാനുള്ളതാണെന്നും കുഞ്ഞുങ്ങളെ സ്നേഹിച്ചാല്‍ അവര്‍ വല്ലാതെ വഷളായിപ്പോകുമെന്നും ആധിയെടുക്കുന്ന ചില വിഡ്ഢികളുമുണ്ട് നമ്മുടെ സമൂഹത്തില്‍. കപ്പടാമീശ പിരിച്ച് ചൂരലും വീശിയാണവര് കുഞ്ഞിനെ ചട്ടം പഠിപ്പിക്കുക. ഇത്തരക്കാരെയാണ് നാം ഭാവിയില്‍ വൃദ്ധസദനത്തിലെ അന്തേവാസിയായി കാണുകയെന്നു മാത്രം പറയട്ടെ.
വളര്‍ന്നുവരുന്ന കുട്ടിയുടെ മാതൃക ആരാണെന്ന് നാം എത്രപേര്‍ ചിന്തിക്കാറുണ്ട്. സാക്ഷാല്‍ അച്ഛനും അമ്മയുമല്ലാതെ മറ്റാരുമല്ല. അവര്‍ മാതൃകാ മനുഷ്യരായാല്‍ മാത്രേ സത്പുത്രനും സത്പുത്രിയും ജനിക്കുകയുള്ളൂ. മദ്യപിച്ചെത്തുന്ന അച്ഛനും വീട്ടില്‍ മദ്യം സൂക്ഷിക്കുന്ന രക്ഷകര്‍ത്താവും കുട്ടിയെ മദ്യപാനത്തിന്റെ ദോഷങ്ങള്‍ പഠിപ്പിച്ചിട്ട് കാര്യമില്ല. അലങ്കാര നായെ തോളിലേറ്റി സര്‍ക്കീട്ടു നടത്തുന്ന കൊച്ചമ്മമാര്‍ക്ക് സാമൂഹ്യബോധത്തെക്കുറിച്ച് കുഞ്ഞിന് പഠിപ്പിച്ചുകൊടുക്കാന്‍ എന്താണര്‍ഹത. കുടുംബന്ധത്തിന്റെ പവിത്രത കുരുന്നു ഹൃദയത്തിന് എങ്ങനെ മനസ്സിലാക്കിക്കൊടുക്കാനാവും.
നിത്യവും അയല്‍ക്കാരെ അപഹസിക്കുകയും ബന്ധുമിത്രങ്ങളെ ചീത്തവാക്കിനാല് പഴിക്കുകയും അസൂയയുടെ ആള്‍രൂപങ്ങളായി ജീവിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ഉത്തമ പൗരന്മാരാകണമെന്ന് ആശിച്ചിട്ട് കാര്യമില്ല.
സദ്ഗുണങ്ങള്‍ കുട്ടികളില്‍ ചെറുപ്പകാലത്തുതന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിദ്യ ശോഭിക്കുന്നത് വിനയം എന്ന ഗുണംകൊണ്ടാണെന്ന് കുഞ്ഞിന് മനസ്സിലാക്കിക്കൊടുക്കേണ്ടത് സ്വന്തം അമ്മ തന്നെയാണ്. ‘വാക്ക് വ്യത്യാസം’ വ്യാപകമായ ഒരു കാലമാണിത്. സമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ വാക്കിന്റെ സത്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അപ്പോള്‍ വാക്ക് പാലിക്കാനുള്ളതാണെന്ന് നാളത്തെ പൗരനെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്.
ആ ദൗത്യം ടീച്ചറുടേതു മാത്രമല്ല, നാം അച്ഛനമ്മമാരുടെതു കൂടിയാണ്. അതേപോലെയാണ് ബാല്യകാലത്ത് കുട്ടികളില്‍ രൂപമെടുക്കുന്ന ദുശ്ശീലങ്ങള്‍. ‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്ന പഴഞ്ചൊല്ലില്‍ ഇന്നും പതിരില്ല. നഖം കടിക്കുന്നതും മുഖമുയര്‍ത്താതെ സംസാരിക്കുന്നതും തുടങ്ങി മൂക്കില്‍ വിരല്‍ കയറ്റി സുഖിക്കുന്നതുവരെയുള്ള ദുഃശീലങ്ങള്‍. ഇവ കുട്ടിയുടെ വ്യക്തിത്വത്തില്‍ തീരാക്കളങ്കമായി മാറും. അതൊക്കെ മാറ്റി ‘വെറും കുട്ടി’യെ ‘ചുണക്കുട്ടനാ’ക്കി മാറ്റേണ്ടതും മാതാപിതാക്കളാണെന്ന നിലയില്‍ നമ്മുടെ മൗലികധര്‍മം തന്നെ.
ശീലിക്കണം, മര്യാദകള്‍
അടക്കവും ഒതുക്കവുമുള്ള യുവാക്കളെ ആരും ശ്രദ്ധിക്കും. അവരുടെ പെരുമാറ്റ മര്യാദകളെ മനസാ ആദരിക്കും. അത് ഒരു വ്യക്തിയിലുണ്ടാവണമെങ്കില് ചിട്ടയായ ജീവിതശൈലി കുട്ടിക്കാലത്തുതന്നെ ലഭിച്ചിരിക്കണം. ഓരോ കാര്യത്തിനും അതിന്റേതായ ആസൂത്രണം വേണമെന്ന് കുഞ്ഞുങ്ങളെ മനസ്സിലാക്കിക്കൊടുക്കണം.
ഒച്ചയും ബഹളവും കൂട്ടി വാരിവലിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് ആരെയും എവിടെയും എത്തിക്കുകയില്ല. ചെറിയ ചെറിയ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ അവസരം കിട്ടുന്ന കുട്ടികള്‍ മാത്രമേ മുതിര്‍ന്നാലും സ്വയംപര്യാപ്തതയുള്ളവരായി മാറൂ. അതിനുള്ള, അളവില്ലാത്ത ആത്മവിശ്വാസം നാമവര്‍ക്ക് നല്‍കണം. അവരുടെ ഓരോ കൊച്ചു കൊച്ചു വിജയത്തിലും കലവറയില്ലാതെ അഭിനന്ദിക്കണം. കാരണം അഭിനന്ദിക്കാന്‍ മറന്നുപോയ ഒരു തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നത്. കാരണം അംഗീകരിക്കാനും ആദരിക്കാനും ആരും അവരെ പഠിപ്പിച്ചിട്ടില്ല. അംഗീകാരം ഒരുതരം പോസിറ്റീവ് മനോഭാവമാണ്.
നെഗറ്റീവ് ചിന്താഗതി നമ്മെ എവിടെയും എത്തിക്കില്ല. അതുകൊണ്ടുതന്നെ ജീവിതത്തെയാകെ പോസിറ്റീവായി നോക്കിക്കാണാനുള്ള ചിന്താഗതിയാണ് നാം നമ്മുടെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത്. അതവരുടെ ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാക്കും. അവരുടെ മനസ്സുകളില്‍ ശുഭാപ്തി വിശ്വാസം പടര്ന്നുപന്തലിക്കാനിട നല്‍കും. അതവര്‍ക്കും കുടുംബത്തിനും സര്‍വോപരി സമൂഹത്തിനും നന്മ നല്‍കും.
കുട്ടികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കണമെന്ന് നാം പറയാറുണ്ട്. പക്ഷേ അവരെ സ്വപ്നജീവികളാക്കാന് അവസരമൊരുക്കരുത്. പുതിയ പുതിയ ആശയങ്ങള്‍ക്ക് രൂപം കൊടുക്കാനും മനുഷ്യകുലത്തിന് നന്മ പകരാനും കഴിയണമെങ്കില്‍ നാം സ്വപ്നം കാണണം. വായനയിലൂടെയും സേവനത്തിലൂടെയും ചിന്തയിലൂടെയും അതിനവരെ പ്രേരിപ്പിക്കുക നമ്മുടെ കടമയാണ്.
വലിയ സ്വപ്നങ്ങള്‍ കാണുകയും അതിനനുഗുണമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടികള്‍ മനുഷ്യസമൂഹത്തിന്റെ മാര്ഗദര്ശികളാവും; അതില്‍ ചിലര്‍ വിശ്വമാനവരാകും. വിശ്വമാനവരായ കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കുന്ന അത്തരം മൂശകളാവട്ടെ നമ്മുടെ കൊച്ചു കൊച്ചു കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: