നിലമ്പൂര്‍: നഗരസഭയിലെ കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിക്ക് കുടുംബശ്രീ മെമ്പര്‍മാരുടെ ഭീഷണി.
ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തികാണിക്കുന്ന എട്ടാം ഡിവിഷന് സ്ഥാനാര്‍ത്ഥി പത്മിനി ഗോപിനാഥിനാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വെല്ലുവിളിയാകുന്നത്. ഇത്തവണ നഗരസഭയുടെ അദ്ധ്യക്ഷസ്ഥാനം വനിതാ സംവരണമാണ്. അതുകൊണ്ട് ആര്യാടന്റെ നോമിനിയായാണ് പത്മിനി മത്സര രംഗത്തേക്കെത്തിയത്. കോണ്‍ഗ്രസിന്റെ ജനശ്രീ പദ്ധതിയുടെ പ്രധാന ചുമതലയിലുള്ള ആളായിരുന്നു പത്മിനി.
നിലമ്പൂരില്‍ കുടുംബശ്രീ ആരംഭിച്ച സമയത്ത് അതിനെ തകര്‍ക്കാന്‍ പത്മിനി ശ്രമിച്ചിരുന്നതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എട്ടാം ഡിവിഷനില്‍ നിശ്ചയിച്ചിരുന്നത് കുടുംബശ്രീ പ്രവര്‍ത്തകയെ ആയിരുന്നു.
എന്നാല്‍ അവസാന നിമിഷം ആര്യാടന് ഇടപെട്ട് പത്മിനിയെ അവരോധിക്കുകയാണുണ്ടായത്.
ഇത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യത്തിന് കാരണമായി.
ഇതിന്റെ അലയൊലികള്‍ സമീപ വാര്‍ഡുകളിലും പ്രതിഫലിക്കുന്നുണ്ട്.
ഇവരുടെ പരാജയം ഉറപ്പാക്കാന്‍ ലീഗിലെ ഒരു വിഭാഗം ശക്തമായ അണിയറ നീക്കം ആരംഭിച്ചിട്ടുണ്ട്. പത്മിനിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിലും വിഭാഗീയതക്ക് കാരണമായിട്ടുണ്ട്. പക്ഷേ ആര്യാടനോടുള്ള ഭക്തിയാല്‍ പുറമെ പ്രകടിപ്പിക്കുന്നില്ലെന്നാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: