മുമ്പ് വെള്ളത്തിനു തീപ്പിടിച്ചത് കാവേരി നദീജല തര്‍ക്കത്തിലായിരുന്നു. കര്‍ണ്ണാടകവും തമിഴ്നാടും തമ്മില്‍ കാവേരി ജലം പങ്കുവെക്കുന്നതു സംബന്ധിച്ച ആ തര്‍ക്കത്തില്‍ കേരളം അന്ന് കക്ഷിയായിരുന്നില്ലെങ്കിലും സംസ്ഥാനം ഏറെ ഉത്കണ്ഠപ്പെട്ടു.
മലയാളികള്‍ക്ക് അങ്ങനെയൊരു മനസ്സുണ്ടെന്നാണ് ആക്ഷേപിക്കപ്പെടുന്നത്. ഭാരതം അതിര്‍ത്തിരാജ്യങ്ങളുമായി യുദ്ധം ചെയ്ത കാലത്ത് ഇവിടെ വിന്ധ്യനിപ്പുറം നാം സുരക്ഷിതരാണെന്നു സമാധാനിച്ച് സുഖമായുറങ്ങിയിരുന്നുവത്രെ. നമ്മെ ബാധിക്കുമ്പോഴേ നമുക്ക് വികാരമുണ്ടാകുന്നുള്ളുവത്രേ. മാനവികത പറയുമ്പോഴും മലയാളിക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്നു ചൂണ്ടിക്കാണിക്കാറുണ്ട് ചിലരൊക്കെ. കുറച്ചൊക്കെ വാസ്തവമുണ്ടെന്നും തോന്നിപ്പോകും.
അന്ന് തമിഴരും കര്ണ്ണാടകക്കാരുമായുള്ള ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞു. വന്‍തോതില്‍ സ്വത്തുനാശങ്ങളുണ്ടായി. എന്നിട്ടും തര്‍ക്കം തീര്‍ന്നില്ല. കോടതികള്‍, ട്രിബ്യൂണലുകള്‍, മീറ്റിങ്ങുകള്‍, ചര്‍ച്ചകള്‍… തീരുമാനമാകാതെ നീണ്ട ആ പ്രശ്നം വെറും മണിക്കൂറുകള്‍കൊണ്ട് തീര്‍ന്നു; പ്രധാനമന്ത്രിയായിരിക്കെ അടല്‍ബിഹാരി വാജ്പേയി വിഷയത്തില്‍ ഇടപെട്ടതോടെ. ഇരു സംസ്ഥാനങ്ങളുടെയും ഭരണത്തലവന്മാരെ വിളിച്ചിരുത്തി യുക്തിയില്‍ സംസാരിച്ചു. രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചു. പ്രശ്നം പരിഹരിക്കപ്പെട്ടു. ആര്‍ക്കുമാര്‍ക്കും ചേതവും പരാതിയുമില്ലാതെ. അതൊരു മാതൃകയായിരുന്നു.
ഇപ്പോള്‍ മുല്ലപ്പെരിയാറിനാണ് തീപ്പിടുത്തം. കത്തിയ്ക്കുന്നത് തമിഴ്നാടാണെന്നും അതല്ല, കാരണക്കാര്‍ കേരളമാണെന്നും മറ്റും മറ്റുമുള്ള ആരോപണങ്ങളും തര്‍ക്കങ്ങളും നീളുന്നതിനിടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ എത്തിച്ചിരിക്കുകയാണ് കേരളം. വേണ്ടിവന്നാല്‍, വേണ്ടിവന്നാല്‍ മാത്രം, ഇടപെടാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പുതിയ ചില പ്രതീക്ഷകളാണ് നല്‍കുന്നത്. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള അനാവശ്യമായ അകല്‍ച്ച ഇല്ലാതാകുമെങ്കില്‍ അതൊരു വലിയ കാര്യംതന്നെയാണല്ലോ. ആശങ്കകളില്ലാതെ നല്ല അയല്‍ക്കാരനായി കഴിയാന്‍ പ്രധാനമന്ത്രി മോദി അവസരമൊരുക്കുമോ. അടല്‍ബിഹാരി വാജ്പേയിയുടെ അനന്തരാവകാശിതന്നെയാണ് താനെന്ന് മോദി തെളിയിക്കുമോ. ഇത്തരം ചോദ്യങ്ങള്‍ ഉയരുകയാണ്, അതിന് ഇച്ഛാശക്തിയും പിടിപ്പുമുള്ള ഭരണാധികാരിയാണ്, ആവശ്യമെങ്കില്‍ മുല്ലപ്പെരിയാറില്‍ കേന്ദ്രം ഇടപെടുമെന്ന നിലപാട് അതുതന്നെയാണ് കാണിക്കുന്നതും.
ഇന്നത്തെ ഉത്കണ്ഠാ നിരപ്പ്
മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളക്കരയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. അവിചാരിതമായി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയെത്തിയതോടെ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സ്ഥിതിയുണ്ടായി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഉന്നതാധികാര സമിതിയെ നിശ്ചയിക്കുകയും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തതിന് ശേഷം ആദ്യമായാണ് ജലനിരപ്പ് 142 അടിയിലേക്കെത്തിയത്. ജലനിരപ്പ് 142 അടിയിലെത്തിക്കുക എന്ന തമിഴ്നാട് സര്‍ക്കാരിന്റെ എക്കാലത്തെയും ദുരാഗ്രഹമാണ് ഇതോടെ സഫലമായത്. വെള്ളം 142ല്‍ എത്തിയാലും ഡാമിന് ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് പൊതുമണ്ഡലത്തെ ബോധിപ്പിക്കാനും തമിഴ്നാടിന് കഴിഞ്ഞു. ഇത്തരത്തില്‍ തമിഴ്നാട് വിജയം നേടി മുന്നോട്ടുപോകുമ്പോള്‍ കേരളക്കരയുടെ ആശങ്ക പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ്. മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ തമിഴ്നാടുമായി നടത്തി വന്ന ഒത്തുതീര്‍പ്പ് നീക്കങ്ങളും കീഴടങ്ങലുകളുമാണ് മലയാളികളെ ആശങ്കയുടെ മുനമ്പിലെത്തിച്ചിരിക്കുന്നത്.
ന്യായവിധിക്ക് മുമ്പേ കേരളം തോറ്റു
മുല്ലപ്പെരിയാര്‍ പ്രശ്നം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോള്‍ മുതല്‍ കേരളത്തിന് തോല്‍വി മാത്രമായിരുന്നു. ഡാമിന്റെ അപകടസ്ഥിതി പരിശോധിക്കാനെത്തിയ സംഘത്തെ തമിഴ്നാട് സ്വാധീനിച്ചു. പരിശോധന ഫലങ്ങളുടെ സുതാര്യത ചോദ്യം ചെയ്യാന്‍ പോലും കേരളത്തിന് സാധിച്ചില്ല. മാത്രവുമല്ല മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അധ്യക്ഷനായി തമിഴ്നാട്ടുകാരനായ എല്‍.എ.വി. നാഥനെ നിശ്ചയിച്ചപ്പോള്‍ കേരളം ഇടപെട്ടില്ല. മൂന്ന് അംഗങ്ങളുള്ള മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ എല്‍.എ.വി. നാഥനും പളനിയപ്പനും ഒരുമിച്ചുനിന്ന് കേരളത്തിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുകയാണ് എന്ന ആക്ഷേപം ശക്തമാണ്. മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലാണെന്ന് നൂറുവട്ടം പറയുന്ന കേരളത്തിലെ മന്ത്രിമാര്‍ ഇത് സംബന്ധിച്ച് വസ്തുതാപരമായ വിവരങ്ങള്‍ സുപ്രീം കോടതിയിലെത്തിക്കുന്നതിന് പരിശ്രമിച്ചിരുന്നുമില്ല. ഇതിനാലാണ് ജലനിരപ്പ് 142ല്‍ എത്തിക്കാന്‍ സുപ്രീം കോടതി തമിഴ്നാടിന് അനുമതി നല്‍കിയത്.
വാടകയിലെ തമിഴ്ധിക്കാരം
മുല്ലപ്പെരിയാര്‍ ഡാമിന്റെ മേല്‍നോട്ടത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഉന്നതാധികാര സമിതിയുടെ യോഗം ചേരാനായി കുമളിയില്‍ ഓഫീസ് എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. യോഗം ചേരുന്നതിനായുള്ള ഓഫീസ് വാടകയ്ക്കെടുക്കേണ്ട ഉത്തരവാദിത്തം തമിഴ്നാടിനെയാണ് കോടതി ചുമതലപ്പെടുത്തിയിരുന്നത്. കെട്ടിടം വാടകയ്ക്കെടുക്കാന്‍ തമിഴ്നാട് തയ്യാറായില്ല. ഈ വിവരം കോടതിയെ അറിയിക്കാന്‍ കേരളം തയ്യാറായില്ല. പകരം മാസം 15000 രൂപ കേരളത്തിന്റെ ഖജനാവില്‍ നിന്നും എടുത്താണ് കുമളിയില്‍ വാടകയ്ക്കെടുത്തിരിക്കുന്ന കെട്ടിടത്തിന്റെ വാടക നല്‍കുന്നത്. ഇക്കാര്യത്തിന് പോലും തമിഴ്നാടിന് കേരളം വഴങ്ങിക്കൊടുക്കുകയായിരുന്നു.
പുതിയ ഡാം: നീക്കം പാളി
മുല്ലപ്പെരിയാര്‍ ഡാമിന്റെ അടുത്ത് മറ്റൊരു ഡാം നിര്‍മ്മിക്കാനായി കേരളം നീക്കം നടത്തിയിരുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നു. എന്നാല്‍ ദുര്‍ബലമായ ബേബി ഡാമിനെ ശക്തിപ്പെടുത്തിയാല്‍ മതിയെന്നാണ് തമിഴ്നാടിന്റെ പക്ഷം. പുതിയ ഡാം നിര്‍മിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ കേരളം പുതിയ ഡാമിനായുള്ള നീക്കം ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്.
വെല്ലുവിളിച്ച് തമിഴ്നാട്
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായാല്‍ ഡാമിന്റെ ഷട്ടര്‍ തുറക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഷട്ടര്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇടുക്കി ജില്ലാ കളക്ടറെ വിവരം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കഴിഞ്ഞയാഴ്ച ഡാമിന്റെ ഷട്ടര്‍ അപ്രതീക്ഷിതമായി തുറക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഇടുക്കി കളക്ടര്‍ തേനി കളക്ടറോട് ചോദിച്ചപ്പോള്‍ ഷട്ടര്‍ തുറക്കുന്നുവെന്ന വിവരം കാട്ടി മെയില്‍ അയച്ചിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തുമണിക്കും ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടര്‍ തുറന്നു. തമിഴ്നാടിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുമുണ്ട്.
കെട്ടടങ്ങിയ പ്രതിഷേധം
കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ 130അടിക്ക് മുകളില്‍ വെള്ളമെത്തുമ്പോഴേ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തുമായിരുന്നു. ചപ്പാത്തും കുമളിയുമായിരുന്നു സമരങ്ങളുടെ കേന്ദ്രം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആശീര്‍വാദത്തോടെയായിരുന്നു സമരങ്ങള്‍ അരങ്ങേറിയിരുന്നത്. ശബരിമല മണ്ഡല വ്രതകാലം ആരംഭിക്കുന്ന സമയത്തായിരുന്നു സമരങ്ങള്‍ രൂക്ഷമായിരുന്നത്. തമിഴ്നാട്ടില്‍ നിന്നും കുമളി വഴി സന്നിധാനത്തിലേക്കെത്തുന്ന അയ്യപ്പന്മാരുടെ വരവ് തടയുക എന്ന രഹസ്യ അജണ്ട ഇതിന് പിന്നിലുണ്ടായിരുന്നു. ഈ നീക്കം ഹിന്ദുഐക്യവേദി തിരിച്ചറിയുകയും നീക്കത്തിനെതിരെ കാമ്പയിന് നടത്തുകയും ചെയ്തു. ഇപ്പോള്‍ ജലനിരപ്പ് 142ലേക്കെത്തിയിട്ടും ഇടുക്കിയിലൊരിടത്തും പ്രതിഷേധം അരങ്ങേറിയില്ല. ഇതേക്കുറിച്ച് കൃത്യമായ വിശദീകരണം നല്കാന് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് കഴിയുന്നുമില്ല.
പിടിവാശി ഉപേക്ഷിക്കുന്നില്ല…
ഡാമിലെ ജലനിരപ്പ് 142ലേക്കെത്തിയിട്ടും വെള്ളത്തിന്റെ തോത് കുറയ്ക്കുന്നതിന് തമിഴ്നാട് ശ്രമിക്കുന്നില്ല. ഷട്ടര്‍ തുറന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്കൊഴുക്കിയാല് കേരളത്തിന് ഗുണകരമാകുമായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നുമെത്തുന്ന വെള്ളം ഇടുക്കി ഡാമില്‍ സംഭരിച്ച് വൈദ്യുതി ഉല്പ്പാദിപ്പാകന് കഴിയും. ഇടുക്കി ഡാമിന്റെ സംഭരണ ശേഷിയുടെ അറുപത് ശതമാനം വെള്ളമേ ഇപ്പോള്‍ ഡാമിലുള്ളൂ.
ബോട്ടിനെ ചൊല്ലി തര്‍ക്കം
മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാടിന് രണ്ട് ബോട്ട് ഉണ്ട്. ഇതില്‍ ഒരു ബോട്ട് മാറ്റി പുതിയ ബോട്ട് ഇറക്കാന്‍ തമിഴ്നാട് നീക്കം നടത്തി. പുതിയ ബോട്ട് പഴയ ബോട്ടിന്റെ അതേ സീറ്റിങ് കപ്പാസിറ്റിയില്‍ വേണമെന്ന് കേരളം നിര്‍ദ്ദേശിച്ചിരുന്നു. ഇത് അംഗീകരിക്കാതെ കൂടുതല്‍ സീറ്റും ശക്തമായ മെഷീനും ഘടിപ്പിച്ച ബോട്ട് മുല്ലപ്പെരിയാറിലിറക്കാന് തമിഴ്നാട് ശ്രമിച്ചു. ഇത് കേരളം സമ്മതിച്ചില്ല. സീറ്റിന്റെ എണ്ണം കുറയ്ക്കാമെന്നും എന്‍ജിന്റെ പവര്‍ കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് തമിഴ്നാട് പറയുന്നത്. ഈ പ്രശ്നം ഉന്നതാധികാര സമിതിയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി.
ഇരുവര്‍ ഒരുമിക്കണം
മുല്ലപ്പെരിയാറിലെ അപകട സ്ഥിതിക്ക് പരിഹാരം കാണാന്‍ കേരളവും തമിഴ്നാടും തുറന്ന ചര്‍ച്ചയ്ക്ക് വഴിയുണ്ടാക്കണം. സംസ്ഥാന മുഖ്യമന്ത്രിമാര്‍ തന്നെ ഇതിനായി മുന്നിട്ടിറങ്ങണം. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കുമിടയില്‍ എരിയുന്ന കനല് അണയ്ക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകുന്നില്ല എന്നതാണ് ദുഃഖകരം.
ഒരു മലയാള സിനിമയില്‍ നായകന് വിവരിക്കുന്നുണ്ട്, തമിഴ് സിനിമയിലാണെങ്കില്‍ അമ്മേ എന്നു വിളിക്കുന്നതിലെ വൈകാരികതയും മലയാളത്തിലെ അമ്മേ വിളിയും തമ്മിലുള്ള വ്യത്യാസം. രണ്ടും അനുഭവിച്ചറിഞ്ഞ നടന് ജയറാമാണ് അഭിനേതാവ്. അഭിനയത്തിലായാലും ജീവിതത്തിലായാലും തമിഴര്‍ക്ക് വികാരാവേശം കുറച്ചു കൂടുതലാണെന്ന് മലയാളി കളിയാക്കും. പക്ഷേ, തമിഴ്നാടു സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ നിരത്തുന്നത് യുക്തിയാണ്, കേരളം ഉയര്‍ത്തുന്നത് വികാരമാണ്. കരാറുണ്ടാക്കിയപ്പോള്‍ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ യുക്തിപാലിച്ചില്ല, കരാര്‍ വിനയായപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരും ബുദ്ധി കാണിക്കുന്നില്ല. ഇനിയിപ്പോള്‍ ആ നിയോഗം ജനനായകന് നരേന്ദ്ര മോദിക്കാണെങ്കില്‍, സംശയമില്ല, തര്‍ക്കങ്ങള്‍ക്ക് അറുതി അകലെയല്ല എന്നു പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: