അനുദിനം വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ താങ്ങാനാവാതെ ഒരു സാധാരണക്കാരന്റെ ആത്മഗതം ഇങ്ങനെയാവാനെ വഴിയുള്ളു; ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണെങ്കിലും ആയാല്‍ മതിയായിരുന്നു, ജീവിതത്തിന് ഒരു സുരക്ഷിതത്വമെങ്കിലും ഉണ്ടാകുമായിരുന്നു എന്ന്. ശരിയാണ്, ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതം. അതിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജോലിയായാലും സംസ്ഥാന സര്‍ക്കാര്‍ ജോലിയായാലും അങ്ങനെ തന്നെ. എന്തെന്ത് ആനുകൂല്യങ്ങളാണ് അവര്‍ക്ക്. ഇവരുടെ ശമ്പള ഘടനയിലുണ്ടാകുന്ന ഓരോ വര്‍ധനവും നമ്മുടെ സാമൂഹിക ജീവിതത്തില്‍ വ്യക്തമായി പ്രതിഫലിക്കുകയും ചെയ്യും. ആ മാറ്റം സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുമെങ്കിലും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ സങ്കീര്ണമാവുകയേയുള്ളു.
ജീവിതം മോടിപിടിപ്പിക്കാന്‍ ആവശ്യമായ ശമ്പളം ഉപഭോക്താവിന്റെ കൈയില്‍ ഉണ്ടെന്ന് കണ്ടാല്‍ സ്വാഭാവികമായും വിപണിയിലും അതിനനുസരിച്ചുള്ള മാറ്റം വരും. സാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകും. എന്നാല്‍ ഈ വര്‍ധനവ് താങ്ങാനാവാത്ത ഒരു വിഭാഗവും സമൂഹത്തിലുണ്ട്. ആ സമൂഹത്തെക്കുറിച്ചും ഓര്‍ക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്. സ്വകാര്യമേഖലയിലും മറ്റ് നിര്‍മാണ മേഖലകളിലും പണിയെടുക്കുന്നവര്‍. ദിവസവേതനത്തിന് ജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങി സമൂഹത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ഒരു ജനതയുണ്ട്. നേരിയ ഒരു വിലവര്‍ധനവ് പോലും താങ്ങാനാവില്ല ഈ വിഭാഗത്തിന്.
സമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ പക്കല്‍ അധികം പണം വന്നുചേര്‍ന്നാല്‍ അത് തീര്‍ച്ചയായും വിപണിയിലേക്ക് ഒഴുകും. വാഹന നിര്‍മാതാക്കളും ഉപഭോക്തൃ ഉല്‍പന്നമേഖലയ്ക്കും ഇത് ഉണര്‍വേകുമെങ്കിലും അതിനനുസരിച്ച് വിലയിലും വര്‍ധനവുണ്ടാകും. ഡിമാന്റില്‍ വര്‍ധനവ് ഉണ്ടാകുന്നതിനനുസരിച്ച് സ്വാഭാവികമായും വിലയും വര്‍ധിക്കും. എന്നാല്‍ ഈ വര്‍ധനവ് താങ്ങാന്‍ വരുമാനത്തില്‍ യാതൊരുവിധത്തിലുമുള്ള മാറ്റവും ഇല്ലാത്തവര്‍ക്ക് സാധിക്കില്ല. ഇത്തരം സാഹചര്യത്തെ അതിജീവിക്കേണ്ടതെങ്ങനെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു ഇടത്തരം കുടുംബത്തെ സംബന്ധിച്ച് ചെലവ് എന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയെ ആശ്രയിച്ചാണിരിയ്ക്കുന്നത്. ശമ്പളപരിഷ്കരണ കമ്മീഷന് കണക്കാക്കിയിരിക്കുന്നതുപോലെയല്ല ആ കുടുംബങ്ങളുടെ ചെലവ്. അവര്‍ നിത്യവും മുട്ടയും മീനും ഉപയോഗിക്കുന്നവരോ പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരോ മാസംതോറും പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നവരോ അല്ല. എന്നിരുന്നാല്‍ തന്നെയും ഇവരെ സംബന്ധിച്ച് ജീവിതച്ചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്.
ഈ സാഹചര്യത്തില്‍ ഓരോ വില വര്‍ധനവും അമിതഭാരമാകുന്നവര്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ നമ്മുടെ സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സാധിക്കേണ്ടതാണ്. ഇടത്തരക്കാരെ സംബന്ധിച്ച് അവരുടെ വരുമാനത്തിന്റെ ഏറിയപങ്കും പച്ചക്കറി മുതലായവ വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവിടെ നിന്നും കേരള വിപണിയിലെത്തുമ്പോള്‍ സ്വാഭാവികമായും ഇവയ്ക്ക് വില ഉയരും. ഈ വില വര്‍ധനവ് നമ്മെ ബാധിക്കാതിരിക്കണമെങ്കില്‍ ചില കാര്യങ്ങളില്‍ നാം സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. ജൈവപച്ചക്കറി കൃഷിക്ക് ഇപ്പോള്‍ സമൂഹത്തില്‍ നല്ല സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ സ്ഥിതി പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. മിതമായ നിരക്കില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തും കൃഷിരീതിയെപ്പറ്റി ക്ലാസുകള്‍ നടത്തിയും ജൈവപച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ഉറപ്പിക്കാം. കൂടാതെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ഇവര്‍ക്ക് വിപണി കണ്ടെത്തിക്കൊടുക്കുകയും ചെയ്യുക. മുട്ടക്കോഴി വളര്‍ത്തല്‍, ആട്-പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുക, ഇതെല്ലാം വരുമാനമാര്‍ഗ്ഗമാക്കി മാറ്റാം.
പച്ചക്കറി കൃഷിക്ക് വേണ്ട പ്രോത്സാഹനം നല്കിയാല്ത്തന്നെ പച്ചക്കറിയുടെ വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജ്ജനവും ഒപ്പംതന്നെ ജൈവവള ഉല്പാദനവും ആരംഭിക്കുകയും ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ജൈവവളം ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കിയും കൃഷിയെ പ്രോത്സാഹിപ്പിക്കാം. കൃഷിഭവനുകള്‍ മുഖേന വിത്തിനങ്ങളും വളവും മറ്റും സൗജന്യമായി നല്കുന്നതിനോടൊപ്പം കൃഷി പരിപോഷിപ്പിക്കുന്നതിന് വിദഗ്ധരുടെ സേവനവും ലഭ്യമാക്കണം.
കൃഷിചെയ്യാതെ കിടക്കുന്ന തരിശുഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍കൈയെടുക്കാം. ഇത്തരത്തില്‍ വിത്തും വളവും ജലവുമെല്ലാം സൗജന്യമായോ മിതമായ നിരക്കിലോ നല്കി കാര്‍ഷികാഭിവൃദ്ധി കൈവരിക്കാന്‍ സാധിച്ചാല്‍ വിലക്കയറ്റം ഒരുപരിധിവരെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും എന്ന നിലപാടില്‍ മാറ്റമുണ്ടാവുകയാണ് വേണ്ടത്. ഒഴുക്കിനൊത്ത് നീന്താന്‍ വിധിക്കപ്പെട്ടവരല്ല അവര്‍, രാജ്യപുരോഗതിയില്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുന്നവര്‍ കൂടിയാണ്. അവരെ അവഗണിച്ചുകൊണ്ട് രാജ്യത്ത് സുസ്ഥിര വികസനം സാധ്യമാവുകയുമില്ല.
പച്ചക്കറി വിലവര്‍ദ്ധനയെ ഒറ്റക്കെട്ടായി നേരിടാം
പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും പൊള്ളുന്ന വിലയായതോടെ ടെറസിലും പറമ്പിലും കൃഷി ആരംഭിക്കാനൊരുങ്ങുകയാണ് തിരുവനന്തപുരം നഗരത്തിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. ഇതിനായി കൃഷിവഭവനുമായി ബന്ധപ്പെട്ടതായി മണക്കാട് മിത്രപുരം ലെയിനില്‍ താമസിക്കുന്ന സ്വാതി അരുണ്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിലെ ജോലിത്തിരക്കിനിടയിലും കിട്ടുന്ന സമയം പച്ചക്കറികൃഷിക്കായി വിനിയോഗിച്ചാല്‍ പച്ചക്കറിവിലവര്ദ്ധന കാര്യമാക്കേണ്ടെന്ന് സ്വാതിയുടെ അഭിപ്രായം.
എസ്എന്‍ഡിപിയോഗം മൈക്രോ ഫൈനാനാന്സിലെ 20 അംഗങ്ങള്‍ വീതമുള്ള യൂണിറ്റുകളും പച്ചക്കറികൃഷിക്ക് തയ്യാറായതായി തിരുവനന്തപുരം യൂണിയനിലെ വിവിധ ശാഖകളുടെ കണ്‍വീനര്‍മാരും ജോയിന്റ് കണ്‍വീനര്‍മാരും ഒരേ സ്വരത്തില്‍ പറയുന്നു. പലരും പച്ചക്കറികൃഷി ചെയ്യുന്നുണ്ടെങ്കിലും വിലവര്‍ദ്ധന കണക്കിലെടുത്ത് ഓരോരുത്തരും അവരവരുടെ വീടുകളിലും മറ്റ് സ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും പച്ചക്കറികൃഷിക്ക് തയ്യാറായിക്കഴിഞ്ഞു. വിവിധശാഖകളിലെ അംഗങ്ങളെ പച്ചക്കറി സ്വയം പര്യാപ്തതയിലെത്തിക്കാനും അതിലൂടെ വിലവര്‍ദ്ധന പിടിച്ചുനിര്‍ത്താനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് മൈക്രോ ഫൈനാനന്സ്് അംഗങ്ങള്‍.
വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പുരുഷസ്വയംസഹായസംഘങ്ങളും പച്ചക്കറികൃഷിക്കായി മുന്നോട്ടുവന്നിരിക്കുകയാണ്. വിവിധകാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികള്‍ കൃഷിചെയ്താല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകും. റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നല്കുന്ന കാര്ഷികസബസ്സിഡികള് പരമാവധി പ്രയോജനപ്പെടുത്തിയാല്‍ കൃഷി ലാഭകരമാക്കാനാകുമെന്ന് തിരുവനന്തപുത്തെ കാര്ഷികകര്മ്മസേനയും അവകാശപ്പെടുന്നു.
കേരളാ ഇറിഗേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഇന്ഫ്രാസ്ചക്ചര് ഡെവലപ്മെന്റ് കോര്പ്പറേഷന് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിവരുന്ന കാര്‍ഷിക വികസന പദ്ധതികള്‍ മുഖേന നഗരത്തില്‍ ഇതിനകം 2000 ത്തിലധികം വീടുകളില്‍ ഗ്രോബാഗ് പച്ചക്കറികൃഷി വ്യാപിപ്പിച്ചുഴിഞ്ഞു. പച്ചക്കറിവില കുതിച്ചുയര്‍ന്നതോടെ നഗരവാസികളായ ധാരാളം പേര് ഈ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് അശാവഹമാണെന്ന് ഭാരവാഹികള്‍ പറയുന്നു.
സാധാരണക്കാരുടെ മുഖം ഓര്‍ക്കണം
കേന്ദ്രജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയര്‍ത്തിയതിന്റെ അനന്തരഫലം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക ദല്‍ഹിയിലായിരിക്കും. കാരണം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ളത് രാജ്യതലസ്ഥാനത്താണ്. ഏകദേശം 48 ലക്ഷം കേന്ദ്രജീവനക്കാര്‍ക്കും 55 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം കിട്ടുക. കേന്ദ്രവും സംസ്ഥാനങ്ങളും നടപ്പിലാക്കുന്ന ശമ്പള പരിഷ്കരണം നോക്കിയിരിക്കുകയാണ് മൊത്തക്കച്ചവടക്കാരും വാഹനവിപണിയും. ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക സാധാരണക്കാരുടെ ജീവിതത്തെയാണ്.
വിലക്കയറ്റം ചെറിയതോതിലാണെങ്കിലും ഭാരതമൊട്ടാകെ ബാധിക്കും. സംസ്ഥാന തലത്തിലും ഇതിന്റെ പ്രതിഫലനം തീര്‍ച്ചയായും ഉണ്ടാകും. ബീഹാറും കേരളവുമാണ് ഉടന്‍തന്നെ ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍. നമ്മുടെ സംസ്ഥാനത്ത് ഏകദേശം അഞ്ച് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ 2014 ജൂലൈ ഒന്നുമുതല്‍ വര്‍ധനവിന് മുന്‍കാല പ്രാബല്യം നല്‍കിയായിരിക്കും ശമ്പള പരിഷ്കണം നടപ്പിലാക്കുക. എന്നാലിപ്പോള്‍ കേരളത്തില്‍ നാളികേരത്തിനും റബറിനും വിലയിടിഞ്ഞത് ഈ മേഖലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സാധാരണ കര്‍ഷകരും ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഏതൊരു വിലവര്‍ധനവും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. കേരളത്തില്‍ ഏകദേശം 96.8 ശതമാനം പേരും തൊഴില്‍ ചെയ്യുന്നത് അസംഘടിത മേഖലയിലാണ്.
തൊഴിലില്ലായ്മയും രൂക്ഷമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശമ്പള പരിഷ്കരണം നടത്തി ജീവനക്കാരെ സുരക്ഷിതരാക്കുമ്പോള്‍ ഇത്തരത്തിലുള്ള യാതൊരുവിധ പ്രയോജനവും ലഭിക്കാത്തവരാണ് അസംഘടിത മേഖലയിലുള്ളവര്‍. വേതനം കൂട്ടിത്തരണമെന്ന് ഇവര്‍ക്ക് പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ വിലക്കയറ്റം പേറേണ്ടിവരുന്നതും സാധാരണക്കാരാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷനായിരുന്ന മോണ്ടേക് സിങ് അലുവാലിയ പറഞ്ഞത് നഗരപ്രദേശത്ത് ഒരു കുടുംബത്തിന് ജീവിക്കാന്‍ ഒരു ദിവസം 32 രൂപയും ഗ്രാമപ്രദേശത്താണെങ്കില്‍ 26 രൂപയും മതിയാകുമെന്നാണ്. ഇതേപോലെ സാധാരണക്കാരുടെ ദുരിതം അറിയാത്തവരാണ് ശമ്പള പരിഷ്കരണ കമ്മീഷന്റേയും മറ്റും തലപ്പത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ ചെയ്യേണ്ടത് ശമ്പള പരിഷ്കരണ കമ്മീഷന് മുമ്പാകെ വയ്ക്കുന്ന പരിശോധനാ വിഷയങ്ങളില്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കൂടി മനസ്സിലാക്കിവേണം ശമ്പളപരിഷ്കരണം എന്ന നിബന്ധന വയ്ക്കേണ്ടത് അത്യാവശ്യമാണ്.
ശമ്പള പരിഷ്കരണം വേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതിനൊരു പരിധി നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം കിട്ടുമ്പോള്‍ ഉദ്യോഗസ്ഥരേയും അല്ലാത്തവരേയും രണ്ട് തട്ടിലാക്കുന്ന സ്ഥിതിക്ക് മാറ്റം വരണം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശമ്പള പരിഷ്കരണം നടത്തിയപ്പോള്‍ 30 ശതമാനം വര്‍ധനവാണ് വരുത്തിയത്. എന്നാല്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്ന വര്‍ധനവ് 23.55 ശതമാനമാണ്. സാധാരണക്കാരുടെ മുഖം കൂടി കണ്ടുകൊണ്ടാണ് ഈ നടപടിയെന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിന് മുമ്പ് എന്‍ജിഒ തുടങ്ങി സാധാരണക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നില്ല. രാജ്യത്തെ മുഴുവന്‍ മനുഷ്യരേയും മനസില്‍ കണ്ടുവേണം ശമ്പളപരിഷ്കരണം നടപ്പിലാക്കാന്‍.
അസംഘടിത മേഖലയിലുള്ളവര്‍ക്കും മിനിമം വേതനം ഉറപ്പാക്കണം. കേരളത്തില്‍ മാത്രമാണ് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം കിട്ടുന്നത്. മിനിമം വേതനം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ട്. എന്നാല്‍ ഇതൊന്നുംതന്നെ ഇവിടെ ഫലപ്രദമായി നടപ്പിലാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഡോ. മേരി ജോര്‍ജ്ജ് (സാമ്പത്തിക വിദഗ്ദ്ധ)
ഇവര്‍ക്കും പറയാനുണ്ട്
കെ.പി. ഹരി, വൈക്കം (കര്ഷകന്)
കേന്ദ്രശമ്പളപരിഷ്കരണ കമ്മീഷന് ശുപാര്‍ശ നടപ്പിലായല്‍ നിത്യോപയോഗ സാധാനങ്ങളുടെ വിലവര്‍ദ്ധനവിന് സാധ്യതയുണ്ട്. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനസര്‍ക്കാരുകളും ശമ്പളവര്‍ദ്ധന നടപ്പിലാക്കും. എന്നാല്‍ സ്വകാര്യ, കാര്‍ഷിക മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉണ്ടാകില്ല. അതുകൊണ്ട് ശമ്പളപരിഷ്കരണം സാധാരണക്കാരന് ഗുണകരമല്ല.
സുരേന്ദ്രന്, കോഴിക്കോട് (ഓട്ടോറിക്ഷ ഡ്രൈവര്‍)
കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശയിലൂടെ ആനുകൂല്യം കുത്തനെ വര്‍ദ്ധിപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഒരു വിഭാഗത്തിന് മാത്രം വാങ്ങല്‍ ശേഷി വര്‍ദ്ധിക്കുമ്പോള്‍ അത് വിലക്കയറ്റത്തിന് കാരണമാകുകയും സാധാരണക്കാരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
പി.കെ. ചന്ദ്രന്, വെള്ളൂര്‍ (സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്)
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവിതനിലവാരം ഉയരാന്‍ ശമ്പളവര്‍ദ്ധനവ് സഹായകമാകും. ബിസിനസ് രംഗത്ത് പ്രതിഫലനമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ ആഭിമുഖ്യമുണ്ടാകും. സേവനരംഗത്ത് അത് പ്രതിഫലിക്കുമെങ്കില്‍ സാധാരണക്കാരനും ഗുണം ചെയ്യും.
അജീഷ് പി. പള്ളിക്കതോട് (ഐടി വിദഗ്ദ്ധന്)
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് കൂടുതല്‍ സമയം ജോലി ചെയ്യുന്നവരാണ്. അവര്‍ക്ക് അവധികുറവാണ്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ശമ്പളവര്‍ദ്ധന അനിവാര്യമാണ്.
പി.ജെ. ഹരികുമാര്‍, കോട്ടയം (ബിസിനസ്)
കേന്ദ്രശമ്പളപരിഷ്കരണ കമ്മീഷന് സേവന-വേതന വ്യവസ്ഥകളാണ് പരിഷ്കരിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആ സാഹചര്യത്തില്‍ വേതന വ്യവസ്ഥയോടൊപ്പം സേവന വ്യവസ്ഥയും ചര്‍ച്ച ചെയ്യപ്പെടണം.
സീന ശശീന്ദ്രന്, കോഴിക്കോട് (സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി)
വിലക്കയറ്റം പോലുള്ള നീറുന്ന പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് നാമമാത്രമായ വേതനത്തില്‍ പിടിച്ചു നില്ക്കാന് കഴിയാത്ത സാഹചര്യത്തില്‍ പണമുള്ളവരും പണമില്ലാത്തവരുമെന്ന വേര്‍തിരിവ് ഈ ശുപാര്‍ശയിലൂടെ ഉരുത്തിരിയും. സര്‍ക്കാര്‍ ഒരു വിഭാഗത്തെ സുഖകരമായി തീറ്റിപ്പോറ്റുമ്പോള്‍ ഞങ്ങളെ പോലുള്ളവരെ നോക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമ്പോള്‍ മാത്രമേ അന്തരം ഇല്ലാതാകുകയുള്ളൂ.
ബിന്ദു മോഹന്‍ദാസ്, കോഴിക്കോട് (സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി)
ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശ നടപ്പാക്കിയാല്‍ സമൂഹത്തിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആര്‍ഭാടം ശക്തമാകും. ഇതുകാരണം വരുമാനപരിമിതിയാല് വീര്‍പ്പുമുട്ടുന്ന കുടുംബങ്ങളില്‍ ആര്ഭാടത്തിനായുള്ള മത്സരം വര്‍ദ്ധിക്കുകയും അതുവഴി സമൂഹത്തില്‍ അരാജകത്വം ഉണ്ടാകുകയും ചെയ്യും.
ബീന മേനോന്, ചെന്നൈ (മാധ്യമപ്രവര്‍ത്തക)
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നു എന്നതുകൊണ്ട് നിത്യോപയോഗ സാധാനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവിന് സാധ്യതയില്ല. അതേസമയം ഇലക്ട്രോണിക് ഉല്പന്നങ്ങള്, വാഹനം, സ്വര്‍ണം മുതലായവയുടെ വിലയില്‍ വര്‍ധനവ് ഉണ്ടായേക്കാം. മറ്റുള്ള സംസ്ഥാനക്കാരെ അപേക്ഷിച്ച് ജീവിതനിലവാരം കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികള്‍. ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയാലും ഇല്ലെങ്കിലും സാധനങ്ങള്‍ക്ക് വിലകൂടും.
നഗരപ്രദേശത്ത് ജീവിക്കുന്നവരെ ഈ പ്രശ്നം കാര്യമായി ബാധിക്കില്ലെങ്കിലും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെ സ്ഥിതി അങ്ങനെയാവില്ല. എത്ര വില വര്‍ധനവുണ്ടായാലും സാധനങ്ങള്‍ ആരും വാങ്ങാതിരിക്കില്ല. പണ്ടൊക്കെ നിശ്ചിത വരുമാനത്തില്‍ നിന്നുകൊണ്ട് കുടുംബച്ചെലവ് നടത്താന്‍ സാധിച്ചിരുന്നു.
കേരളത്തെ സംബന്ധിച്ച് പ്രധാനപ്രശ്നം ഇവിടെ പ്രത്യുല്പാദനം നടക്കുന്നില്ല എന്നതാണ്. രാഷ്ട്രീയം മാത്രമാണ് ഇവിടെ വിഷയമാകുന്നത്. സര്‍ക്കാരുകള്‍ മാറിമാറി വരുന്നു എന്നല്ലാതെ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ പോയി ജോലിചെയ്യേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്. വസ്ത്ര-ആഭരണ ശാലകളാണ് ഇവിടെ കൂടുതല്‍.
കേരളത്തില്‍ ധാരാളം ഭൂമിയാണ് തരിശായി കിടക്കുന്നത്. ഇവിടെ കൃഷിയിറക്കാന്‍ സാധിക്കണം. രാഷ്ട്രീയം പറയുന്ന സമയത്ത് കൃഷി ചെയ്താല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: